-->
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് മമിത ബൈജു. സഹനായിക വേഷത്തിലൂടെയാണ് മമിതയെ പ്രേക്ഷകര്‍ കണ്ടതെങ്കിലും തിയേറ്റര്‍ വിട്ടിറങ്ങുമ്പോഴും ആ കഥാപാത്രം മനസ്സില്‍ നിര്‍ത്താന്‍ മമിതയുടെ ക്യൂട്ട്നെസ്സിന് കഴിഞ്ഞു. പിന്നീട് മമിതയുടെ നായിക വേഷം പ്രേക്ഷകര്‍ കണ്ടത് പ്രേമലുവിന്റെ വിജയത്തിന് പിന്നാലെയാണ്. ആ സിനിമയാണ് താരത്തിന്റെ കരിയര്‍ ബ്രേക്കായത്.
പ്രേമലുവിന്റെ വിജയത്തോടെ അന്യഭാഷകളിലും തിളങ്ങാന്‍ മമിതയ്ക്ക് കഴിഞ്ഞു. പ്രദീപ് രംഗനാഥനൊപ്പമെത്തുന്ന ഡ്യൂഡ് ആണ് മമിതയുടേതായി റിലീസിനൊരുങ്ങുന്ന തമിഴ് ചിത്രം. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോള്‍ മമിതയും അണിയറപ്രവർത്തകരും.
ഇപ്പോഴിതാ തമിഴില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നത് കൊണ്ടാണ് കൂടുതലും തമിഴ് സിനിമകള്‍ ചെയ്യുന്നതെന്ന് പറയുകയാണ് മമിത. അന്യഭാഷാ സിനിമകളുടെ സെറ്റില്‍ വിവേചനം നേരിടാറില്ലെന്നും വളരെ ഊഷ്മളമായ സ്വാഗതമാണ് അവിടെ നിന്ന് കിട്ടിയതെന്നും പറയുകയാണ് മമിത.
‘‘തമിഴ് പ്രേക്ഷകര്‍ വളരെ ഊഷ്മളമായിട്ടാണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. അത് ഞാന്‍ എല്ലായിടത്തും കണ്ടിട്ടുണ്ട്. എനിക്ക് മാത്രമല്ല മറ്റുള്ളവര്‍ക്കും അത് തോന്നിയിട്ടുണ്ട്. നമുക്ക് കിട്ടുന്ന കൈയടികള്‍ അവരിലൊരാളായി നമ്മളെ ഫീല്‍ ചെയ്യിപ്പിക്കും. നമ്മള്‍ ഒരു ഔട്ട്സൈഡറാണ് എന്നൊരു ഫീല്‍ വരില്ല.
നമ്മൾ ഇവിടെ വർക്കാകുമോ, ശരിയാകുമോ എന്നൊക്കെ നമുക്കുണ്ടാകുന്ന ചെറിയ ഇന്‍സെക്യൂരിറ്റികള്‍ അവര്‍ ഇല്ലാതാക്കും. വളരെ കൂൾ ആക്കും. എനിക്കങ്ങനെ ഒരു നെഗറ്റീവ് എക്സ്പീരിയന്‍സ് ഒരു സ്ഥലത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ല...’’ മമിത ബൈജു പറഞ്ഞു. ഡ്യൂഡിന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുമ്പോഴാണ് മമിത ഇക്കാര്യം പറഞ്ഞത്.