Thursday, March 12, 2026 Last Updated 33 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Oct 2025 11.07 AM

ഹിജാബ് വിവാദത്തില്‍ കോടതി ഉത്തരവിന് കാത്തിരിക്കുന്നു; തല്‍്ക്കാലം ടി സി വാങ്ങുന്നില്ലെന്ന് കുട്ടിയുടെ അഭിഭാഷകന്‍

uploads/news/2025/10/806772/school.jpg

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ ഹിജാബ് വിവാദത്തില്‍ തുടര്‍ച്ചയായ അവധിക്ക് ശേഷം സ്‌കൂള്‍ ഇന്ന് തുറന്നു. ടി.സി. വാങ്ങിപ്പോകാനുള്ള ഉദ്ദേശം തല്‍ക്കാലം കുട്ടി മാറ്റി വെച്ചിരിക്കുകയാണ്. ഹൈക്കോടതി കേസ് വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെ ഉത്തരവ് അറിഞ്ഞ ശേഷം മതി തീരുമാനമെന്ന നിലപാടിലാണ് കുട്ടിയെന്നാണ് അഭിഭാഷകന്‍ നല്‍കുന്ന വിവരം.

സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇപ്പോള്‍ ഹിജാബ് ധരിച്ച് സ്‌കൂളില്‍ പോകാനാകുമെങ്കിലും സമവായത്തില്‍ പ്രശ്‌നം പരിഹരിച്ച ശേഷം മതി തുടര്‍ന്നുള്ള പഠനമെന്നതാണ് കുടുംബത്തിന്റെ നിലപാടെന്നും സാമൂഹിക സംഘര്‍ഷം ഉണ്ടാക്കാന്‍ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഹൈക്കോടതി തീര്‍പ്പുകല്‍പിക്കും വരെ കുട്ടി ടി സി വാങ്ങില്ലെന്ന് അഭിഭാഷകന്‍ പറഞ്ഞു. സമവായത്തിന്റെ അന്തരീക്ഷം ഉണ്ടായാല്‍ മാത്രമേ കുട്ടി അതേ സ്‌കൂളില്‍ തുടര്‍ന്ന് പഠിക്കൂവെന്നും അഡ്വ. അമീന്‍ ഹസന്‍ കൂട്ടിച്ചേര്‍ത്തു.

സ്‌കൂള്‍ നിയമങ്ങള്‍ പാലിച്ച് വന്നാല്‍ കുട്ടിക്ക് വിദ്യാഭ്യാസം നല്‍കാന്‍ തയ്യാറാണെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞത്. എന്നാല്‍ വിദ്യാര്‍ത്ഥി സെന്റ് റീത്താസ് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങുകയാണെന്നായിരുന്നു പിതാവ് അറിയിച്ചിരുന്നത്. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നും നേരത്തേ പിതാവ് അറിയിച്ചിരുന്നു.

ശിരോവസ്ത്രം ധരിച്ച് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിയെ പുറത്തുനിര്‍ത്തിയത് വലിയ വിവാദമായിരുന്നു. കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കുകയും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തതോടെയായിരുന്നു സംഭവം പുറത്തറിയുന്നത്. ഹിജാബ് ധരിച്ചതിന്റെ പേരില്‍ കുട്ടിയെ ക്ലാസില്‍ ഇരുത്തിയില്ലെന്നായിരുന്നു ജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW