-->
പ്രിയദർശൻ ചിത്രം ഹൈവാന്റെ ചിത്രീകരണ തിരക്കുകളിലാണിപ്പോൾ നടൻ അക്ഷയ് കുമാർ. ഇപ്പോഴിതാ ഫോട്ടോയെടുക്കാനെത്തിയ ഒരു ആരാധകനോട് അക്ഷയ് നടത്തിയ പെരുമാറ്റത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മകൾ നിതാരയ്ക്കൊപ്പം മുംബൈ എയർപോർട്ടിലെത്തിയതായിരുന്നു അക്ഷയ്. നടനെ കണ്ടയുടൻ ഫോട്ടോ എടുക്കാനായി നിരവധി ആരാധകർ അക്ഷയ്‌യുടെ അടുത്തേക്ക് ഓടിവന്നു.
ഫോട്ടോ എടുക്കവേ തോളിലേക്ക് കയ്യിട്ട ഒരു ആരാധകനോട് 'കൈ മാറ്റൂ' എന്ന് അക്ഷയ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആരാധകൻ ഉടനെ തന്നെ തോളിൽ നിന്ന് കൈ മാറ്റുന്നതും നടനൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് പിന്നാലെ നിരവധി പേരാണ് അക്ഷയ് കുമാറിനെ പിന്തുണച്ച് രംഗത്തെത്തുന്നത്.
അക്ഷയ് കുമാർ ചെയ്തത് ശരിയാണെന്നും അനുവാദമില്ലാതെ ഒരാളുടെ തോളിൽ കയ്യിടുന്നത് ശരിയല്ല എന്നാണ് പലരും കുറിക്കുന്നത്. ഇത് നടന്റെ അഹങ്കാരമാണെന്ന തരത്തിലും കമന്റുകൾ ഉയർന്നിരുന്നു. എന്നാൽ നടന്റെ ഭാഗത്ത് തെറ്റില്ലെന്നും ആരായാലും അങ്ങനെ തന്നെ പ്രതികരിക്കുമെന്നും പലരും കുറിക്കുന്നുണ്ട്.
അതേസമയം ഹൈവാനിൽ അക്ഷയ് കുമാറിനൊപ്പം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൽ വില്ലനായാണ് അക്ഷയ് എത്തുക. അക്ഷയ് കുമാറിന്റെ ലുക്ക് അണിയറപ്രവർത്തകർ പുറത്തുവിടുകയും ചെയ്തിരുന്നു. 17 വർഷങ്ങൾക്ക് ശേഷം അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.