Friday, March 13, 2026 Last Updated 2 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 13 Oct 2025 08.03 AM

‘ലാലേട്ടാ, രാവണപ്രഭുവിന്റെ റി റിലീസ് മാറ്റിവയ്ക്കാമോ...?’ ഫോണില്‍ വിളിച്ച് അനുവാദം ചോദിച്ച് ഷറഫുദ്ദീന്‍; മാസ്സ് ഡയലോഗില്‍ മറുപടി നല്‍കി ലാലേട്ടന്റെ ശബ്ദം

ആവേശത്തിമിര്‍പ്പോടെയാണ് രാവണുപ്രഭുവിന്റെ റി റിലീസ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ഇതിനിടയില്‍ തന്റെ പുതിയ സിനിമയായ ‘ദ പെറ്റ് ഡിറ്റക്ടീവ്’ന്റെ പ്രൊമോഷന്‍ വീഡിയോ വ്യത്യസ്തമായി അവതരിപ്പിക്കുകയാണ് ഷറഫുദ്ദീന്‍.
Mohanlal, Ravanaprabhu re release, sharafudeen, the pet detective movie
Sharafudeen about Ravanaprabhu Re Release (Image Source: Youtube)

മോഹന്‍ലാല്‍ ഇരട്ടവേഷത്തിലെത്തി രഞ്ജിത്ത് സംവിധാനം ചെയ്ത ‘രാവണപ്രഭു’ 4 കെയില്‍ റി റിലീസ് ചെയ്ത് തിയേറ്ററില്‍ എത്തിയപ്പോള്‍ വമ്പന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. സിനിമാപ്രേമികള്‍ക്കിടയില്‍, വിശേഷിച്ചും നയന്‍റീസ് കിഡ്സിനിടയില്‍ വലിയ ഫാന്‍ ഫോളോവിംഗ് ഉള്ള ചിത്രം നീണ്ട 24 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് കൂടുതല്‍ ദൃശ്യ, ശ്രാവ്യ മികവോടെ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. അഡ്വാന്‍സ് ബുക്കിങ്ങിൽ തന്നെ കളക്ഷനുകൾ വാരിക്കൂട്ടിയ ചിത്രം ബോക്സ് ഓഫീസിലും കുതിക്കുമെന്നുറപ്പായിരുന്നു. രണ്ടാം ദിവസവും രാവണപ്രഭു റെക്കോർഡ് കളക്ഷനോടെയാണ് മുന്നേറുന്നത്. തിയറ്ററുകളിൽ ആരാധകരുടെ ആവേശത്തിരക്കാണ്. ഇതുവരെ 1.42 കോടിയാണ് രാവണപ്രഭുവിന്റെ കളക്ഷൻ.
ഇപ്പോഴിതാ തന്റെ ‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്ന സിനിമയുടെ പ്രൊമോഷനു വേണ്ടി രസകരമായ ഒരു ‘രാവണപ്രഭു’ ട്വിസ്റ്റ് കൊണ്ടു വന്ന ഷറഫുദ്ദീന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഫോണില്‍ മോഹന്‍ലാലിനെ വിളിച്ച് ‘രാവണപ്രഭു’വിന്റെ റിലീസ് മാറ്റി വയ്ക്കാമോ എന്ന് ഷറഫു ​ചോദിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. ‘‘ലാലേട്ടന്റെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം വീഡിയോ പങ്കിട്ടിരിക്കുന്നത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ഷറഫൂദീൻ മോഹൻലാലിനെ ഫോണില്‍ വിളിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തുടർന്ന് രാവണപ്രഭു റിലീസ് തീയതി മാറ്റാമോയെന്ന് മോഹൻലാലിനോട് അഭ്യർഥിക്കുന്നുണ്ട്.
വീഡിയോയില്‍ ഷറഫൂദീൻ ഒരു നമ്പറിലേക്ക് വിളിക്കുന്നത് കാണാം. തുടർന്ന് ഒരാള്‍ കോള്‍ എടുക്കുകയും വിളിക്കുന്നത് ആരാണെന്ന് പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഫോണ്‍ എടുത്ത ആളെ ആന്റണി എന്നാണ് ഷറഫുദ്ദീന്‍ അഭിസംബോധന ചെയ്യുന്നത്. ‘ലാലേട്ടനോട് സംസാരിക്കണം...’ എന്നാണ് ഷറഫുദ്ദീന്‍ ആവശ്യപ്പെടുന്നത്. ‘കൊടുക്കാം...’ എന്ന് പറയുന്ന ആന്റണിയുടെ ശബ്ദത്തിന് ശേഷം, മോഹന്‍ലാലിന്റേതിനോട് സാമ്യമുള്ള ശബ്ദത്തിലൊരാള്‍ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ‘എന്റെ ഒരു പുതിയ സിനിമയുണ്ട്, ​‘ദ പെറ്റ് ഡിറ്റക്ടീവ്’ എന്നാണ് സിനിമയു​ടെ പേര്. എനിക്കൊരു റിക്വസ്റ്റ് ഉണ്ട്. എന്റെ കൈയിലുള്ള പണം മുഴുവന്‍ ചേര്‍ത്ത് കഷ്ടപ്പെട്ടാണ് ചിത്രം നിര്‍മിച്ചത്...’ എന്നാണ് ഷറഫുദ്ദീന്‍ പറയുന്നത്. ‘ഞാനും ആന്റണിയുമെല്ലാം ഇങ്ങനെയാണ് ചെയ്യുന്നത്, മോന്‍ കാര്യം പറയ്’ എന്നാണ് മറുതലയ്ക്കലുള്ള ആള്‍ മറുപടി നല്‍കുന്നത്.
‘ഒക്ടോബര്‍ പത്താം തീയതിയാണ് എന്റെ ചിത്രത്തിന്റെ റിലീസ്. അന്ന് തന്നെയാണ് ലാലേട്ടന്റെ ചിത്രം ‘രാവണപ്രഭു’ റിലീസ് ചെയ്യുന്നത്’ എന്നും ഷറഫു പറയുന്നത്. ‘അതെ...4K റീ- റിലീസ് ചെയ്യുന്നത്’ എന്നാണ് മോഹന്‍ലാലിന്റെ ശബ്ദം പറയുന്നത്. ‘അതെ ലാലേട്ടാ, ഒരു ലാലേട്ടനെപ്പോലും എനിക്ക് താങ്ങാൻ കഴിയില്ല. അപ്പോഴാണ് രണ്ടുലാലേട്ടന്‍ ഒരുമിച്ച്‌ വരുന്നത്. കരിമേഘകെട്ടഴിഞ്ഞുവീണത് എന്റെ നെഞ്ചത്താണ് ലാലേട്ടാ....’ എന്നും ഷറഫുദ്ദീന്‍ പറയുന്നു. ‘അത് രഞ്ജിത്തല്ലേ മോനെ ചെയ്തത്. ഞാനതില്‍ അഭിനയിച്ച​ന്നേയുള്ളൂ. മോനിപ്പോള്‍ പറയുന്നത് രാവണപ്രഭുവിന്റെ റി റിലീസ് ഡേറ്റ് മാറ്റണമെന്നാണോ’ എന്നാണ് മറുതലയ്ക്കല്‍ നിന്നുള്ള മറുപടി. ‘അതെ ലാലേട്ടാ...രാവണപ്രഭു' റീ- റിലീസ് തീയതി മാറ്റാന്‍ പറ്റുമോ...? ’’ എന്നാണ് ഷറഫുദ്ദീന്‍ ചോദിക്കുന്നത്.
അതിനുള്ള മറുപടി മോഹന്‍ലാലിന്റെ ശബ്ദമാണ് പറയുന്നത്. ‘രാവണപ്രഭു’വിലെ തന്നെ ഒരു മാസ്സ് ഡയലോഗാണ് മോനെ ഇതിനുള്ള മറുപടി. ഇത് ഞാൻ ജയിക്കാൻ വേണ്ടി കളിക്കുന്ന കളിയാണ് മോനെ... എല്ലാം മനസ്സിലായല്ലോ മോനെ...ലൈൻ കട്ട്...ലൈൻ കട്ട്...’’ എന്നാണ് മറുപടി. അതിനു ശേഷം ഫോണ്‍കോള്‍ അവസാനിക്കുന്നു. റീലിന്റെ അവസാനം ‘അപ്പോള്‍ നമുക്ക് ഡേറ്റ് മാറ്റാം... ഒക്ടോബര്‍ 16 ആക്കാം...’ എന്ന് ഷറഫുദ്ദീന്‍ പറയുന്നത്. ‘ദ പെറ്റ് ഡിറ്റക്ടീവിന്റെ റിലീസ് ഒക്ടോബർ പതിനാറാം തീയതിയിലേക്ക് മാറ്റിയെന്ന് എഴുതിക്കാണിക്കുകയും ചെയ്യുന്നുണ്ട്.
ആരാധകരും സിനിമാപ്രേമികളും ഇരുകൈയും നീട്ടിയാണ് ഈ പ്രോമോ വീഡിയോയയെ സ്വീകരിക്കുന്നത്. ‘ഷറഫുദ്ദീന്‍ കലക്കി’, ‘ഇതിലും മികച്ച പ്രൊമോഷൻ വേറെയില്ല’, ‘പ്രൊമോഷൻ ചെയ്യാൻ എനിക്ക് ഒരുത്തന്റെയും ആവശ്യമില്ല’ എന്നിങ്ങനെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്.

