-->
ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് ' കാന്താര ചാപ്റ്റര്‍ 1'. 2022ല്‍ പുറത്തിറങ്ങിയ ' കാന്താര' എന്ന ഹിറ്റ് ചിത്രത്തിന്റെ പ്രീക്വല്‍ ആണ് ' കാന്താര ചാപ്റ്റര്‍ 1'. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സസ്‌പെന്‍സ് പുറത്തുവിട്ടിരിക്കുകയാണ് നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസ്. സിനിമയില്‍ ഋഷഭ് ഷെട്ടി ഡബിള്‍ റോളിലാണ് എത്തിയത് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. നായകനായ ബെര്‍മനെ കൂടാതെ മായക്കാരനെയും അവതരിപ്പിച്ചത് ഋഷഭ് ഷെട്ടി തന്നെയാണ്. മായക്കാരനാകുന്ന ഋഷഭിന്റെ മേക്കപ്പ് വീഡിയോയാണ് ഹോംബാലെ ഫിലിംസ് പുറത്തുവിട്ടിരിക്കുന്നത്.
ഓരോ ദിവസവും ആറ് മണിക്കൂറോളം നീണ്ട മേക്കപ്പ് ആണ് ഋഷഭ് മായക്കാരനായി മാറാന്‍ ചെയ്തിരുന്നത്. പ്രോസ്‌തെറ്റിക് മേക്കപ്പ് ധരിച്ച് സീനിന് വേണ്ടതെല്ലാം സെറ്റ് ചെയ്ത ശേഷം സംവിധാനവും അഭിനയവും ഒന്നിച്ചു കൊണ്ടുപോകുന്ന ഋഷഭിനെ വീഡിയോയില്‍ കാണാം. ചിത്രീകരണ തിരക്കുകള്‍ കാരണം ഈ കഥാപാത്രത്തിന് വേണ്ടി മേക്കപ്പ് ആരംഭിക്കുന്നത് പുലര്‍ച്ചെ ഒരു മണിക്കും രണ്ട് മണിക്കുമാണ്.
മേക്കപ്പ് ചെയ്ത് തീരുമ്പോഴേക്കും നേരം പുലരും. പിന്നീട് നേരെ സെറ്റിലേക്ക്. സിനിമയില്‍ ഇടക്കിടയ്ക്ക് മാത്രം പ്രത്യക്ഷപ്പെടുന്നതാണ് ഈ ഫിക്ഷനല്‍ കഥാപാത്രം. വിഎഫ്എക്‌സിലൂടെയാണ് ശരീരം മെലിഞ്ഞ രൂപത്തിലാക്കിയത്.