-->
രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത് 1997ല്‍ റിലീസ് ചെയ്ത ചിത്രമാണ് ഗുരു. സി ജി രാജേന്ദ്ര ബാബു തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, മധുപാല്‍, സിത്താര, കാവേരി, നെടുമുടിവേണു, ശ്രീനിവാസന്‍, ശ്രീലക്ഷ്മി തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നു.
ഇപ്പോഴിതാ ഗുരു റീ റിലീസിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടനും സംവിധായകനുമായ മധുപാല്‍ ആണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
'രാവണപ്രഭു റീ റീലിസ് ചെയ്ത പോലെ അടുത്ത മോഹന്‍ലാല്‍ സിനിമ ഗുരു ആണ്. ഗുരു തിയറ്ററില്‍ വരും. ഇപ്പോഴും സിനിമ യൂട്യൂബിലോ ടിവിയില്‍ എല്ലാം വരുമ്പോള്‍ ഒരുപാട് പേര്‍ ചോദിക്കുന്ന ചോദ്യമാണ് സിനിമ വീണ്ടും ഒന്ന് തിയറ്ററില്‍ ഇറക്കി കൂടെയെന്ന്. എനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്ന കാര്യം ഈ സിനിമയുടെ കഥ ആലോചിക്കുമ്പോള്‍ മുതല്‍ സിനിമയുടെ ഭാഗമായി ഉണ്ടായിരുന്നു എന്നതാണ്.
അന്ന് രാജീവേട്ടന്‍ സിനിമ ചെയ്യുമ്പോള്‍ ആ കണ്ണുകാണാത്തവരുടെ സ്ഥലത്ത് അവര്‍ പാട്ടുകളിലൂടെ സംസാരിക്കുമ്പോള്‍ അവരുടെ ഇന്‍സ്ട്രുമെന്റ് ഉണ്ടാക്കിയിരുന്നു. ആ ഇന്‍സ്ട്രുമെന്റ് വെച്ച് ഫോട്ടോഷൂട്ട് നടത്തിയാണ് ഇളയരാജ സാറിന് കൊടുത്തത്. അതില്‍ നിന്നാണ് ഇളയരാജ സാര്‍ മ്യൂസിക് ഉണ്ടാക്കിയത്.
അതിന്റെ ഫോട്ടോഷൂട്ടില്‍ മുഴുവന്‍ ഞാന്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഞാന്‍ ചെയ്തിട്ടുള്ള സിനിമകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഗുരു. അതുമാത്രമല്ല മലയാളത്തില്‍ ഒരു സിനിമ ആദ്യമായി ഓസ്‌കറിന് പോകുന്നുവെന്നത് ഭാഗ്യമാണ്. ന്യൂയോര്‍ക്കിലെ ഫിലിം സ്‌കൂളില്‍ പഠിപ്പിക്കാന്‍ എടുത്ത് വെച്ചിട്ടുള്ള സിനിമകളില്‍ ഒന്നാണ് അത്',-മധുപാല്‍ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം റീ റിലീസ് ചെയ്ത മോഹന്‍ലാല്‍ ചിത്രം ' രാവണപ്രഭു' വിന് വലിയ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഭുരിഭാഗം തിയേറ്ററുകളിലും ഹൗസ്ഫുളളായി ആണ് രാവണപ്രഭു റീ റിലീസ് ഷോ മുന്നേറുന്നത്.