ഷറഫുദ്ദീൻ പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഷറഫുദ്ദീൻ നിർമ്മിക്കുന്ന ചിത്രം ‘ദ പെറ്റ് ഡിറ്റക്ടീവ്’ വലിയ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒരു പക്കാ ഫണ്‍ എന്റർടൈനർ ആകും സിനിമയെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. ചിത്രത്തിലെ ഷറഫുദ്ദീന്റെ കഥാപാത്രം പ്രേക്ഷകരെ ചിരിപ്പിക്കുമെന്നും ട്രെയ്‌ലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഒക്ടോബർ 16 ന് സിനിമ ആഗോള തലത്തില്‍ തിയേറ്ററുകളിലെത്തും.
കുട്ടികള്‍ ഉള്‍പ്പെടെ എല്ലാത്തരം പ്രേക്ഷകരെയും ആദ്യാവസാനം പൊട്ടിച്ചിരിപ്പിക്കുന്ന ഒരു വിനോദ ചിത്രമായിരിക്കും ഇതെന്നാണ് പറയപ്പെടുന്നത്. കുട്ടികളെ ഏറെ ആകർഷിക്കുന്ന ദൃശ്യങ്ങള്‍ ഇതിലെ ഗാനങ്ങളുടെ ഹൈലൈറ്റ് ആയി മാറിയിട്ടുണ്ട്. സമ്പൂർണ്ണ മൃഗാധിപത്യം എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW