-->
പത്തനംതിട്ട: മോഷ്ടിച്ചുകൊണ്ടുപോയ ഭഗവാന്റെ ഒരു തരി പൊന്നുപോലും അവശേഷിപ്പിക്കാതെ തിരിച്ചുപിടിക്കുമെന്നും നഷ്ടമായവ തിരികെയെത്തിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. സ്വര്‍ണ്ണക്കൊള്ള വിവാദം ശബരിമലയെ ബാധിച്ചിട്ടില്ലെന്നും ഭംഗിയായി മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം മുന്നോട്ടുപോകുമെന്നും പിഎസ് പ്രശാന്ത് വ്യക്തമാക്കി.
അന്വേഷണം ശരിയായ രീതിയിലാണ് പോകുന്നതെന്ന കാര്യത്തില്‍ സംശയമില്ല. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണം. ഭഗവാന്റെ ഒരു തരി പൊന്നെങ്കിലും മോഷ്ടിച്ചുകൊണ്ട് പോയിട്ടുണ്ടെങ്കില്‍ തിരികെ വരുക തന്നെ ചെയ്യുമെന്നും പറഞ്ഞു. ഇന്നലെയും ഇന്നും ശബരിമലയില്‍ വലിയ തീര്‍ത്ഥാടന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് 50,000 തീര്‍ത്ഥാടകര്‍ വെര്‍ച്ചല്‍ ക്യൂ വഴി ദര്‍ശനത്തിന് ബുക്ക് ചെയ്തു.
ശബരിമല ദര്‍ശനത്തിനുള്ള രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. 22 ന് ഉച്ചയ്ക്ക് ഒരു മണിക്ക് സന്നിധാനത്ത് എത്തും. വൈകുന്നേരത്തോടുകൂടി തിരിച്ചുപോകുമെന്ന് പി എസ് പ്രശാന്ത് അറിയിച്ചു. വിവാദ പശ്ചാത്തലത്തില്‍ പോലും രാഷ്ട്രപതിയുടെ സന്ദര്‍ശനം അഭിമാനം തോന്നുന്ന അഭിമാനവും അതോടൊപ്പം സന്തോഷവും നല്‍കുന്ന കാര്യമാണെന്നും പറഞ്ഞു.