-->
കേന്ദ്രഫണ്ട് കേരളത്തിന്റെ അവകാശമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പി.എം.ശ്രീയുടെ നിബന്ധനകള്‍ക്ക് സിപിഎം എതിരാണ്. എന്നാല്‍ ഫണ്ട് വാങ്ങേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. സി.പി.ഐയുമായി ചര്‍ച്ചചെയ്ത് പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു. പലനിബന്ധനകളും വെച്ച് ഫണ്ട് തടയുകയാണ്. എണ്ണായിരത്തോളം കോടി രൂപ ലഭിക്കാനുണ്ട്. സിപിഐ മുന്നണിയിലെ പ്രബലമായ പാര്‍ട്ടിയാണ്. സിപിഐയുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെച്ചതിനാൽ വിദ്യാഭ്യാസ മേഖല സ്തംഭനാവസ്ഥയിലാണെന്നും, ഈ സാഹചര്യത്തിലാണ് ഗതികേടുകൊണ്ട് നിബന്ധനകൾ അംഗീകരിക്കേണ്ടി വന്നതെന്നും ഗോവിന്ദന്‍ വാദിച്ചു. ഫെഡറൽ തത്വങ്ങളെ ലംഘിക്കുന്ന കേന്ദ്ര നിലപാടിനെ ശക്തമായി എതിർക്കുമ്പോഴും, സംസ്ഥാനത്തിന്റെ ഭരണപരമായ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് പ്രവർത്തിക്കേണ്ടിവരും. മുന്നണിക്കുള്ളിലെ എല്ലാ ആശങ്കകളും ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം, പിഎം ശ്രീ പദ്ധതിയെ കേരളത്തിൽ എതിർക്കുകയും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പദ്ധതി നടപ്പാക്കുകയും ചെയ്യുന്ന കോൺഗ്രസിന്റേത് ഇരട്ടത്താപ്പാണെന്നും ഗോവിന്ദന്‍ ആരോപിച്ചു
സംസ്ഥാനങ്ങൾക്കെതിരായി ഒരുതരം സാമ്പത്തിക ഉപരോധം പോലെയാണ് കേന്ദ്ര ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് എം.വി.ഗോവിന്ദന്‍ ആരോപിച്ചു. നെല്ല് സംഭരണം ഉൾപ്പെടെയുള്ള ഇനങ്ങളിൽ കേരളത്തിന് നൽകേണ്ട ആയിരക്കണക്കിന് കോടി രൂപ കേന്ദ്രം തടഞ്ഞുവെക്കുകയാണ്. ഉന്നത വിദ്യാഭ്യാസം, ഭവന നിർമ്മാണം തുടങ്ങിയ മേഖലകളിലും അനാവശ്യ നിബന്ധനകൾ വെച്ച് കേരളത്തെ ബുദ്ധിമുട്ടിക്കുകയാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നയം നടപ്പിലാക്കുന്ന സര്‍ക്കാരാണ് എന്നാണോ കരുതിയിരിക്കുന്നതെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. മുദ്രാവാക്യങ്ങള്‍ നടപ്പിലാക്കുന്നതില്‍ പരിമിതികളുണ്ട്. എല്ലാ വശങ്ങളിലും ആവശ്യമായ ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കും. കൃത്യമായ ഇടപെടല്‍ നടത്തി മുന്നോട്ടുപോകും. കേന്ദ്രത്തിന് വഴങ്ങി എന്ന് പറയുന്നതില്‍ അടിസ്ഥാനമില്ല. രാജ്യത്തെ ജനങ്ങളുടെ പണമാണ്. നരേന്ദ്രമോദിയുടെയോ ബിജെപിയുടെയോ പണമല്ല. വിദ്യാഭ്യാസ മേഖലയില്‍ 1.502 കോടി രൂപയുടെ കുടിശ്ശികയുണ്ട്. കേരള സര്‍ക്കാരാണ് ഇതിന് പണം നല്‍കുന്നത്. കുട്ടികളുടെ യൂണിഫോം, അധ്യാപകരുടെ ശമ്പളം അടക്കം നല്‍കേണ്ടതുണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കേന്ദ്ര-സംസ്ഥാന ബന്ധം എന്ന് പറയുന്നത് ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി അല്ലേയെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ആ നയം തകര്‍ക്കുന്ന ഗവണ്‍മെന്റിന്റെ സമീപനത്തെയാണ് ശക്തമായി എതിര്‍ക്കേണ്ടത്. അത് ശക്തമായി എതിര്‍ത്തുകൊണ്ടുതന്നെ മുന്നോട്ടുപോകും. നിലപാടിനോട് യോജിക്കുന്നില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ ഫണ്ട് ലഭിക്കേണ്ടത് ആവശ്യമാണ്. കടുംപിടുത്തം പിടിച്ച് നില്‍ക്കേണ്ട കാര്യമില്ല. കൂട്ടായ തീരുമാനമെടുക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.