Friday, March 13, 2026 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 10 Oct 2025 01.29 PM

‘നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോ എന്നറിയില്ല; കിറ്റുമായി വരുമ്പോള്‍ മുഖത്തേക്ക് എറിഞ്ഞു കൊടുക്കണം...’ വിവാദപരാമര്‍ശവുമായി സുരേഷ്ഗോപി

അഭിനേതാവില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനായ ശേഷവും പിന്നീട് കേന്ദ്ര സഹമന്ത്രി ആയ ശേഷവും സുരേഷ്ഗോപി പറയുന്ന പല പരാമര്‍ശങ്ങളും വിവാദങ്ങളില്‍ നിറയാറുണ്ട്. ഇപ്പോഴിതാ പാലക്കാട് നടത്തിയ കലുങ്ക് സംവാദത്തിനിടെ സുരേഷ്ഗോപി പറഞ്ഞ കാര്യങ്ങളാണ് വാര്‍ത്തകളില്‍ നിറയുന്നത്.
Suresh Gopi
Suresh Gopi in kalunk debate (Image Source: Youtube)

കരുത്തുറ്റ കഥാപാത്രങ്ങളിലൂ​ടെ പ്രേക്ഷകമനസ്സിലിടം നേടിയ താരമായ സുരേഷ് ഗോപി തൃശൂര്‍ മണ്ഡലത്തില്‍ നിന്ന് ജയിച്ച് എം.പിയായതോടെ വിവാദങ്ങളില്‍ നിറയാന്‍ തുടങ്ങി. കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദപരാമര്‍ശങ്ങള്‍ നടത്തിയാണ് വാര്‍ത്തകളില്‍ നിറയാറുള്ളത്. സാധാരണക്കാരെ കളിയാക്കി സംസാരിക്കുന്നു, മോശമായി പ്രതികരിക്കുന്നു എന്നതടക്കം പലതും വിവാദമായിട്ടുണ്ട്. കലുങ്ക് സംവാദം പരിപാടി നടത്തുന്നതിനിടെ ജനങ്ങളുമായി സംസാരിക്കുമ്പോള്‍ പറയുന്ന പരാമര്‍ശങ്ങളാണ് പലപ്പോഴും വിവാദങ്ങളില്‍ നിറയാറുള്ളത്. മുന്‍പ് നേരത്തെ ശമ്പളം മുഴുവന്‍ ജനങ്ങളുടെ കഞ്ഞി പാത്രത്തിലുണ്ടെന്ന് സുരേഷ്ഗോപി പറഞ്ഞത് വിവാദമായിരുന്നു.
ഇ​പ്പോഴിതാ വീണ്ടും വിവാദ പരാമര്‍ശം ആവര്‍ത്തിക്കുകയാണ് സുരേഷ്ഗോപി. പാലക്കാട് നടത്തിയ ‘കലുങ്ക് സംവാദ’ത്തിനിടെയാണ് നപുംസകം പരാമര്‍​ശം കേന്ദ്രമന്ത്രി നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാർട്ടികള്‍ നല്‍കുന്ന ‘കിറ്റ്’ അവരുടെ മുഖത്തേക്ക് വലിച്ചെറിയണമെന്നും സുരേഷ്ഗോപി ആഹ്വാനം ചെയ്തു.
‘‘ഇത് പ്രജാരാജ്യമാണ്. പ്രജകളാണ് ഇവിടെ രാജാക്കന്‍മാര്‍. ഇത്രയും കാലം ഇത് പറഞ്ഞത് മനസ്സിലാകാത്ത.... ഉണ്ടെങ്കില്‍ മനസ്സിലാക്കിക്കോളൂ. പാലക്കാട് ജില്ല മുഴുവന്‍ കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങള്‍ക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല. പാവപ്പെട്ടവന്റെ മുന്നില്‍ കഞ്ഞിപ്പാത്രമേയുള്ളൂ. കേരളമേ മനസ്സിലാക്കിക്കൊള്ളൂ. സമ്പന്നവര്‍ഗ്ഗം കൂടി മനസ്സിലാക്കിക്കൊള്ളൂ...’’ എന്നാണ് സുരേഷ്ഗോപി പറഞ്ഞത്.
കൂടാതെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണമെന്നും സുരേഷ് ഗോപി പറഞ്ഞു. ‘‘കേരളം നന്നാക്കാനാണ് കലുങ്ക് സംവാദം നടത്തുന്നത്. വിരല്‍ചൂണ്ടി പ്രജകള്‍ സംസാരിക്കണം. ഒരു ആവശ്യങ്ങള്‍ക്കും കലുങ്ക് സംവാദം പരിഗണിക്കില്ല. അതു വെച്ച്‌ കൊയ്ത്ത് നടത്താമെന്ന് മാക്രികള്‍ വിചാരിക്കേണ്ട. നിവേദനം തന്നയാളെ ഞാന്‍ അവഹേളിച്ചു എന്ന് പറയുന്നത് അവരുടെ മാത്രം വ്യാഖ്യാനം. അവഹേളനങ്ങള്‍ക്ക് ഞാന്‍ പുല്ലുവിലയാണ് നല്‍കുന്നത്...രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ട്, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കിറ്റുമായി വന്നാല്‍ അവന്റെയൊക്കെ മുഖത്തെറിയണം...’’ സുരേഷ്ഗോപി പറഞ്ഞു.
ഹിന്ദുമത പഠനത്തിന് സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട യുവതിയോട്, ‘അത് നിങ്ങളുടെ എംഎല്‍എയുടെ വീട്ടില്‍ കയറി ചോദിക്കൂ. ദേവസ്വം ബോര്‍ഡ് ഇടതുപക്ഷത്തിന്റെ കൈയിലാണ്, സര്‍ക്കാരിന്റെ കൈയിലാണ്. സര്‍ക്കാരാണ് വേദപഠനം നടത്തേണ്ടത്. ബി ജെ പി അധികാരത്തില്‍ വന്നാല്‍ മാത്രം എന്നോട് വന്ന് പറഞ്ഞാല്‍ മതി. എംഎല്‍എയുടെ വീട്ടില്‍ കയറി മത പഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപെടണം. ശബരിമലയിലെ സ്വര്‍ണം ചെമ്പാക്കിയവരാണ് സിപിഎം. അതിനാണ് ഭരണം പിടിച്ച്‌ വെച്ചിരിക്കുന്നത്...’പാലക്കാട്ടെ മണ്ണാര്‍ക്കാട് ചെത്തല്ലൂരില്‍ വെച്ചുള്ള നടന്ന കലുങ്ക് സൗഹൃദ വികസന സദസ്സിനിടെയാണ് സുരേഷ് ഗോപി ഈ പരാമർശങ്ങള്‍ നടത്തിയത്.

നേരത്തെ തൃശൂർ ജില്ലയിലെ പുള്ള്, ചെമ്മാപ്പിള്ളി മേഖലകളില്‍ നടന്ന കലുങ്ക് സംവാദത്തില്‍ വെച്ച്‌ ഒരു വയോധികന്റെ നിവേദനം സുരേഷ് ഗോപി നിഷേധിച്ചത് വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തെങ്ങു വീണ് തകർന്ന വീടിന്റെ അറ്റകുറ്റപ്പണിക്ക് സഹായം തേടി പുള്ള് സ്വദേശിയായ തായാട്ട് കൊച്ചുവേലായുധൻ അപേക്ഷ നല്‍കാനെത്തിയിരുന്നു. എന്നാല്‍, നിവേദനം സ്വീകരിക്കാൻ വിസമ്മതിച്ച സുരേഷ് ഗോപി, ‘ഇതൊന്നും എം.പിക്ക് ഉള്ളതല്ല, പോയി പഞ്ചായത്തില്‍ പറയ്...’ എന്ന് പറയുകയായിരുന്നു. ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും വിമർശനങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്തു.
ഇതിനോടുള്ള പ്രതികരണം എന്ന നിലയില്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കലുങ്ക് സംവാദം പരിഗണിക്കില്ലെന്ന് സുരേഷ്ഗോപി ആവർത്തിച്ചു വ്യക്തമാക്കി. നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്ന് പറളിയിലെ പരിപാടിക്ക് മുമ്പ് സംഘാടകർക്ക് നിർദ്ദേശം നല്‍കിയിരുന്നതായും മാധ്യമ വാർത്തകളെ തുടർന്നാണ് ഈ തീരുമാനം എന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

Ads by Google
Ads by Google
TRENDING NOW