Saturday, March 14, 2026 Last Updated 28 Min 5 Sec ago English Edition
Todays E paper
Ads by Google
Saturday 01 Nov 2025 03.47 PM

‘കരിയറിനിടെ 29 ശസ്ത്രക്രിയകള്‍ക്ക് വിധേയനായി; ഒപ്പം ജീവിക്കാന്‍ എളുപ്പമുള്ള ആളല്ല ഞാന്‍, ശാലിനിയുടെ പിന്തുണയില്ലാതെ ഒന്നും സാധ്യമാകുമായിരുന്നില്ല...’ അജിത്

തമിഴകത്തിന്റെ പ്രിയതാരദമ്പതിമാരാണ് അജിത്കുമാറും ശാലിനിയും. ഇപ്പോഴിതാ ശാലിനിയുടെ പിന്തുണ കൊണ്ടാണ് എല്ലാം സാധ്യമായതെന്നും എല്ലാത്തിനും ശാലിനിയോട് കടപ്പെട്ടിരിക്കുവെന്നും പറയുകയാണ് അജിത്.
Ajithkumar, Shalini Ajithkumar
Ajithkumar about shalini's support (Image Source: Youtube)

തമിഴകത്തിന്റെ പ്രിയതാരമായ അജിത്ത് വര്‍ഷങ്ങളുടെ പ്രയത്നവും നിരന്തരമുള്ള കഷ്ടപ്പാടുകള്‍ക്കും ശേഷമാണ് ഇന്നത്തെ താരരാജാവായി ഉയര്‍ന്നത്. തല അജിത്തെന്ന് ആരാധകര്‍ വിളിക്കാറുള്ള താരത്തിന് ആ വിളി പോലും പലപ്പോഴും അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു പാഷനായി സിനി​മയെ സ്നേഹിക്കുന്ന താരം ഒരു ഫുള്‍-ടൈം റേസിംഗ് ഡ്രൈവർ കൂടിയാണ്. താരത്തിന്റെ ജീവിതപങ്കാളിയായ ശാലിനിയാണ് തനിക്കേറ്റവും പിന്തുണയും കരുത്തും നല്‍കാറുള്ളതെന്ന് അജിത് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ കരിയറിനോടും അതു തന്ന പ്രശസ്തിയോടും താൻ നന്ദിയുള്ളവനാണെങ്കിലും, അതിന് വലിയ ത്യാഗം ആവശ്യമാണെന്ന് പറയുകയാണ് അജിത്. സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞ അജിത് തന്റെ എല്ലാ വിജയങ്ങള്‍ക്കും ശാലിനിയോടാണ് കടപ്പെട്ടിരിക്കുന്നതെന്നും പറഞ്ഞു.
‘‘ഒരുകാലത്ത് തനിക്ക് ശരിയായ രീതിയില്‍ തമിഴ് സംസാരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. എനിക്ക് ഭാഷ ശരിയായി സംസാരിക്കാൻ കഴിഞ്ഞിരുന്നില്ല. എന്റെ തമിഴ് സംസാരശൈലി വേറെയായിരുന്നു. പക്ഷേ പിന്നീട് ഞാനത് ശരിയാക്കിയെടുത്തു. തുടക്കത്തില്‍ എന്റെ പേര് മാറ്റാൻ എന്നോട് പലരും ആവശ്യപ്പെട്ടിരുന്നു. കാരണം അതൊരു സാധാരണ പേരായി അവർക്ക് തോന്നി. പക്ഷേ, എനിക്ക് മറ്റൊരു പേരും വേണ്ടെന്ന് ഞാൻ നിർബന്ധം പിടിച്ചു...’’ അജിത് പറഞ്ഞു.
വിജയിക്കാനുള്ള ആഗ്രഹവും ശരിയായ ടീമിനെ ഉണ്ടാക്കിയതുമാണ് തന്റെ അഭിനയത്തിന്റെ കരിയറിലും റേസിംഗ് കരിയറിലും ഏറെ പ്രധാനപ്പെട്ടതായി മാറിയതെന്നും അജിത് പറഞ്ഞു.
