-->
കോര്‍പറേറ്റ് മേഖലകളില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാറുള്ള വിഷയമാണ്. എട്ടൊമ്പത് മണിക്കൂര്‍ ഓഫീസിലിരുന്ന് ജോലി ചെയ്യുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ഓഫീസ് ജോലികളേക്കാള്‍ കൂടുതലായി പലരും ഇന്ന് തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ജോലികള്‍ ചെയ്യാനോ തങ്ങളുടെ പാഷന്റെ പിറകെ പോകാനോ ഒക്കെ ഇഷ്ടപ്പെടാറുണ്ട്. അങ്ങനെ, യുഎസ്സില്‍ മൂന്നുവര്‍ഷം ഐടി മേഖലയില്‍ ജോലി ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് തിരികെ വന്ന് സ്ട്രീറ്റ് ഫുഡ് വില്‍ക്കാന്‍ ആരംഭിച്ചിരിക്കുകയാണ് ഈ യുവാവ്.
മനീന്ദര്‍ സിംഗ് എന്ന ഈ യുവാവ് മൊഹാലിയിലാണ് സ്ട്രീറ്റ് ഫുഡ് വില്പന ആരംഭിച്ചത്. ഒമര്‍ എന്ന കണ്ടന്റ് ക്രിയേറ്റര്‍ നടത്തുന്ന 'foodler' എന്ന ഇന്‍സ്റ്റഗ്രാം ചാനലിലാണ് മനീന്ദര്‍ സിംഗിനെയും സ്ട്രീറ്റ് ഫുഡ് സ്റ്റാളിനെയും കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ജനുവരിയിലാണ് സിംഗ് നാട്ടിലേക്ക് തിരികെ വന്നത് ശേഷം പഞ്ചാബിലെ മൊഹാലിയില്‍ സ്ട്രീറ്റ് ഫുഡ് വില്പന ആരംഭിക്കുകയായിരുന്നത്രെ. ന്യൂയോര്‍ക്ക് സിറ്റിയിലാണ് ജീവിച്ചിരുന്നത് എന്നതിന്റെ തെളിവായി വീഡിയോയില്‍ സിംഗ് തന്റെ ലൈസന്‍സ് കാണിക്കുന്നത് കാണാം. ടെക്, റീടെയില്‍, ഐടി മേഖലയിലായി 12 വര്‍ഷം സിംഗ് ജോലി ചെയ്തു. മൂന്നുവര്‍ഷം ടെക്കിയായി യുഎസ്സില്‍ ജോലി ചെയ്തു. തന്നെ ഡീപോര്‍ട്ട് ചെയ്തതല്ല എന്നും താന്‍ ജന്മനാട്ടിലേക്ക് തിരികെ വന്നതാണ് എന്നും സിംഗ് പറയുന്നു. മൊഹാലിയിലെ പ്രശസ്തമായ 3B2 സ്ട്രീറ്റിലാണ് സിംഗും ഭാര്യയും തങ്ങളുടെ ഫുഡ് സ്റ്റാള്‍ നടത്തുന്നത്.
ഭക്ഷണം പാകം ചെയ്യുന്നതെല്ലാം ഭാര്യയാണ്. സിംഗ് സ്റ്റാള്‍ നോക്കിനടത്തുകയും വില്പന നടത്തുകയും ചെയ്യുന്നു. ചോറും കറിയും, റൊട്ടി, പക്കോഡ, മാംഗോ ലെസ്സി തുടങ്ങിയവയെല്ലാം ഇവരുടെ കടയില്‍ വില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ഭാര്യ 20 വര്‍ഷമായി പാചകം ചെയ്യുന്നുണ്ട്. അപ്പോള്‍ താനും നാട്ടില്‍ വന്ന് അത് ചെയ്യാമെന്ന് കരുതി എന്നാണ് സിംഗ് പറയുന്നത്. ഭാര്യ രാവിലെ എഴുന്നേറ്റ് പാചകം ചെയ്യും. ഒരു മണിയാകുമ്പോള്‍ ഇവയെല്ലാമായി സിംഗ് കടയിലെത്തുകയും വില്പന തുടങ്ങുകയും ചെയ്യും. മൂന്ന് മണിയാകുമ്പോള്‍ ഭാര്യയും സഹായിക്കാനെത്തും. പുതിയ ബിസിനസ് ആയതിനാല്‍ തന്നെ ലാഭത്തെ കുറിച്ച് പറയാനായിട്ടില്ല എന്നാണ് സിംഗ് പറയുന്നത്.