Saturday, March 14, 2026 Last Updated 13 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 22 Oct 2025 03.36 PM

‘കഥ പറഞ്ഞ 10 മിനിറ്റില്‍ മോഹൻലാല്‍ ഓക്കെ പറഞ്ഞു; തീരുമാനിച്ചത് ഒറ്റ ഭാഗം, പിന്നീട് കഥയില്‍ മാറ്റങ്ങളുണ്ടായി; വാലിബന് രണ്ടാം ഭാഗം ഉണ്ടാകില്ല...’ഷിബു ബേബി ജോണ്‍

മോഹന്‍ലാല്‍ നായകനായി എത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ട വാലിബന്‍’ സിനിമ വന്‍ പ്രതീക്ഷകളോടെ തിയേറ്ററില്‍ എത്തിയെങ്കിലും വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഈ സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍.
Mohanlal,  'Malaikotta Valiban', producer shibu baby john
Producer Shibu Baby John about malaikottai vaaliban movie (Image Source: Youtube)

​പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പാന്‍ ഇന്ത്യന്‍ തലത്തിലൊരുങ്ങിയ മോഹന്‍ലാല്‍ നായകനായ ‘മലൈക്കോട്ട വാലിബന്‍’. എന്നാല്‍ വലിയ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രം പക്ഷേ വലിയ തിരിച്ചടിയാണ് നേരിട്ടത്. വന്‍ പരാജയം നേരിട്ട ചിത്രത്തിന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമൊക്കെ നേരിടേണ്ടി വന്നു.
ഇപ്പോഴിതാ ‘മലൈക്കോട്ടൈ വാലിബൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകില്ലെന്ന് പറയുകയാണ് നിർമ്മാതാവ് ഷിബു ബേബി ജോണ്‍. ചിത്രം വലിയ ഹൈപ്പോടെയാണ് തിയറ്ററുകളിലെത്തിയതെങ്കിലും പ്രതീക്ഷിച്ച വിജയം നേടാനായിരുന്നില്ലെന്നും വാലിബന്‍ ഒറ്റ ഭാഗമായി പുറത്തിറക്കാന്‍ തീരുമാനിച്ച സിനിമയാണെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ‘
‘‘വാലിബൻ’ ഒറ്റ ഭാഗമായി പുറത്തിറക്കാൻ തീരുമാനിച്ച സിനിമയായിരുന്നു. സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയാണ് സിനിമയുടെ കഥ അവതരിപ്പിച്ചത്. സംവിധായകൻ കഥ പറഞ്ഞ 10 മിനിറ്റ് കൊണ്ട് മോഹൻലാല്‍ ഓക്കെ പറഞ്ഞു. എന്നാല്‍, ചിത്രീകരണം പുരോഗമിക്കവേ, വിവിധ തടസ്സങ്ങളെയും പ്രതിസന്ധികളെയും തുടർന്ന് കഥയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. ഈ മാറ്റങ്ങളുടെ ഫലമായി, സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കണമെന്ന തരത്തിലുള്ള ഒരു നീക്കം പിന്നീട് ഉണ്ടായി.
ഞാനും മോഹൻലാലും ഉള്‍പ്പെടെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാവരും ഈ നിർദ്ദേശത്തെ എതിർത്തിരുന്നു. ആദ്യ ഘട്ടത്തില്‍ പറഞ്ഞ അതേ കഥയില്‍ സിനിമ പൂർത്തിയാക്കണമെന്നതായിരുന്നു ഞങ്ങളുടെ നിലപാട്. എങ്കിലും, ചില ആശയക്കുഴപ്പങ്ങള്‍ കാരണമായി, സിനിമ രണ്ട് ഭാഗങ്ങളായി ഇറക്കണമെന്ന നിർബന്ധം ശക്തമായി, എന്നാല്‍ അത് പ്രായോഗികമല്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഇതിനിടെ, ചില പ്രശ്നങ്ങളെ തുടർന്ന് ആദ്യ ഘട്ടത്തില്‍ തീരുമാനിച്ച കഥയില്‍നിന്ന് വ്യതിചലനം സംഭവിച്ചു, രണ്ടാം ഭാഗത്തിനുള്ള സൂചനകള്‍ നല്‍കാൻ നിർബന്ധിതരായി സിനിമ അവസാനിപ്പിക്കേണ്ടി വന്നു.
ഈ ഘടകങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ ഉയർന്നതും ഒരു പ്രശ്നമായി മാറി. രണ്ടാം ഭാഗത്തിലേക്ക് പോകാൻ നിർബന്ധിതമായ സാഹചര്യം ഒഴിവാക്കിയിരുന്നെങ്കില്‍ സിനിമ കൂടുതല്‍ മികച്ചതാകുമായിരുന്നു. എന്തായാലും ‘മലൈക്കോട്ടൈ വാലിബൻ’ എന്ന സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകില്ല...’’ ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷിബു ബേബി ജോണ്‍ ഇക്കാര്യം പറഞ്ഞത്.

Ads by Google
Wednesday 22 Oct 2025 03.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW