-->
ഹിപ്പോപ്പൊട്ടാമസുകളെ സംബന്ധിക്കുന്ന പുതിയ കണ്ടുപിടുത്തമാണ് ഇപ്പോള്‍ ഗവേഷകരെപോലും അമ്പരപ്പിച്ചിരിക്കുന്നത്. യൂറോപിന്റെ പ്രീഹിസ്‌റ്റോറിക്ക് വൈല്‍ഡ് ലൈഫിനെ കുറിച്ചെല്ലാ കാര്യങ്ങളും മനസിലാക്കി എന്ന് കരുതിയിരുന്ന ശാസ്ത്രജ്ഞരെ പോലും ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. കറന്റ് ബയോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തലുകളെ കുറിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ന് സബ് സഹാറന്‍ ആഫിക്കയില്‍ മാത്രം കാണപ്പെടുന്ന ഹിപ്പോകള്‍ നമ്മള്‍ വിചാരിക്കുന്നതിലും വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പേ സെന്‍ട്രല്‍ യൂറോപ്പില്‍ ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.
ഇവയുടെ ഫോസില്‍ എല്ലുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഒരു സെമി അക്വാട്ടിക്ക് മൃഗമായ ഹിപ്പോ ജര്‍മനിയിലെ അപ്പര്‍ റൈന്‍ ഗ്രാബെന്‍ എന്നയിടത്ത് 47,000 വര്‍ഷങ്ങള്‍ക്കും 31,000 വര്‍ഷങ്ങള്‍ക്കുമിടയില്‍ ജീവിച്ചിരുന്നത്രേ. അതും അവസാന ഹിമയുഗത്തിന്റെ മധ്യകാലത്ത്. അവസാന ഇന്റര്‍ഗ്ലേഷ്യല്‍ കാലഘട്ടത്തില്‍, അതും 115,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍ട്രല്‍ യൂറോപ്പില്‍ നിന്നും ഇവ അപ്രത്യക്ഷമായി എന്നാണ് കണക്കാക്കിയിരുന്നത്. അതായത് ഇക്കാലം അത്രയും വിശ്വസിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി ഹിമയുഗത്തില്‍ മാമോത്തുകള്‍ക്കും റൈനോകള്‍ക്കും ഒപ്പം ഈ പ്രദേശങ്ങളില്‍ ഹിപ്പോയും വിഹരിച്ചിരുന്നു എന്ന് പുതിയ തെളിവുകള്‍ വിശദീകരിക്കുന്നു.
ദക്ഷിണപടിഞ്ഞാറന്‍ ജര്‍മനിയിലെ കാലാവസ്ഥ പരിസ്ഥിതി വ്യതിയാനങ്ങളെ കുറിച്ച് നടന്ന പഠനത്തിലാണ് അപ്പര്‍ റൈന്‍ ഗ്രാബന്‍ പ്രദേശത്ത് നിന്നും ലഭിച്ച ഫോസിലുകള്‍ പരിശോധിച്ചതും പഠനവിധേയമാക്കിയതും. ഈ പ്രദേശത്ത് ഹിപ്പോകള്‍ അതിവസിച്ചിരുന്നു എന്നതില്‍ നിന്നും പല കാര്യങ്ങളും വ്യക്തമാവുന്നുണ്ട്. യൂറോപ്പില്‍ ഹ്രസ്വവും ചൂടുള്ളതുമായ ഇടവേളകള്‍ വന്നുപോയിരുന്നു എന്നതാണ് ആദ്യം മനസിലാക്കാന്‍. ഈ സാഹചര്യമാണ് ഉഷ്ണമേഖലാ മൃഗങ്ങളെയും ഹിമയുഗത്തിലെ മറ്റ് ജീവികള്‍ക്കൊപ്പം അതിജീവിക്കാന്‍ സഹായിച്ചതിന് പിന്നിലെന്ന് പുത്തന്‍ പഠനം വ്യക്തമാക്കുന്നു.
റേയിഡോ കാര്‍ബണ്‍ ഡേറ്റിങും പുരാതനമായ ഡിഎന്‍എ സ്വീകന്‍സിങും ചേര്‍ത്താണ് ഗവേഷകര്‍ ലഭിച്ച ഫോസിലുകളില്‍ പരിശോധന നടത്തിയത്. ഇതുവഴിയാണ് ഹിമയുഗവുമായുള്ള ഹിപ്പോകളുടെ ബന്ധത്തിന്റെ ചുരുളഴിയുന്നത്. ഇന്നും ജീവിച്ചിരിക്കുന്ന ആഫ്രിക്കന്‍ സ്പീഷീസിലെ ഹിപ്പോകളുമായി ജനിതമായ സാമ്യം ഹിമയുഗത്തിലെ ഹിപ്പോകള്‍ക്കുണ്ടെന്ന് ഡിഎന്‍എ സ്വീകന്‍സിങില്‍ വ്യക്തമായിട്ടുണ്ട്. ചെറുതും ഒറ്റപ്പെട്ടതുമായ കൂട്ടമായാണ് ഇവ ജീവിച്ചിരുന്നത്. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് നശിച്ച ഒരു വലിയ കൂട്ടത്തിന്റെ ഭാഗമായിരുന്നിരിക്കാം ഇവയെന്ന സാധ്യതയുണ്ടെന്നും പഠനം പറയുന്നു. പുതിയ കണ്ടുപിടിത്തത്തോടെ ഹിമയുഗത്തില്‍ എന്തൊക്കെ സാഹചര്യങ്ങളും ജീവികളുമാണ് നിലനിന്നിരുന്നുവെന്ന് ഇനിയും മനസിലാക്കാനുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്.