-->
മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനിയുടെ വേര്‍പാടില്‍ ദുഃഖം രേഖപ്പെടുത്തി സംവിധായകന്‍ പ്രിയദര്‍ശന്‍. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വിയോഗം കേട്ടപ്പോള്‍ ഹൃദയം തകര്‍ന്നുവെന്നാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
' എന്റെ പ്രിയ സുഹൃത്തും മികച്ച നടനുമായ ഗോവര്‍ധന്‍ അസ്രാനി ജി എന്ന ഇതിഹാസത്തിന്റെ വിയോഗ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു.
അദ്ദേഹത്തിന്റെ ഹാസ്യാത്മകമായ സമയം അനുകരിക്കാനാവാത്തത് ആയിരുന്നു, സ്‌ക്രീനിലെ അദ്ദേഹത്തിന്റെ സാന്നിധ്യം എപ്പോഴും പ്രേക്ഷകര്‍ക്ക് ശുദ്ധമായ സന്തോഷം ഉറപ്പുനല്‍കി. ഇന്ന് സിനിമാ ലോകത്തിന് അതുല്യവും ബഹുമുഖവുമായ ഒരു പ്രതിഭയെ നഷ്ടപ്പെട്ടു.
അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചതിന്റെ ഓര്‍മ്മകള്‍ ഞാന്‍ എന്നെന്നും ഓര്‍ക്കും. അദ്ദേഹത്തിന്റെ അവസാന ചിത്രം അക്ഷയ് കുമാറിനും സെയ്ഫ് അലി ഖാനുമൊപ്പമുള്ള എന്റെ വരാനിരിക്കുന്ന ഹിന്ദി ചിത്രമായ ഹൈവാനിലായിരുന്നു എന്നത് വളരെ വേദനാജനകമാണ്. അദ്ദേഹവുമായി പങ്കിട്ട ആ അവസാന നിമിഷം ഇപ്പോള്‍ എന്റെ ഓര്‍മ്മയില്‍ എന്നെന്നേക്കുമായി നിലനില്‍ക്കും. ഓം ശാന്തി' , എന്നാണ് പ്രിയദര്‍ശന്റെ വാക്കുകള്‍.
തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹാസ്യ കഥാപാത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഹിന്ദി സിനിമകള്‍ക്കു പുറമേ നിരവധി ഗുജറാത്തി റിനിമകളിലും അഭിനയിച്ചിട്ടുണ്ട്.