-->
മിമിക്രി വേദികളില്‍ കൈയടികള്‍ വാരിക്കൂട്ടി പിന്നീട് മിനിസ്ക്രീനിലേക്കെത്തി പ്രേക്ഷകഹൃദയം നേടിയെടുത്ത് ബിഗ് സ്ക്രീനില്‍ നടനായും സംവിധായകനായുമൊക്കെ തിളങ്ങിയ താരമാണ് രമേഷ് പിഷാരടി. വേദികളെ പിടിച്ചിരുത്തുന്ന സ്പോട്ട് കോമഡിയില്‍ രമേഷ് പിഷാരടിക്കുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. മമ്മൂട്ടി അടക്കം വലിയൊരു സൗഹൃദവലയം തന്നെ മലയാള സിനിമയില്‍ പിഷാരടിക്കുണ്ട്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കിടുന്ന നര്‍മ്മരസം കലര്‍ന്ന പോസ്റ്റുകള്‍ക്ക് നല്‍കുന്ന ക്യാപ്ഷനുകള്‍ താരത്തിന് ക്യാപ്ഷന്‍ സിംഹം എന്നൊരു പേരു കൂടി ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്. ലൈംലൈറ്റിലും സിനിമയുടെ പല മേഖലകളിലും വര്‍ഷങ്ങളായി നിറഞ്ഞു നില്‍ക്കുന്ന പിഷാരടിയുടെ ജന്മദിനം കഴിഞ്ഞ ദിവസമായിരുന്നു. സിനിമാമേഖലയിലടക്കം നിരവധി പേരാണ് താരത്തിന് ആശംസകള്‍ കുറിച്ചത്.
ഇപ്പോഴിതാ പിറന്നാള്‍ ദിനത്തിന്റെ പത്താം നാളില്‍ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി. മലയാള സിനിമയിലെ മനോഹരമായ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന മൂന്നു ചിത്രങ്ങളാണ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. പിറന്നാള്‍ കേക്ക് മുറിക്കുന്ന ചിത്രങ്ങളില്‍ പിഷാരടിയുടെ ഒപ്പമുള്ളത് മെഗാസ്റ്റാര്‍ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ്. ‘‘ആയിരം വർണങ്ങൾ കൂടെ വന്നു...അഴകാർന്നോരാടകൾ നെയ്തു തന്നു...അമാടപെട്ടി തുറന്നു തന്നു....ആകാശം പൂത്തു...’’ എന്ന ക്യാപ്ഷന്‍ നല്‍കി പിഷാരടി പങ്കിട്ട ചിത്രങ്ങളില്‍ എല്ലാവരും ചേര്‍ന്ന് ബര്‍ത്ത്‌ഡേ കളറായി ആഘോഷിക്കുന്നത് കാണാം. പിഷാരടി കേക്ക് മുറിക്കുമ്പോള്‍ ഏറെ സന്തോഷത്തോടെ കയ്യടിക്കുന്ന മമ്മൂട്ടിയെ ചിത്രത്തില്‍ കാണാം.
‘ആരാണ് കുഞ്ചാക്കോ ബോബന്റെയും രമേഷ് പിഷാരടിയും നടുക്ക് നില്‍ക്കുന്ന ചെറിയ പയ്യന്‍...’, ഇന്നത്തെ ദിവസം തൂക്കിയത് മമ്മൂക്കയുടെ ആ ചിരി...’ എന്നതടക്കമാണ് കമന്റുകള്‍. കൂടുതല്‍ പേരും മമ്മൂട്ടിയുടെ ചിരിയെ പ്രശംസിച്ചാണ് കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവരും ചിത്രങ്ങള്‍ക്കു താഴെ രമേഷ് പിഷാരടിക്ക് ആശംസകള്‍ അറിയിക്കുന്നുണ്ട്.
സ്വന്തം ആധാര്‍ കാര്‍ഡ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ് തനിക്ക് പിറന്നാള്‍ ആശംസിച്ചവര്‍ക്ക് പിഷാരടി നന്ദി പറഞ്ഞത്. എന്നാല്‍ ആധാര്‍ കാര്‍ഡിലെ പ്രായം വെളിപ്പെടുത്തുന്ന ഭാഗം മറച്ചുവെച്ചാണ് അത് പങ്കിട്ടത്. പിറന്നാള്‍ ദിനത്തില്‍ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ പങ്കുവയ്ക്കാന്‍ കാണിച്ച പിഷാരടിയുടെ ധൈര്യത്തെ പലരും തമാശരൂപേണ അഭിനന്ദിക്കുകയും ചെയ്തു.
പിഷാരടിക്ക് മമ്മൂട്ടിയുമായുള്ള സൗഹൃദം പലപ്പോഴും ചിത്രങ്ങളിലൂടെയും യാത്രയ്ക്കിടയില്‍ പകര്‍ത്തിയ നിമിഷങ്ങളിലൂടെയും ആരാധകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. പിഷാരടി ആദ്യ സംവിധാനത്തില്‍ നായകന്‍ മമ്മൂട്ടിയായിരുന്നു. ‘മമ്മൂട്ടിയുടെ പിന്നാലെ നടക്കുന്നു...’ എന്നതടക്കം ഈ സൗഹൃദത്തിന് ഒരുപാട് വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഇരുവരും തമ്മിലുള്ള സൗഹൃദത്തെ ബാധിച്ചിട്ടില്ല.
കുഞ്ചാക്കോ ബോബനുമായും പിഷാരടിക്ക് നല്ല അടുപ്പമാണ്. മിക്ക വെക്കേഷന്‍ യാത്രകളിലും ഇവര്‍ ഒരുമിച്ചാണുണ്ടാവുക. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ പങ്കിടുന്ന ചിത്രങ്ങളെല്ലാം വൈറലായി മാറാറുമുണ്ട്.
സിനിമയില്‍ നിന്ന് ചെറിയ ഒരിടവേള എടുത്തിരുന്ന മമ്മൂട്ടി, രോഗത്തില്‍ നിന്നും പൂര്‍ണമായി മുക്തി നേടി സിനിമകളില്‍ വീണ്ടും സജീവമായിരിക്കുകയാണ്. ഈ അവസരത്തില്‍ രമേഷ് പിഷാരടിയുടെ പിറന്നാള്‍ ചിത്രങ്ങളും വൈറലാകുകയാണ്. പിഷാരടിക്കും ഈ വിലയേറിയ സൗഹൃദത്തിനും നിരവധി പേരാണ് ആശംസകള്‍ അറിയിക്കുന്നത്.