Saturday, March 14, 2026 Last Updated 15 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 27 Oct 2025 11.23 AM

‘എല്ലാം തുടങ്ങിയത് ഇവിടെ നിന്ന്; ഹോം കമിംഗ്...’ ഷറഫുദ്ദീന്റെ റാസല്‍ഖൈമ പോസ്റ്റ് വൈറല്‍ ; ഒടുവില്‍ രാജകുമാരന്‍ മടങ്ങിയെത്തിയല്ലേ എന്ന് കമന്റുകള്‍

മലയാളത്തിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന താരമാണ് ഷറഫുദ്ദീന്‍. ഇപ്പോഴിതാ തന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന റാസല്‍ഖൈമയില്‍ നിന്നുള്ള പോസ്റ്റ് പങ്കിടുകയാണ് ഷറഫുദ്ദീന്‍.
Sharafudheen, Sharafudheen from Ras Al Khaimah, The Pet Detective movie
Sharafudeen in Ras Al Khaimah (Image Source: Instagram)

2013 ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും ചെയ്ത ‘നേരം’ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനില്‍ അരങ്ങേറ്റം കുറിച്ച താരമാണ് ഷറഫുദ്ദീന്‍. ആദ്യ ചിത്രത്തിലൂടെതന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ അഭിനേതാവാണ് ഷറഫുദ്ദീന്‍. അതിനു ശേഷം താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് ‘പ്രേമം’ സിനിമയിലെ കാമുക വേഷത്തിലൂടെയാണ്. അതിലെ ഗിരിരാജന്‍ എന്ന കഥാപാത്രവും, ‘റാസല്‍ഖൈമയിലെ ആ വലിയ വീട്ടിൽ ആ രാജകുമാരൻ ഒറ്റയ്ക്കായിരുന്നു...’ എന്ന ഡയലോഗും നര്‍മ്മം കലര്‍ന്ന അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. അതിനു ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
സഹനായക വേഷങ്ങളില്‍ നിന്ന് നായകവേഷത്തിലേക്ക് വളര്‍ന്ന താരം ഇന്ന് മലയാളത്തിലെ മുന്‍ നിര നടന്മാരിലൊരാളായി വളര്‍ന്നു നില്‍ക്കുകയാണ്. നായകനായി മാത്രമല്ല വില്ലനായും കയ്യടി നേടിയിട്ടുണ്ട് ഷറഫുദ്ദീന്‍. വരത്തന്‍, അഞ്ചാം പാതിര, പടക്കളത്തിലും വില്ലനായി കയ്യടി നേടിയ താരം തമിഴിലും വില്ലന്‍ വേഷത്തില്‍ തിളങ്ങി. നായകനില്‍ നിന്ന് ‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്ന പക്കാ ഫണ്‍ എന്റര്‍ടെയ്മെന്റ് ചിത്രത്തിലൂടെ ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രവും തിയേറ്ററിലെത്തി.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം തന്നെ പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന പ്രേമം എന്ന ചിത്രത്തിലെ ഗിരിരാജന്‍ കോഴിയെന്ന കഥാപാത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന പോസ്റ്റ് പങ്കിടുകയാണ് ഷറഫുദ്ദീന്‍. തന്നെ പ്രശസ്തനാക്കിയ റാസല്‍ഖൈമയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഷറഫുദ്ദീന്‍ പങ്കുവെച്ചത്.
‘‘എല്ലാം തുടങ്ങിയിടത്ത് നിന്ന് - ഹോം കമിംഗ്...’’ എന്ന ക്യാപ്ഷന്‍ നല്‍കി റാസല്‍ഖൈമ സൈന്‍ ബോര്‍ഡിന്റെയടുത്തു നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവച്ചു. താരം പങ്കുവച്ച പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ രസകരമായ കമന്റുകള്‍ നല്‍കുന്നുണ്ട്.
‘ഒടുവില്‍ ഹോം ടൗണില്‍ എത്തി അല്ലേ..., ഷാർജ ക്രിക്കറ്റ്‌ ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്ന കുട്ടുകാർ എവിടെ, എവിടെ ആ വലിയ വീട് എവിടെ, അവസാനം മടങ്ങി വന്നു ല്ലേ, പകച്ചുപോയ ബാല്യത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം, ജലം അതിന്റെ നാഥനെ കണ്ടെത്തി, ഇവിടെ വെച്ചാണ് ആ ബാല്യം പകച്ചുപോയത്..., റാസല്‍ഖൈമയിലെ വലിയ വീട്ടില്‍ ആ രാജകുമാരന്‍ ഒറ്റയ്ക്കായിരുന്നു എന്ന ഡയലോഗില്‍ പ്രേമത്തിലെ മേരി വീണില്ലെങ്കിലും പ്രേക്ഷകരാകെ അന്ന് വീണു...’ എന്നതടക്കമാണ് കമന്റുകള്‍. കൂടുതല്‍ പേര്‍ക്കും അറിയേണ്ടത് ‘ആ വലിയ വീട്...’ എവിടെ എന്നായിരുന്നു.

പെറ്റ് ഡിറ്റക്ടീവ് എന്ന ചിത്രത്തിലൂടെ നടനായും നിർമാതാവായും ബോക്‌സ്ഓഫീസില്‍ ഗംഭീര പ്രകടനം നടത്തുകയാണ് ഷറഫുദ്ദീന്‍. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന പെറ്റ് ഡിറ്റക്ടീവ് നിറഞ്ഞ സദസ്സിലാണ് ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്.
വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ‘മധുവിധു’വാണ് ഷറഫുദ്ദീന്‍ വരാനിരിക്കുന്ന മറ്റൊരു പ്രൊജക്ട്. പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ ആദ്യമായി ബിഗ് സ്​‍ക്രീനില്‍ നായികയായി എത്തുന്ന ചിത്രം കൂടിയാണ് മധുവിധു.

Ads by Google
Monday 27 Oct 2025 11.23 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW