Saturday, March 14, 2026 Last Updated 9 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Oct 2025 12.12 PM

പറഞ്ഞു പരിഹരിച്ച കാര്യം നോട്ടീസ് നല്‍കി വഷളാക്കി ; മന്ത്രി പ്രശ്‌നം പഠിക്കുക പോലും ചെയ്തിട്ടില്ലെന്ന് സ്‌കൂള്‍

uploads/news/2025/10/805770/school.jpg

കൊച്ചി: പറഞ്ഞു പരിഹരിച്ച പ്രശ്‌നം മന്ത്രി നോട്ടീസ് നല്‍കിയ വഷളാക്കുന്നെന്ന ആരോപണവുമായി ഹിജാബ് വിഷയത്തില്‍ സ്‌കൂള്‍ അധികൃതര്‍. മന്ത്രിയെ പൂര്‍ണ്ണമായി തള്ളിയ സ്‌കൂള്‍ അധികൃതര്‍ ഇപ്പോഴും കുട്ടി തങ്ങളുടെ വിദ്യാര്‍ത്ഥിയാണെന്നും മന്ത്രി വിഷയം പഠിക്കാതെയാണ് ഇടപെട്ടിരിക്കുന്നതെന്നും പറഞ്ഞു. സംഭവത്തില്‍ സ്‌കൂള്‍ കൃത്യമായി വിശീദകരണം നല്‍കിയെന്നുമാണ് വിവരം.

കുട്ടിഹിജാബ് ധരിച്ച് വന്നിട്ടും ക്ലാസ്സില്‍ കയറ്റിയെന്നും സ്‌കൂളിന് ഒരു യൂണിഫോം കോഡ് ഉണ്ടെന്ന് മാത്രമാണ് പറഞ്ഞതെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സത്യങ്ങള്‍ പരിശോധിക്കാതെയുള്ള നോട്ടീസിനെതിരേ കോടതിയില്‍ പോകും. ഓര്‍ഡറില്‍ വാസ്തവിരുദ്ധമായ കാര്യങ്ങളാണ് ഉള്ളതെന്നും സിസിടിവി ദൃശ്യങ്ങള്‍ പോലും പരിശോധിക്കപ്പെട്ടില്ലെന്നും സ്‌കൂള്‍ പറഞ്ഞു.

ഒരുപാട് മുസ്‌ളീം വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളിലുണ്ടെന്നും അവരും സ്‌കൂളിന്റെ നിര്‍ദേശം പാലിക്കുന്നുണ്ടെന്നും പറഞ്ഞു. ഇന്ന് രാവിലെ വന്ന നോട്ടീസില്‍ നിന്നും വിദ്യാഭ്യാസമന്ത്രി കാര്യങ്ങള്‍ വേണ്ടവണ്ണം പഠിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും പറഞ്ഞു. സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയതില്‍ സ്‌കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്.

അതേസമയം എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി പ്രതികരണം നടത്തിയത്. പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. അത് ചെറുതായാലും വലുതായാലും നിഷേധിക്കാന്‍ കഴിയില്ല. സ്‌കൂളിനോട് ഇന്ന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂളില്‍ വര്‍ഗീയത കൊണ്ടുവരുന്നത് തടയാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. സ്‌കൂളിന് യൂണിഫോം കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.

ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്നാണ് തുറന്നത്. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ച സ്‌കൂള്‍ അടച്ചിരുന്നു. വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളി. പിടിഎയുമായോ മാനേജ്മെന്റുമായോ എംപി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.

അവരെ ബോധവല്‍ക്കരിച്ചിട്ടുണ്ടാവാമെന്നാണ് പ്രസിഡന്റ് പറഞ്ഞത്. സ്‌കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇന്ന് മുതല്‍ സ്‌കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിരുന്നു. ഹൈബി ഈഡന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്.

മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്‌കൂളിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പാലിക്കണമെന്നാണ് ആഗ്രഹമെന്നും പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കുട്ടിയുടെ അവകാശങ്ങള്‍പ്പോലെ വിദ്യാഭ്യാസ സ്ഥാപനത്തിനും ചില നിയമാവലി ഉണ്ട്. ഒരാള്‍ക്കായി അത് ഇളവ് ചെയ്യേണ്ടതില്ലല്ലോ. സമവായത്തില്‍ കുട്ടിക്ക് സ്‌കൂളില്‍ പഠനം തുടരാം എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW