-->
മലയാളികളുടെ മനസ്സിലെന്നും ബാലാമണിയായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് നവ്യ നായര്‍. കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്ത് വിവാഹിതയായ താരം പിന്നീടൊരു വലിയ ഇടവേളയെടുത്ത ശേഷമാണ് ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. മടങ്ങിവരവില്‍ അഭിനയത്തില്‍ മാത്രമല്ല നൃത്തപരിപാടികളുമായും സജീവമാണ് താരം. മാതംഗി എന്ന തന്റെ നൃത്തവിദ്യാലയത്തിന്റെ പരിപാടികളില്‍ നവ്യ മുഴുകി നില്‍ക്കുകയാണ്. വേദിയില്‍ താരത്തിന്റെ പെര്‍ഫോമന്‍സ് കാണാനും ആസ്വദിക്കാനും ഒരു വലിയ സദസ്സ് തന്നെ എത്താറുണ്ട്.
തന്റെ മകനുമായി ഒരു അമ്മയെന്നതിനുപ്പുറം സൗഹൃദം പോലെയുള്ള ബന്ധമാണ് നവ്യയ്ക്കുള്ളത്. ഏറ്റവും കൂടുതല്‍ തന്നെ സപ്പോര്‍ട്ട് ചെയ്യുന്നതും വിമര്‍ശിക്കുന്നതും ട്രോളുന്നതും മകനാണെന്ന് നവ്യ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ പല കാര്യങ്ങളിലും മകനെ ഉപദേശിക്കാറില്ലെന്ന് പറയുകയാണ് നവ്യ നായര്‍. നര്‍ത്തകി, അഭിനേത്രി എന്നതിലുപരി നവ്യയെക്കുറിച്ച് എപ്പോഴും വരുന്ന ചര്‍ച്ചകളില്‍ ഒന്നാണ് ഒരു അമ്മ എന്നതെന്നും നവ്യ കോണ്‍ഷ്യസായി എന്തെങ്കിലും പേരന്റിംഗ് റൂള്‍ വച്ചിട്ടുണ്ടോ എന്നുമായിരുന്നു അവതാരകയുടെ ചോദ്യം. മോനും താനും തമ്മില്‍ നല്ലൊരു ബോണ്ടിംഗുണ്ടെന്നും പക്ഷേ അതൊരിക്കലും ഫ്രണ്ട്ഷിപ്പ് അല്ലെന്നും പറയുകയാണ് നവ്യ.
‘‘ഇല്ല. പേരന്റിംഗില്‍ ഞാനങ്ങനെ റൂളൊന്നും വയ്ക്കാറില്ല. ഞാനങ്ങനെ മനസ്സ് കൊണ്ട് ചിന്തിക്കാറുള്ള കാര്യം, എനിക്ക് പറ്റാത്തൊരു കാര്യം ഞാനവനോട് ചെയ്യാന്‍ പറയാറില്ല. എനിക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റാത്ത ഒരു കാര്യവും ഞാനവനോട് പറയാറില്ല. ഒരു സിമ്പിള്‍ ഉദാഹരണം പറയാനാണെങ്കില്‍ പണ്ട് ഞാന്‍ ഷൂട്ടിന് പോകുന്ന സമയത്ത് രാവിലെ അച്ഛന്‍ എന്നെ എഴുന്നേല്‍പ്പിക്കാന്‍ നോക്കുമ്പോള്‍, ‘അച്ഛാ, ഒരു രണ്ട് മിനിറ്റ്, അഞ്ച് മിനിറ്റ്’ എന്നൊക്കെ പറഞ്ഞ് ഞാന്‍ മടി പിടിച്ച് കിടന്നുറങ്ങിയിട്ടുണ്ട്.
ഇന്നിപ്പോള്‍ മോനെ വിളിക്കുന്ന സമയത്ത് അമ്മ എന്നോട് വന്ന് കംപ്ലയിന്റ് പറയും, ‘എത്രനേരമായിട്ട് അവനെ വിളിക്കുവാ ധന്യേ, നീ ഇനിയെങ്കിലും അവനോട് നേരത്തെ കിടക്കാന്‍ പറയണം, നേരത്തെ എഴുന്നേല്‍ക്കാന്‍ പറയണം, ഇതൊരു ദിനചര്യ ആക്കണം’ എന്ന്. പക്ഷേ ഞാനൊരിക്കലും അത് പറയില്ല. കാരണം എനിക്കത് പാലിക്കാന്‍ പറ്റിയിട്ടില്ല. അതുകൊണ്ട് ഞാനതു പറയത്തില്ല. ‘പോട്ടെ അമ്മേ...’ എന്ന് പറയും.
