-->
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ സ്‌കൂളില്‍ തടഞ്ഞ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. അന്യായമായി തടഞ്ഞു വെച്ചതിനാണ് കേസ്. പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്ഐആറില്‍ പറയുന്നു. നെടുവത്തൂര്‍ ഈശ്വരവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരനെതിരേയാണ് കേസ്.
സുരക്ഷാജീവനക്കാരന്‍ ശങ്കരനെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്തത്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ മാനഹാനിക്ക് കാരണമായെന്നുമാണ് കേസില്‍ പറയുന്നത്.
ഇന്നലെ രാവിലെ ഒമ്പത് മണിക്കായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ടാണ് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിച്ചത്. സ്‌കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശമായിരുന്നെന്നാണ് ആരോപണം.
വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു. അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ മാനേജരുടെ വിശദീകരണം. സ്‌കൂളിലേക്ക് ഉച്ച ഭക്ഷണത്തിന് വേണ്ടുന്ന മുട്ടയുമായി ഓട്ടോയില്‍ വന്നപ്പോഴാണ് തടഞ്ഞതെന്നും മറ്റ് അധ്യാപികമാര്‍ക്കെല്ലാം മാനേജരെ ഭയമാണെന്നും അധ്യാപിക പറഞ്ഞിരുന്നു.