-->
ക്ലാസിക് ടെലിവിഷന്‍ പരമ്പരയായ മഹാഭാരതത്തിലെ കര്‍ണന്റെ കഥാപാത്രത്തിലൂടെ പ്രശസ്തനായ മുതിര്‍ന്ന നടന്‍ പങ്കജ് ധീര്‍ കഴിഞ്ഞ ദിവസമാണ് വിട വാങ്ങിയത്. ദീര്‍ഘകാലമായി കാന്‍സറുമായി പോരാടുകയായിരുന്നു അദ്ദേഹം. സിനിമ, ടെലിവിഷന്‍ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ ധീറിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. നടി ഹേമ മാലിനിയും നടന്റെ വിയോഗത്തില്‍ വൈകാരിക കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
'' ഇന്ന് എനിക്ക് വളരെ പ്രിയപ്പെട്ട ഒരു സുഹൃത്തിനെ നഷ്ടപ്പെട്ടു. ഞാന്‍ പൂര്‍ണമായും തകര്‍ന്നുപോയി. മഹാഭാരത്തിലെ കര്‍ണന്റെ വേഷത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രതിഭാധനനായ നടന്‍ പങ്കജ് ധീര്‍ മരണപ്പെട്ടു. കാന്‍സറുമായുളള കഠിനമായ പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരിച്ചത്. അതിനെ മറികടക്കാന്‍ അദ്ദേഹം ദൃഢനിശ്ചയമെടുത്തിരുന്നു. അദ്ദേഹം എപ്പോഴും എന്നെ പിന്തുണച്ചു. ഞാന്‍ ഏറ്റെടുക്കുന്ന കാര്യങ്ങളില്‍ എന്നെ പ്രോത്സാഹിപ്പിച്ചു. എനിക്ക് അദ്ദേഹത്തെ ആവശ്യമുളളപ്പോഴെല്ലാം എന്റെ കൂടെയുണ്ടായിരുന്നു. എന്റെ ജീവിതത്തിലെ അദ്ദേഹത്തിന്റെ നിരന്തരമായ പിന്തുണയും സാന്നിധ്യവും ഇനി നഷ്ടമാകും. അദ്ദേഹത്തിന്റെ ജീവിതത്തിലെ വെളിച്ചമായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അനിതയെ ഓര്‍ത്ത് എന്റെ ഹൃദയം വേദനിക്കുന്നു' - ഹേമ മാലിനി എഴുതി.
I have lost a very dear friend today and am totally devastated. Pankaj Dheer, always so affectionate, enthusiastic about everything, a talented actor who won audience hearts with his portrayal of Karna in Mahabharat, so full of life, has breathed his last. He passed away after a… pic.twitter.com/8DC51AT6uS— Hema Malini (@dreamgirlhema) October 15, 2025
സഹസംവിധായകനായാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിച്ചത്. സൂഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ചന്ദ്രകാന്ത, ദ ഗ്രേറ്റ് മറാത്താ, യുഗ്, സസുരാല്‍ സിമാര്‍ കാ (പരമ്പര), സനം ബേവഫാ, സഡക്, ബാദ്‌ഷാ, മിസ്‌റ്റര്‍ ബോണ്ട്, നിഷാനാ (സിനിമ) തുടങ്ങിയവയിലും അഭിനയിച്ചു. 'മൈ ഫാദര്‍ ഗോഡ്‌ഫാദര്‍' എന്ന ചിത്രം സംവിധാനം ചെയ്‌തിട്ടുണ്ട്.
2024-ല്‍ പുറത്തുവന്ന 'ധ്രുവ് താര സമയ് സാധി സെ പാരെ' എന്ന പരമ്പരയിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. ഭാര്യ അനിത ധീര്‍ ബോളിവുഡിലെ പ്രശസ്‌ത കോസ്‌റ്റ്യൂം ഡിസൈനര്‍ ആണ്. മകന്‍ നികിതിന്‍ ധീറും മരുമകള്‍ കൃതിക സെന്‍ഗറും ചലച്ചിത്രതാരങ്ങളാണ്.