Saturday, March 14, 2026 Last Updated 22 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 25 Oct 2025 12.08 PM

കസവുമുണ്ടും മേല്‍മുണ്ടും ധരിച്ച് പാലക്കാട് ക്ഷേത്രദര്‍ശനം നടത്തി അജിത്, ഒപ്പം ശാലിനിയും മകന്‍ ആദ്വിക്കും; ശ്രദ്ധ നേടി താരത്തിന്റെ നെഞ്ചിലെ പരദേവതയുടെ ടാറ്റൂ

തെന്നിന്ത്യയുടെ പ്രിയതാരദമ്പതിമാരായ അജിത്തും ശാലിനിയും എവിടെയെത്തിയാലും ആരാധകരത് ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ യാതൊരു ഒച്ചപ്പാടും ബഹളുമില്ലാതെ പാലക്കാട് ക്ഷേത്രദര്‍ശനം നടത്തിയ താരദമ്പതിമാരുടെയും മകന്റെയും ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
Ajithkumar, Shalini Ajithkumar, Aadwik ajith kumar
Ajith, Shalini and son Aadvik visits temple in Palakkad (Image Source: Instagram)

തെന്നിന്ത്യ മുഴുവന്‍ ആരാധകരുളള പവര്‍ കപ്പിള്‍സാണ് അജിത്ത് കുമാറും ശാലിനിയും. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകര്‍ക്ക് പ്രിയങ്കരിയാണ്. കുടുംബിനിയായി ഒതുങ്ങിയ താരം സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട്. ശാലിനിയും അജിത്തും മക്കളായ ആദ്വിക്കും അനൗഷ്കയുമെല്ലാം മലയാളികള്‍ക്ക് ഏറെ പരിചിതരാണ്.
തമിഴ് സിനിമയുടെ പ്രിയ താരമാണെങ്കിലും അജിത് കുമാറിന് മലയാള സിനിമ പ്രേമികള്‍ക്കിടയിലും വലിയൊരു ആരാധക വൃന്ദം തന്നെയുണ്ട്. അതിനു പുറമേ ശാലിനിയെ വിവാഹം ചെയ്ത​തതോടെ കേരളത്തിന്റെ മരുമകനുമായി അജിത്ത്. പക്ഷേ ഇതിനുമപ്പുറം വലിയൊരു ബന്ധം താരത്തിന് കേരളവുമായുണ്ട്. താരത്തിന്റെ അച്ഛൻ പി സുബ്രമണ്യം, കേരളത്തിലെ പാലക്കാട് ജില്ലക്കാരനാണ്. അതുകൊണ്ട് അജിത് കേരളത്തിലെത്തുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കാറുമുണ്ട്.
ഇപ്പോഴിതാ അജിത്തിനും മകനുമൊപ്പം പാലക്കാട് ക്ഷേത്ര ദർശനത്തിനെത്തിയ ശാലിനിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. യാതൊരു ബഹളങ്ങളുമില്ലാതെ സെലിബ്രിറ്റി ഒച്ചപ്പാടുകളില്ലാതെ അങ്ങേയറ്റം സിമ്പിളായതാണ് അജിത് ഭാര്യ ശാലിനിയ്ക്കും മകൻ ആദ്വിക്കിനുമൊപ്പം ക്ഷേത്രത്തിലെത്തിയത്. ശാലിനി തന്നെയാണ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. ‘അനുഗ്രഹപൂർണ്ണമായ ഒത്തുചേരലിന്റെ ദിവസം...’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ക്ഷേത്ര സന്നിധിയില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പോസ്റ്റു ചെയ്തത്. പാലക്കാട്ടെ പെരുവെമ്പ് ഊട്ടുകുളങ്ങര ഭഗവതിക്ഷേത്രത്തിലാണ് ശാലിനിയും അജിത്തും ദർശനം നടത്തിയത്. അജിത്തിന്റെ അച്ഛൻ സുബ്രഹ്മണ്യത്തിന്റെ കുടുംബ ക്ഷേത്രമാണിത്.
അസ്സല്‍ പാലക്കാട്ടുകാരനായി, കസവു മുണ്ടും, അതിന് ചേർന്ന മേല്‍ മുണ്ടും അണിഞ്ഞ അജിത്തിനെയും ​മഞ്ഞ ചുരിദാറില്‍ ശാലിനിയെയും അച്ഛനെപ്പോലെ മുണ്ടും മേല്‍മുണ്ടും ധരിച്ച ആദ്വികിനെയും ചിത്രങ്ങളില്‍ കാണാം. ശാലിനി പങ്കിട്ട ചിത്രങ്ങളില്‍ താരദമ്പതിമാര്‍ ചന്ദനം തൊടുന്നതും ക്ഷേത്രത്തിനു പുറത്ത് നിന്നുള്ള ചിത്രങ്ങളുമുണ്ട്. ചിത്രങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് അജിത്തിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ചെയ്തിരിക്കുന്ന വലിയ ടാറ്റൂവാണ്. പരദേവതയായ ഭഗവതിയുടെ ചിത്രം തന്നെയാണ് അജിത് പച്ച കുത്തിയിരിക്കുന്നത്. ശാലിനി പങ്കിട്ട ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.
കോളിവുഡിലെ സൂപ്പർ സ്റ്റാർ ആണെങ്കിലും പതിവായി കാണാറുള്ള ജീവിത ശൈലിയല്ല താരത്തിനുള്ളത്. കരിയറിനെക്കാളുപരി സ്വകാര്യ ജീവിതത്തിനും സന്തോഷത്തിനും പ്രധാന്യം നല്‍കാറുള്ള അജിത്ത് സോഷ്യല്‍ മീഡിയയില്‍ ഒട്ടും ആക്റ്റീവ് അല്ല. സിനിമകളുടെ പ്രമോഷൻ പരിപാടികളില്‍ പോലും താരം പങ്കെടുക്കാറില്ല. അജിത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകര്‍ അറിയാറുള്ളത് ശാലിനി പങ്കിടാറുള്ള ചിത്രങ്ങളിലൂടെയും വീഡിയോകളിലൂടെയുമാണ്.

