Thursday, March 19, 2026 Last Updated 3 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 18 Oct 2025 02.41 PM

പ്രണയബന്ധം തകര്‍ന്നു, സംസാരിക്കാന്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി, വീട്ടുകാരുമായി സംഘര്‍ഷം; കാമുകന്റെ സുഹൃത്തിന് അടിയേറ്റ് ദാരുണാന്ത്യം

arrested

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രണയബന്ധവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ അടിയേറ്റ് ചികിത്സയിലായിരുന്ന കാമുകന്റെ സുഹൃത്തായ യുവാവ് മരിച്ചു. കൊല്ലം സ്വദേശി അമല്‍ ആണ് ഇന്നലെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണമ്പ സ്വദേശികളായ മൂന്നു പേരെ വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തു.

കണ്ണമ്പ എന്ന സ്ഥലത്ത് 14ന് ആണ് സംഭവം. കണ്ണമ്പ സ്വദേശിയായ പെണ്‍കുട്ടിയും കൊല്ലത്തുള്ള മറ്റൊരു യുവാവും തമ്മിലുള്ള പ്രണയബന്ധം തകര്‍ന്നതിനെ ചൊല്ലിയുള്ള സംഘര്‍ഷമാണ് കാമുകന്റെ സുഹൃത്തിന്റെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രണയബന്ധം തകര്‍ന്നതിനു പിന്നാലെ യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഇതേക്കുറിച്ച് സംസാരിക്കാന്‍ വര്‍ക്കല കണ്ണമ്പയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

അതിനിടെ കാമുകന്റെ സുഹൃത്തായ അമലിന് അടിയേല്‍ക്കുകയായിരുന്നു. അന്നു കൊല്ലം കുണ്ടറയിലെ വീട്ടിലേക്കു മടങ്ങിയ യുവാവ് പിറ്റേന്ന് രാവിലെ രക്തം ഛര്‍ദിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് അമല്‍ മരിച്ചത്.

അതിനിടെ തുടക്കത്തില്‍ ആശുപത്രിയില്‍ തെങ്ങില്‍ നിന്ന് വീണാണ് പരിക്ക് ഉണ്ടായതെന്നാണ് പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ അറിയിച്ചു. പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് വര്‍ക്കലയില്‍ വച്ച് അമലിന് അടിയേറ്റ വിവരം ബന്ധുക്കള്‍ പറഞ്ഞത്. തുടര്‍ന്ന് വര്‍ക്കല പൊലീസ് പെണ്‍കുട്ടിയുടെ ബന്ധുക്കളായ മൂന്നു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW