-->
മിമിക്രി വേദികളിലൂടെ തുടങ്ങി പിന്നീട് അസിസ്റ്റന്റായും അവിടെ നിന്ന് സഹനടനായും പിന്നീട് നായകനടനായും ഉയര്‍ന്ന താരമാണ് ദിലീപ്. തന്റെ മികച്ച അഭിനയത്തിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയുമാണ് ദിലീപ് ജനപ്രിയ നായകനായത്. ദിലീപിന്റെ കരിയറിലേതു പോലെ തന്നെ ഉയര്‍ച്ച താഴ്ചകള്‍ നിറഞ്ഞതായിരുന്നു താരത്തിന്റെ സ്വകാര്യ ജീവിതവും. പ്രണയിച്ച് വിവാഹം ചെയ്ത മഞ്ജു വാര്യരുമായി ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ വേര്‍പിരിയേണ്ടി വന്നു. അതിനു ശേഷം അഭിനേത്രിയായ കാവ്യ മാധവനെ വിവാഹവും ചെയ്തു.
ഇക്കാലയളവിലൊക്കെ ഒരുപാട് വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും പരിഹാസങ്ങളുമൊക്കെ ദിലീപ് നേരിട്ടിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെ ദിലീപിന് കരുത്തായും പിന്തുണയായും നിന്ന ഒരു ശക്തിയുണ്ട്, ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി. അച്ഛന്റെ എല്ലാ താഴ്ചകളിലും കൂട്ടായി മീനാക്ഷിയുണ്ടായിരുന്നു. തന്റെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്തിയത് മീനാക്ഷിയുടെ അചലഞ്ചലമായ പിന്തുണയാണെന്ന് ദിലീപ് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ദിലീപിന്റെ ജന്മദിനത്തില്‍ അച്ഛനൊപ്പമുള്ള ക്യൂട്ട് സെല്‍ഫിക്കൊപ്പം ആശംസകളും നേരുകയാണ് മീനാക്ഷി. വിദേശയാത്രയ്ക്കിടെ പകര്‍ത്തിയ ചിത്രമാണ് മീനാക്ഷി പങ്കിട്ടിരിക്കുന്നത്. ‘‘ഹാപ്പി ബര്‍ത്ത്ഡേ അച്ഛാ...’’ എന്നാണ് ചിത്രത്തിനൊപ്പം മീനാക്ഷി കുറിച്ചിരിക്കുന്നത്.
കുറച്ചുനാളായി പോസ്റ്റുകൾ ഒന്നും പങ്കിടാത്ത മീനാക്ഷി അച്ഛന്റെ പിറന്നാൾ ദിനത്തില്‍ അച്ഛനൊപ്പമുള്ള സ്പെഷ്യല്‍ സെല്‍ഫിക്കൊപ്പം അച്ഛന്റെ പുത്തൻ ചിത്രം ഭഭാബയുടെ വിശേഷങ്ങളും മീനാക്ഷി പങ്കുവച്ചു. അച്ഛനോളം വലുത് മറ്റൊന്നും മീനാക്ഷിക്കില്ലെന്ന് ഇവരെ സ്നേഹിക്കുന്നവർക്ക് ശരിക്കറിയാം. എന്തൊക്കെ വിഷയങ്ങൾ ഉണ്ടായാലും അച്ഛനൊപ്പം നിൽക്കുന്ന മകൾ. മീനാക്ഷി ചിലപ്പോൾ അമ്മയായും ചേച്ചിയായും ഒരു കൂട്ടുകാരിയെ പോലെയുമാണ് ദിലീപിന്. ഏതു പ്രതിസന്ധിഘട്ടത്തിലും ഒപ്പം നില്‍ക്കുന്ന അവരുടെ അച്ഛന്‍ മകള്‍ ബന്ധം സിനിമാ ലോകത്തും ആരാധകര്‍ക്കുമിടയില്‍ എപ്പോഴും നിറയാറുണ്ട്.
ഇതുവരെ വെള്ളിത്തിരയിലെത്തിയിട്ടില്ലെങ്കിലും ഡോ. മീനാക്ഷി ദിലീപ് ഏറ്റവുമധികം താരമൂല്യമുള്ള താരപുത്രിയാണ്. അച്ഛന്റെയും അമ്മയുടെയും ഇപ്പോൾ അമ്മ സ്ഥാനത്തുള്ള കാവ്യയുടെയും പ്രശസ്തി കൊണ്ട് എന്നും വാർത്തകളിൽ മീനാക്ഷി ദിലീപ് നിറഞ്ഞിട്ടുണ്ട്. മീനാക്ഷിയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാവ്യമാധവന്റെ ഡിസൈനര്‍ ബൊട്ടീക്ക് ‘ലക്ഷ്യ’യുടെ മോഡലായി പലപ്പോഴും മീനാക്ഷി എത്താറുണ്ട്. ആ ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മീനാക്ഷിയുടെ ഒരു ചെറിയ വിശേഷം പോലും മലയാളികള്‍ക്ക് ആഘോഷമാക്കാറുണ്ട്.
ഇത്തവണ ദിലീപിന് പ്രതീക്ഷയുടെ വര്‍ഷം കൂടിയാണ്. പ്രിൻസ് ആൻഡ് ഫാമിലി വിജയത്തിനു ശേഷം എത്തുന്ന നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ആക്ഷൻ-ഡ്രൈവ് മാസ്സ് എൻ്റർടെയ്‌നർ ആണ് ‘ഭ ഭ ബ’. ഈ ചിത്രത്തിന്റെ ഒരു മേജർ അനൗണ്സ്മെന്റും ഈ പിറന്നാൾ ദിനത്തിൽ ഉണ്ടാകും എന്നാണ് സൂചന. വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, ബാലു വർഗീസ്, ശരണ്യ പൊൻവണ്ണൻ, സിദ്ധാർത്ഥ് ഭരതൻ, ബൈജു സന്തോഷ്, അശോകൻ, മണിയപ്പൻ എന്നിവരും ഭ ഭ ബ യിൽ ദിലീപിന് ഒപ്പം എത്തുന്നുണ്ട്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നടി നൂറിൻ ഷെരീഫും ഫാഹിം സഫറുമാണ്.
എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി അഭിനയിച്ചത്. ശേഷം സൈന്യം, മാനത്തെക്കൊട്ടാരം തുടങ്ങിയ സിനിമകളിലൂടെ ചെറിയ വേഷങ്ങൾ ചെയ്തു. കല്യാണസൗഗന്ധികം എന്ന സിനിമയിലാണ് ദിലീപ് ആദ്യമായി നായകനായത്.