-->
റിഷബ് ഷെട്ടി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് കാന്താര. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ സിനിമയില്‍ ഹിന്ദുത്വ പ്രൊപ്പഗാണ്ടയെ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് മറുപടി നല്‍കിയിരിക്കുകയാണ് റിഷബ് ഷെട്ടി. സിനിമയില്‍ ഒരു പ്രത്യയശാസ്ത്രമോ അജന്‍ഡയോയില്ലെന്ന് റിഷബ് ഷെട്ടി പറഞ്ഞു. പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.
'കഥ പറയുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ ഒരിക്കലും പക്ഷപാതപരമാവരുതെന്ന് ചിന്തിക്കാറുണ്ട്. നാടോടിക്കഥകളെക്കുറിച്ചും ഭാരതീയതയെക്കുറിച്ചും വിശ്വാസരീതിയേക്കുറിച്ചും ആളുകളോട് കഥകള്‍ പറയണം. ആ ഘടകങ്ങള്‍ ചേര്‍ത്താണ് കാന്താരയുടെ കഥയുണ്ടാക്കിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ അതീതമായി, സിനിമയില്‍ ഒരു പ്രത്യയശാസ്ത്രമോ അജന്‍ഡയോയില്ല. ഞങ്ങള്‍ കഥപറയുക മാത്രമാണ് ചെയ്തത്. ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടുകയും അവര്‍ അതിനെ അഭിനന്ദിക്കുകയും ചെയ്യുന്നതില്‍ സന്തോഷം,' റിഷബ് ഷെട്ടി പറഞ്ഞു.
'എന്റെ അമ്മ ദൈവത്തെ ആരാധിക്കുന്ന ആളാണ്, ഞാനും അങ്ങനെത്തന്നെയാണ്. ഞങ്ങള്‍ കുടുംബമായി വിശ്വാസികളാണ്. അത് ഞങ്ങളുടെ ജീവിതശൈലിയാണ്. ഷൂട്ടിങ് സ്ഥലത്ത് ഞാന്‍ പൂജ ചെയ്യാറുണ്ട്. ഞങ്ങള്‍ ക്യാമറയെ വണങ്ങിയിട്ടാണ് ഷൂട്ടിങ് തുടങ്ങുന്നത്. 'കാന്താര'യുടെ ലോകത്ത് ധാരാളം കഥകള്‍ പറയാനുണ്ട്, പക്ഷേ അത് എപ്പോള്‍, എങ്ങനെ ചെയ്യുമെന്ന് എനിക്കറിയില്ല,' റിഷബ് ഷെട്ടി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കാന്താര ചാപ്റ്റര്‍ 1 മികച്ച കളഷന്‍ ആണ് നേടുന്നത്. 2022ല്‍ റിഷഭ് ഷെട്ടിയുടെ സംവിധാനത്തില്‍ റിലീസ് ചെയ്ത് വന്‍ വിജയം നേടിയ കന്നഡ ചിത്രമാണ് കാന്താര. കന്നഡയില്‍ ഇറങ്ങിയ ചിത്രം പിന്നീട് മികച്ച അഭിപ്രായം നേടിയതിനെ തുടര്‍ന്ന് വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റി എത്തുകയായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുളള ദേശീയ പുരസ്‌കാരവും റിഷഭിനെ തേടിയെത്തിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് സിനിമ കേരളത്തില്‍ എത്തിക്കുന്നത്.