-->
കുഞ്ഞന്‍ ഞണ്ടുകളെ നാം കണ്ടിട്ടുണ്ടെങ്കിലും ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഞണ്ടായി അറിയപ്പെടുന്നത് ജാപ്പനീസ് സ്‌പൈഡര്‍ ക്രാബ് എന്ന ഞണ്ടാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ജപ്പാനിലെ സമുദ്രമേഖലയിലാണ് ഇവ കാണപ്പെടുന്നത്. 13 അടിവരെയാണ് ഇവയുടെ കാലുകള്‍ തമ്മിലുള്ള വിരിവ്. 18 കിലോ വരെ ഭാരവും ഇവയ്ക്കു വയ്ക്കാം. ചത്ത കക്കകളും മീനുകളുമൊക്കെയാണ് ഈ ഞണ്ടുകളുടെ പ്രധാന ആഹാരം. ഏകാന്തമായി ജീവിക്കുന്ന ഇവ പ്രജനന കാലത്തു മാത്രം കൂട്ടം കൂടും.
മറ്റൊരു വമ്പന്‍ ഞണ്ട് ടാസ്മാനിയന്‍ ജയന്റ് ക്രാബാണ്. 9 കിലോയ്ക്കു മേലാണ് ഇവയുടെ ഭാരം. കരയില്‍ ജീവിക്കുന്ന ഞണ്ടുകളില്‍ ഏറ്റവും വലുപ്പമുള്ളത് കോക്കനട്ട് ലാന്‍ഡ് ക്രാബാണ്.തേങ്ങകള്‍ കടിച്ചുപൊട്ടിക്കാനുള്ള കഴിവുള്ളതിനാലാണ് ഇവയ്ക്ക് ആ പേര് ലഭിച്ചത്. ചാള്‍സ് ഡാര്‍വിന്‍ ഭീകരര്‍ എന്നു വിശേഷിപ്പിച്ച ഈ ഞണ്ടുകള്‍ വലിയ പക്ഷികളെയും എലികള്‍ പോലെയുള്ള ജീവികളെയുമൊക്കെ ഇര പിടിക്കാന്‍ ശേഷിയുള്ളവയാണ്. തങ്ങളുടെ ഇരകളുടെ അവശിഷ്ടങ്ങള്‍ ദൂരത്തേക്കു വഹിച്ചുകൊണ്ടുപോകാന്‍ ഇവയ്ക്കു കഴിയും.