‘‘ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ഞാനെന്റെ ഹൃദയവും ആത്മാവും നല്‍കുന്നു. ധാരാളം വെല്ലുവിളികള്‍ ഉണ്ടായിരുന്നു. ഞാൻ എല്ലാം തരണം ചെയ്തു. റേസിംഗിന്റെ കാര്യത്തിലാണെങ്കില്‍ പോലും. ഒരു കരിയർ പടുത്തുയർത്താൻ ആഗ്രഹിക്കുന്ന 19 വയസ്സുകാരനെപ്പോലെ ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ടാകാം. നിങ്ങള്‍ ശരിയായ ടീമിനെ ഒരുമിപ്പിക്കേണ്ടതുണ്ട്. ഞാൻ പ്രവർത്തിക്കുന്ന സംവിധായകർ, നിർമ്മാതാക്കള്‍, സാങ്കേതിക വിദഗ്ധർ എന്നിവരെയെല്ലാം ലഭിച്ചതില്‍ ഞാൻ വളരെ ഭാഗ്യവാനാണ്. അവരില്‍ നിന്ന് ഞാൻ ഒരുപാട് പഠിക്കുന്നു.
സിനിമകളില്‍ വർക്ക് ചെയ്യുന്നതിനിടെ ഉണ്ടായ അപകടങ്ങളിലും മറ്റുമായി ഞാന്‍ 29 ശസ്ത്രക്രിയകള്‍ക്ക് വിധേയനായിട്ടുണ്ട്. എന്റെ എല്ലാ വിജയത്തിനും അജിത് ഭാര്യ ശാലിനിയോടാണ് കടപ്പെട്ടിരിക്കുന്നത്. ഞാൻ ഒപ്പം ജീവിക്കാൻ എളുപ്പമുള്ള ഒരാളാണെന്ന് തോന്നുന്നില്ല. ഞാൻ അവളെ വളരെയധികം ബുദ്ധിമുട്ടിച്ചിട്ടുണ്ട്, പക്ഷേ അവള്‍ വലിയ പിന്തുണ നല്‍കി. കുട്ടികള്‍ വരുന്നതുവരെ അവള്‍ എന്റെ റേസുകള്‍ക്കായി എന്നോടൊപ്പം യാത്ര ചെയ്യുമായിരുന്നു. അവളുടെ പിന്തുണയില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല.'
പ്രശസ്തിയ്ക്കും വിജയങ്ങള്‍ക്കുമിടയില്‍, കുടുംബത്തോടൊപ്പമുള്ള പ്രധാനപ്പെട്ട സമയം ഉള്‍പ്പെടെ, പലതും ത്യജിക്കാൻ നിർബന്ധിതനായിട്ടുണ്ട്. ഞാൻ മിക്കപ്പോഴും എന്റെ വീട്ടില്‍ ഒതുങ്ങി കഴിയുകയാണ്. എനിക്ക് ലഭിക്കുന്ന എല്ലാ സ്നേഹത്തിനും ആരാധകരോട് ഞാൻ കടപ്പെട്ടിരിക്കുന്നു, എന്നാല്‍ ആ സ്നേഹം കാരണം എനിക്ക് കുടുംബത്തോടൊപ്പം പുറത്തു പോകാൻ കഴിയില്ല. മകനെ സ്കൂളില്‍ കൊണ്ടുപോകാൻ എനിക്ക് കഴിയില്ല. വളരെ വിനയത്തോടെ എന്നോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ട സന്ദർഭങ്ങളുണ്ട്. സൗകര്യങ്ങളുടെയും നല്ല ജീവിതശൈലിയുടെയും കാര്യത്തില്‍, പ്രശസ്തി നിങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ നല്‍കുന്നു, പക്ഷേ നിങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങള്‍ അത് എടുത്തുമാറ്റുന്നു...’’ അജിത് പറഞ്ഞു. തന്റെ കരിയർ, പ്രശസ്തി, പ്രത്യാഘാതങ്ങള്‍, കുടുംബം എന്നിവയെക്കുറിച്ച്‌ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് അജിത് മനസ്സുതുറന്നത്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് തെന്നിന്ത്യന്‍ താരമായ ശാലിനി അജിത്തിനെ വിവാഹം ചെയ്ത് കുടുംബിനിയായത്. പിന്നീട് ബിഗ് സ്ക്രീനിലേക്ക് ശാലിനി മടങ്ങിവന്നിട്ടില്ല. അജിത്തിന് കരുത്തും പിന്തുണയും നല്‍കി മക്കള്‍ക്ക് വേണ്ടി താരം സെലിബ്രിറ്റി ലൈഫ് മാറ്റിവച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരപത്നി തന്റെ എല്ലാ വിശേഷങ്ങളും ചിത്രങ്ങളും അതിലൂടെ പങ്കിടാറുണ്ട്. അജിത്തിന്റെ വിശേഷങ്ങള്‍ പോലും ആരാധകര്‍ കൂടുതലായി അറിയുന്നത് ശാലിനി പങ്കിടുന്ന പോസ്റ്റുകളിലൂടെയാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW