-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഗോവര്‍ദ്ധന്റെ ബെല്ലാരിയിലെ ജൂവലറിയില്‍ നിന്നും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബംഗലുരുവിലെ ഫ്‌ളാറ്റില്‍ നിന്നും പിടിച്ചെടുത്ത സ്വര്‍ണ്ണം പരിശോധിക്കും. ബെംഗളൂരുവിലും ചെന്നൈയിലും തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം ഉണ്ണികൃഷണന്‍ പോറ്റിയെ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് തിരിച്ചെത്തിച്ചിരുന്നു. 176 ഗ്രാമിന്റെ 9 ആഭരണങ്ങളാണ് ഫ്ലാറ്റില്‍നിന്ന് കണ്ടെടുത്തത്.
പോറ്റിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണനാണയങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. ഉണ്ണികൃഷ്ണന്‍ പോറ്റി സ്മാര്‍ട്ട് ക്രിയേഷന്‍സുമായി നടത്തിയ ഇടപാടുകളും എസ്ഐആടി അന്വേഷിക്കും. സ്പോണ്‍സര്‍ഷിപ്പ് രേഖകളും കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. കാലപ്പഴക്കം നിര്‍ണയിക്കാനുള്ള പരിശോധന യും നടത്തും. പോറ്റിയുടെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ സംബന്ധിച്ചും അന്വേഷണം നടത്തും.
കണ്ടെടുത്ത ഭൂമിയിടപാട് രേഖകള്‍ വിശദമായി പരിശോധി ക്കാനാണ് എസ്‌ഐടിയുടെ നീക്കം. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരി ഗോവര്‍ധന്റെ ജ്വല്ലറിയില്‍നിന്ന് പിടിച്ചെടുത്ത നാനൂറ് ഗ്രാമിലേറെ വരുന്ന സ്വര്‍ണവും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെഗളൂരുവിലെ ഫ്ലാറ്റിലെ സ്വര്‍ണവും പരിശോധിക്കും.
ബെംഗളൂരുവില്‍ വാങ്ങിക്കൂട്ടിയ ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമാണ് രജിസ്റ്റര്‍ ചെയ്തത്. കേരളത്തില്‍ മാത്രമല്ല, ബെംഗളൂരുവിലും ഉണ്ണികൃഷ്ണന്‍ പോറ്റി കോടികളുടെ ഭൂമിയിടപാടുകള്‍ നടത്തിയെന്ന് എസ്ഐടിയുടെ കണ്ടെത്തിയിരുന്നു.
സുഹൃത്തായ രമേശ് റാവുവിനെ മറയാക്കി ബെംഗളൂരുവില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ഏര്‍പ്പാടും പോറ്റിക്കുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗോവര്‍ധന്റെ ശബരിമലയിലെ ഇടപാടുകളും അന്വേഷിക്കും. കേരളത്തിലും തെളിവെടുപ്പ് ഉടന്‍ നടത്താനുള്ള നീക്കത്തിലാണ് എസ്ഐടി.