-->
ഞണ്ടുകള്‍ നമ്മുക്ക് ഏറ്റവും സുപരിചിതമായ ജീവികളില്‍ ഒന്നാണ്. കരയിലും വെള്ളത്തിലുമുള്ള ഇവയ്ക്ക് അനേകം സ്പീഷുകളുണ്ട്. എന്നാല്‍ ഇവയില്‍ വളരെ അപൂര്‍വമായി കാണുന്ന ഒരു വിഭാഗമാണ് പ്രിന്‍സസ് ക്രാബ്. തായ്‌ലന്‍ഡിലെ രാജകുമാരിയായ മഹാചക്രി സിരിന്ദോണില്‍ നിന്നാണ് പ്രിന്‍സസ് ക്രാബ് എന്ന പേര് ഈ ഞണ്ടിന് ലഭിച്ചത്. എന്നാല്‍ പൊതുവെ പാന്‍ഡ ക്രാബ് എന്ന പേരിലാണ് ഈ ജീവി അറിയപ്പെടുന്നത്.
പ്രിന്‍സസ് ഞണ്ടുകളില്‍ ചിലതിന് തിളങ്ങുന്ന പര്‍പ്പിള്‍ നിറമാണ്. എന്നാല്‍ ഈ വിഭാഗത്തിലെ എല്ലാ ഞണ്ടുകള്‍ക്കും പര്‍പ്പിള്‍ നിറമില്ലെന്നും വിദഗ്ധര്‍ പറയുന്നു. തായ്‌ലന്‍ഡിലെ ഹോങ് ഓ വെള്ളച്ചാട്ടത്തിനു സമീപം 1986ല്‍ ആണ് പ്രിന്‍സസ് ക്രാബുകളെ ആദ്യമായി കണ്ടെത്തിയത്. ജന്തുശാസ്ത്ര വിദഗ്ധനായ പ്രഫസര്‍ പൈബൂന്‍ നയാതോനും സംഘവുമാണ് കണ്ടെത്തല്‍ നടത്തിയത്. പര്‍പ്പിള്‍ കൂടാതെ വെള്ളയും കറുപ്പും ഇടകലര്‍ന്ന രീതിയിലും മറ്റു ചില നിറങ്ങളിലും ഈ ഞണ്ടുകളെ കാണാറുണ്ട്. ഇവ താമസിക്കുന്ന പരിസ്ഥിതി, പ്രായം മറ്റു ജനിതക പ്രത്യേകതകള്‍ എന്നിവ അനുസരിച്ച് ശരീരനിറം മാറാം.
എന്നാല്‍ അപൂര്‍വജീവികളായ പ്രിന്‍സസ് ക്രാബുകളെ അങ്ങനെയിങ്ങനെയൊന്നും കാണാറില്ല. പക്ഷേ ഇവ പ്രത്യക്ഷപ്പെടുന്നത് പരിസ്ഥിതി ആരോഗ്യകരമായിരിക്കുന്നതിന്റെ ലക്ഷണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെയാണ് ഈ ഞണ്ടുകള്‍ക്ക് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ വളരെ പ്രാധാന്യം കല്‍പിക്കുന്നതും. തായ്‌ലന്‍ഡിലെ ഇപ്പോഴത്തെ രാജാവായ വജ്രലോങ്‌കോണിന്റെ സഹോദരിയും മുന്‍ രാജാവായ ഭൂമിബോല്‍ അതുല്യതേജിന്റെ രണ്ടാമത്തെ മകളുമാണ് ഈ ഞണ്ടുകള്‍ക്കു പേരു കിട്ടാന്‍ കാരണക്കാരിയായ ഹാചക്രി സിരിന്ദോണ്‍. ഇപ്പോള്‍ 70 വയസ്സുള്ള ഇവര്‍ തായ്‌ലന്‍ഡിലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയുമാണ്. ഡോക്ടറേറ്റ് പഠനം പൂര്‍ത്തീകരിച്ചിട്ടുമുണ്ട് ഇവര്‍.