ഒരു കാലത്ത് സൂപ്പർ താരങ്ങളേക്കാൾ വലിയ താരമായിരുന്നു ബേബി ശാലിനി. ക്യൂട്ട് ലുക്കും മികച്ച അഭിനയവുമായി പ്രേക്ഷകമനസ്സിലിടം നേടിയ ബേബി ശാലിനി അന്ന​ത്തെക്കാലത്തെ സൂപ്പര്‍ താരങ്ങളെ പോലും നിഷ്പ്രഭരാക്കുന്ന പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്.
ബേബി ശാലിനിയുടെ ഡേറ്റിന് വേണ്ടി നിർമ്മാതാക്കൾ കാത്ത് നിന്നതും ബേബി ശാലിനിക്ക് വേണ്ടിയുള്ള തിരക്കഥകള്‍ എഴുതപ്പെട്ടതും അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
തെന്നിന്ത്യയില്‍ ബാലതാരമായി തിളങ്ങിയിരുന്ന ബേബി ശാലിനി വര്‍ഷങ്ങള്‍ക്കിപ്പുറം നായികയായി എത്തിയപ്പോഴും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. നായികയായി ചുരുക്കം സിനിമകളിലേ അഭിനയിച്ചുള്ളവെങ്കിലും മലയാളത്തിലും തമിഴിലും ശാലിനി ചെയ്ത കഥാപാത്രങ്ങള്‍ ഇന്നും റിപ്പീറ്റഡ് വാല്യൂവുള്ള പ്രേക്ഷകരുടെ ഇഷ്ടസിനിമയാണ്. പിന്നീട് തമിഴകത്തിന്റെ പ്രിയ താരം അജിത്തിനെ വിവാഹം ചെയ്ത ശാലിനി കുടുംബിനിയായി ഒതുങ്ങിക്കൂടി. എങ്കിലും അജിത്തിന്റെ എല്ലാ ഉയര്‍ച്ചകളിലും കരുത്തായും പിന്തുണയായും ശാലിനി ഒപ്പമുണ്ടാകാറുണ്ട്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്വിക്കിന്റെ ഫുട്ബോള്‍ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുന്ന ശാലിനി ആരാധകരുടെ മനം കവരാറുണ്ട്. അടുത്തിടെ, അജിത്തിന്റെ റേസിങ് കാണാൻ എത്തിയ ശാലിനിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു.
1999-ല്‍ ശരണിന്റെ ‘അമർകളം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലില്‍ ചെന്നൈയില്‍ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികള്‍ക്ക് 2008-ല്‍ മകള്‍ അനൗഷ്കയും 2015-ല്‍ മകൻ ആദ്വികും പിറന്നു.
അതേസമയം, ഈ വർഷം രണ്ട് സിനിമകളാണ് അജിത്തിന്റേതായി തിയേറ്ററിലെത്തിയത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ’വിടാമുയർച്ചി’ ഫെബ്രുവരിയില്‍ റിലീസ് ചെയ്തു. എന്നാല്‍, ചിത്രം പ്രതീക്ഷകള്‍ക്ക് ഒത്ത് ഉയർന്നില്ല. അതിനുശേഷം ഏപ്രിലില്‍, ആദിക്ക് രവിചന്ദ്രൻ സംവിധാനം ചെയ്ത ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രമെത്തി. അജിത്ത് ആരാധകര്‍ക്ക് വലിയ സന്തോഷം നല്‍കിയ ചിത്രം വലിയ വിജയമായിരുന്നു. ഈ രണ്ട് ചിത്രങ്ങളിലും അജിത്തിന്റെ നായിക തൃഷയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW