Friday, March 13, 2026 Last Updated 17 Min 37 Sec ago English Edition
Todays E paper
Ads by Google
Sunday 12 Oct 2025 05.43 PM

പൊതുമേഖല ബാങ്ക് ലയനത്തിന് കേന്ദ്രസർക്കാർ; 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാൻ

ആഗോള റാങ്കിങ്ങിൽ 43-ാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്.
uploads/news/2025/10/805280/5.gif
photo - facebook

കൊച്ചി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ വീണ്ടും ലയിപ്പിക്കാനൊരുങ്ങുന്നു. ഇപ്പോഴുള്ള 12 പൊതുമേഖലാ ബാങ്കുകളെ മൂന്നെണ്ണമാക്കി ചുരുക്കാനാണ് പദ്ധതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കനറാ ബാങ്ക്, പഞ്ചാബ് നാഷനൽ ബാങ്ക് എന്നിവയിലേക്കാണ് ബാക്കിയുള്ള വിവിധ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുന്നത്. കേന്ദ്ര സർക്കാർ തലത്തിൽ ഇതിനുള്ള നടപടി തുടങ്ങിയതായാണ് വിവരം. സാമ്പത്തിക വർഷം അവസാനത്തോടെയായിരിക്കും ലയന നടപടികൾ ഔദ്യോഗികമായി ആരംഭിക്കുക.

എസ്.ബി.ഐ ഗ്രൂപ്പിൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഉൾപ്പെടുക. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിന്റെ ഭാഗമാക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലാണ് മൂന്നാമത്തെ ഗ്രൂപ്പ്. ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുക.

ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ള രണ്ട് പൊതുമേഖലാ ബാങ്കുകളെങ്കിലും രാജ്യത്ത് ഉണ്ടാവുക എന്നതാണ് ലയനത്തിന് കേന്ദ്ര സർക്കാർ പറയുന്ന ന്യായം. ലോകത്തെ പ്രധാന 20 ബാങ്കുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നാവണം. 2021ൽ നടപ്പാക്കിയ പുതുക്കിയ പൊതുമേഖലാ സ്ഥാപന നയവും ഈ ലയനത്തിലേക്ക് വഴിയൊരുക്കുന്നതാണ്. ബാങ്കിങ് ഉൾപ്പെടെ പൊതുമേഖലയിൽ സർക്കാരിന്റെ സാന്നിധ്യം പരമാവധി ചുരുക്കുക എന്നതാണ് നയത്തിന്റെ കാതൽ.

അതേസമയം 2019-20 വര്‍ഷത്തിലാണ് ഇതിന് മുമ്പ് രാജ്യത്ത് ബാങ്ക് ലയനം നടന്നത്. 13 പൊതുമേഖലാ ബാങ്കുകള്‍ 5 എണ്ണമായി ലയിച്ചു. ഇത്തരത്തില്‍ ആകെയുണ്ടായിരുന്ന പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 27ല്‍ നിന്ന് 12 ആയി മാറി. ഈ ലയനം പൊതുമേഖലാ ബാങ്കുകളുടെ കരുത്ത് വര്‍ധിപ്പിച്ചു. ആഗോള റാങ്കിങ്ങിൽ 43-ാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2025 മാർച്ചിലെ കണക്ക് പ്രകാരമുള്ള ആസ്തി 66.8 ലക്ഷം കോടിയാണ്. പഞ്ചാബ് നാഷണൽ ബാങ്കിന് 18.2 ലക്ഷം കോടി, ബാങ്ക് ഓഫ് ബറോഡക്ക് 17.8 ലക്ഷം കോടി, കനറാ ബാങ്കിന് 16.8 ലക്ഷം കോടി, യൂണിയൻ ബാങ്കിന് 15 ലക്ഷം കോടി, ബാങ്ക് ഓഫ് ഇന്ത്യക്ക് 10.4 ലക്ഷം കോടി, ഇന്ത്യൻ ബാങ്കിന് 8.7 ലക്ഷം കോടി, സെൻട്രൽ ബാങ്കിന് 4.8 ലക്ഷം കോടി, ഇന്ത്യൻ ഓവർസീസ് ബാങ്കിന് നാല് ലക്ഷം കോടി, ബാങ്ക് ഓഫ് മഹാരാഷ്ട്രക്കും യൂക്കോ ബാങ്കിനും 3.7 ലക്ഷം കോടി, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന് 1.6 ലക്ഷം കോടി എന്നിങ്ങനെയാണ് ആസ്തി.

നിലവില്‍ ആസ്തിയുടെ കാര്യത്തില്‍ എസ്.ബി.ഐ ആഗോള തലത്തില്‍ 43ാം സ്ഥാനത്താണ്. ആകെ ആസ്തിയുടെ കാര്യത്തില്‍ എസ്.ബി.ഐക്കൊപ്പം ആദ്യ 100 സ്ഥാനങ്ങളില്‍ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സിയുമുണ്ട്. ഈ ലിസ്റ്റില്‍ ആദ്യത്തെ 4 സ്ഥാനങ്ങളിലും ചൈനീസ് ബാങ്കുകളാണ്.

Ads by Google
Ads by Google
TRENDING NOW