നുണ പറയാതിരിക്കാന്‍ ഞാന്‍ കഴിവതും ശ്രമിക്കാറുണ്ട്. വീട്ടിലായാലും പുറത്തായാലും അതെനിക്ക് വലിയ ബുദ്ധിമുട്ടാണ്. എന്നുകരുതി ഞാനതിന് അവനെ നിര്‍ബന്ധിക്കാറില്ല. പക്ഷേ അവന്‍ എന്നെ ട്രോളി ‘സത്യസന്ധ പോകുന്നു, സത്യസന്ധതയുടെ നിറകുടമേ’ എന്നൊക്കെ പറയാറുണ്ട്....
ബേസിക്കലി അവനറിയാം ഞാനങ്ങനെ നുണ പറയാറില്ല എന്ന്. എന്റെ ഏറ്റവും വള്‍നറബിളായ കാര്യം പോലും അവനെന്നോട് ചോദിച്ചാല്‍ ഞാന്‍ സത്യമേ പറയാറുള്ളൂ. അങ്ങനെ ഞാന്‍ എന്റെ പ്രവൃത്തികളിലൂടെ പറയാതെ പറയും, അവനും തിരിച്ച് എന്നോട് സത്യസന്ധത കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന്. ഞാനത് വാക്കുകളിലൂടെ പ്രകടിപ്പിക്കാറില്ല. നീ അങ്ങനെ ആകണമെന്ന് ഞാനവനോട് ഡയറക്ട് പറയാറില്ല. പക്ഷേ അവന്‍ അങ്ങനെയാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഞങ്ങള്‍ക്കിടയില്‍ ഒരു ഫ്രണ്ട്ഷിപ്പില്ല. അങ്ങനെയാകാന്‍ പറ്റുമെന്നും തോന്നുന്നില്ല. അവൻ എന്റെ സുഹൃത്താണെന്ന് ചിന്തിക്കാന്‍ മാത്രമേ എനിക്ക് പറ്റൂ. അവന്‍ എന്റെ സുഹൃത്താണെന്ന് ഞാന്‍ വിശ്വസിച്ചാല്‍ അതൊരു മൂഢസ്വര്‍ഗ്ഗമാണെന്നേ പറയാനാകൂ. ഒരു അമ്മയുടെ പറയണമെന്ന് അവന്‍ വിചാരിക്കുന്ന കാര്യങ്ങളേ അവന്‍ എന്നോട് പറയൂ. അങ്ങനെയല്ലാത്ത ഒരു കാര്യവും അവന്‍ എന്നോട് പറയില്ല. അതിനപ്പുറത്തേക്ക് അവന്‍ എന്നോട് എല്ലാം പറയുന്നുണ്ട്, ഷെയര്‍ ചെയ്യുന്നുണ്ട് എന്ന് വിശ്വസിച്ചാല്‍, ഞാനങ്ങനെ വിചാരിച്ചാല്‍ അതെന്റെ മണ്ടത്തരമാണ്. ഞാനങ്ങനെ വിശ്വസിക്കുന്നില്ല.
ഞാന്‍ എന്റെ അമ്മയോടും അച്ഛനോടും പറയുന്ന കാര്യങ്ങള്‍ക്ക് ഒരു അതിര്‍വരമ്പുണ്ട്, കൂട്ടുകാരിയോട് പറയുന്ന കാര്യത്തിന് അതിര്‍വരമ്പുണ്ട്. ആ ലിമിറ്റ് വച്ചിട്ടാണ് ഞാന്‍ എല്ലാവരോടും സംസാരിക്കുക. അപ്പോ അവനും തിരിച്ച് എന്നോട് ആയിരിക്കില്ലേ...’’ നവ്യ പറയുന്നു. എന്നും നവ്യയുടെ വാക്കുകളും നിലപാടുകളും അഭിപ്രായങ്ങളും ഏറ്റെടുക്കാറുള്ള പ്രേക്ഷകര്‍ നവ്യയുടെ ഈ നിലപാടും ഏറ്റെടുക്കുകയാണ്.