-->
ഈ വര്‍ഷത്തെ ആഘോഷങ്ങളെല്ലാം പര്യവസാനിക്കാന്‍ ഒരുങ്ങുകയാണ്. ഇനി മുന്നിലുള്ളത് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ ഉറ്റുനോക്കുന്ന ക്രിസ്തുമസ് ആണ്. പലയിടത്തും ആഘോഷങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ബലൂണുകളും സമ്മാനങ്ങളും പല നിറങ്ങളിലുള്ള തോരണങ്ങളുംകൊണ്ട് അലങ്കരിച്ച ക്രിസ്മസ് ട്രീകള്‍ ഇനി എവിടെയും കാണാം. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ അലങ്കാരങ്ങള്‍ ഒന്നുമില്ലാതെ തന്നെ ക്രിസ്മസ് ട്രീകള്‍ സ്വയം അലങ്കരിക്കുന്നുണ്ടെന്ന് പറഞ്ഞാലോ? അതും തനി സ്വര്‍ണം കൊണ്ട്. സംഗതി സത്യമാണ്. ക്രിസ്മസ് അലങ്കാരങ്ങള്‍ക്ക് ഉപയോഗിക്കുന്ന നോര്‍വേ സ്പ്രസ് മരങ്ങളില്‍ സ്വര്‍ണമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
മരത്തിന്റെ സൂചി പോലെയുള്ള ഇലകളില്‍ സ്വര്‍ണകണങ്ങള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഇവ വളരുന്ന ഭൂമിക്കടിയില്‍ ഒരു പക്ഷേ വലിയ സ്വര്‍ണനിക്ഷേപം ഉണ്ടാകാം എന്നതിലേക്കാണ് കണ്ടെത്തല്‍ വിരല്‍ ചൂണ്ടുന്നത്. ഫിന്‍ലാന്‍ഡിലെ ഔലു സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞയായ കൈസ ലെഹോസ്മയും സംഘവുമാണ് ഇത് സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. നോര്‍വേ സ്പ്രൂസ് മരങ്ങള്‍ അവയില്‍ സ്ഥിരമായി വസിക്കുന്ന ബാക്ടീരിയകളുടെ സഹായത്തോടെ ശരീരത്തില്‍ സ്വര്‍ണത്തിന്റെ നാനോകണങ്ങളെ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
എന്‍ഡോഫൈറ്റ്‌സ്‌സിംബയോട്ടിക് സൂക്ഷ്മാണുക്കള്‍ എന്നാണ് സ്പ്രൂസ് മരങ്ങളിലെ ഈ ബാക്ടീരിയകള്‍ അറിയപ്പെടുന്നത്. പോഷകങ്ങള്‍ ആഗിരണം ചെയ്യുക, വളര്‍ച്ച ക്രമമാക്കുന്നതിനായി അവ വിതരണം ചെയ്യുക, കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങി പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ഇവ സഹായകമാണ്. ലയിക്കുന്ന തരം സ്വര്‍ണ കണികകളെ സ്പ്രൂസ് മരങ്ങളുടെ വേരുകളിലൂടെ വെള്ളത്തിനൊപ്പം വലിച്ചെടുക്കുന്നു. ഈ കണികകളെ ബാക്ടീരിയകള്‍ വേര്‍തിരിച്ച് ഖര രൂപത്തിലാക്കുകയാണ് ചെയ്യുന്നത്. ജീവജാലങ്ങള്‍ തങ്ങളുടെ ടിഷ്യുവിനുള്ളിലെ ധാതുക്കളുടെ രൂപീകരണം നിയന്ത്രിക്കുന്ന പ്രക്രിയയായ ബയോമിനറലൈസേഷന്റെ ഒരു രൂപമാണ് ഇത്. സ്പ്രൂസ് മരങ്ങളിലെ എന്‍ഡോഫൈറ്റുകള്‍ മരം വലിച്ചെടുക്കുന്നവയിലെ വിഷാംശം കുറയ്ക്കുന്നതിന് വേണ്ടിയാവാം കണികകള്‍ വേര്‍തിരിക്കുന്നത്.
ഇത്തരത്തില്‍ വേര്‍തിരിക്കപ്പെടുന്ന സ്വര്‍ണ കണികകള്‍ മരത്തിന്റെ ശിഖരങ്ങളിലേക്കും ഇലകളിലേക്കും സഞ്ചരിച്ച് കേന്ദ്രീകൃതമാകുന്നു. പഠനത്തിനായി, യൂറോപ്പിലെ ഏറ്റവും വലിയ സ്വര്‍ണ ഉത്പാദക രാജ്യമായ വടക്കന്‍ ഫിന്‍ലന്‍ഡിലെ കിറ്റില ഖനിക്ക് സമീപമുള്ള സ്പ്രൂസ് മരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. 23 സ്പ്രൂസ് മരങ്ങളില്‍ നിന്നുള്ള 138 സൂചി ഇല സാംപിളുകള്‍ പഠന വിധേയമാക്കി. ഇവയില്‍ നാല് മരങ്ങളില്‍ നിന്നുള്ള ഇലകളില്‍ സ്വര്‍ണ നാനോകണങ്ങള്‍ കണ്ടെത്തുകയായിരുന്നു. ചിലയിനം ബാക്ടീരിയകള്‍ സൃഷ്ടിക്കുന്ന ബയോഫിലിമുകളാല്‍ സ്വര്‍ണ നാനോകണങ്ങള്‍ ചുറ്റപ്പെട്ടിരുന്നു എന്നതാണ് ബാക്ടീരിയകളുടെ പങ്കിലേക്ക് വെളിച്ചം വീശിയത്. മരങ്ങളില്‍ സ്വര്‍ണം ഉണ്ടെന്ന് കണ്ടെത്തിയെങ്കിലും അവയുടെ വലുപ്പം അത്രത്തോളം ചെറുതായതിനാല്‍ വേര്‍തിരിച്ചെടുത്ത് സംഭരിക്കാനാവില്ല എന്ന് ഗവേഷകര്‍ പറയുന്നു.