-->
നാലു പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അഭിമാനമായി തിളങ്ങി നില്‍ക്കുന്ന താരരാജാവാണ് മോഹന്‍ലാല്‍. ഇക്കഴിഞ്ഞ ദിവസം ഇന്ത്യന്‍ സിനിമയിലെ സമഗ്ര സംഭാവനയ്ക്കുള്ള പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാലിന് കിട്ടിയ സന്തോഷത്തിലാണ് ആരാധകരും സഹപ്രവര്‍ത്തകരും. അതിന്റെ അഭിമാനവും സന്തോഷവുമൊക്കെ സംസ്ഥാന സര്‍ക്കാരുള്‍പ്പടെ എല്ലാവരും ആഘോഷമാക്കുന്നുമുണ്ട്. താരം അഭിനയിക്കുന്ന സിനിമാ സെറ്റിലുള്‍പ്പടെ കേക്ക് മുറിച്ച് ഇത് സെലിബ്രേറ്റ് ചെയ്യുന്നുമുണ്ട്.
ഇപ്പോഴിതാ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം ലഭിച്ച മോഹന്‍ലാലിനെ ആദരിക്കുകയാണ് ഇന്ത്യന്‍ കരസേന. തനിക്ക് കിട്ടിയ ബഹുമതിയുടെ ചിത്രം പങ്കിട്ട് മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുന്നത്. മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടൈ ഭാഗമായിട്ട് 16 വർഷം തികയുന്ന അവസരത്തിലാണ് ആദരം. ഇന്ത്യൻ ആർമി ചീഫിൻറെ കയ്യിൽ നിന്നും ആദരം ഏറ്റുവാങ്ങാൻ കഴിഞ്ഞതിന്റെ സന്തോഷമാണ് മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്. ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് വളരെയധികം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും നിമിഷമാണെന്നും മോഹന്‍ലാല്‍ കുറിച്ചു.
‘‘ഇന്ന്, കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പിവിഎസ്എം, എവിഎസ്എം, ആർമി ആസ്ഥാനത്തേക്ക് വിളിക്കാനുള്ള ബഹുമതി എനിക്ക് ലഭിച്ചു, അവിടെ ഏഴ് ആർമി കമാൻഡർമാരുടെ സാന്നിധ്യത്തിൽ എനിക്ക് സിഒഎഎസ് കമന്റേഷന്‍ കാർഡ് ലഭിച്ചു.
ഓണററി ലെഫ്റ്റനന്റ് കേണൽ എന്ന നിലയിൽ ഈ അംഗീകാരം ലഭിക്കുന്നത് വളരെയധികം അഭിമാനത്തിന്റെയും നന്ദിയുടെയും നിമിഷമാണ്. ഈ ബഹുമതിക്കും അവരുടെ അചഞ്ചലമായ പിന്തുണയ്ക്കും ജനറൽ ഉപേന്ദ്ര ദ്വിവേദിയോടും, മുഴുവൻ ഇന്ത്യൻ സൈന്യത്തോടും, ടെറിട്ടോറിയൽ ആർമിയുടെ എന്റെ മാതൃ യൂണിറ്റിനോടും ഞാൻ അഗാധമായ നന്ദിയുള്ളവനാണ്...ജയ് ഹിന്ദ്...’’ എന്നാണ് മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.
താരരാജാവിന്റെ പോസ്റ്റിന് താഴെ ആശംസകളും സന്തോഷവും കുറിച്ച് നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘രാജ്യത്ത് പട്ടാളത്തിന്റെ ആദരവും ബഹുമതിയും ലഭിച്ച ഒരേയൊരു സിനിമ നടൻ, ഇനി എന്തുണ്ട് ലാലേട്ടാ കീഴടക്കാൻ, ഇന്ത്യാവിൻ പെരുമൈ .... കേരളാവിൻ സ്വത്ത്...’ എന്നതടക്കമാണ് കമന്റുകള്‍.
മോഹൻലാൽ ടെറിട്ടോറിയൽ ആർമിയുടെ ഭാഗമാകുന്നത് 2009ലാണ്. ലെഫ്റ്റനന്റ് കേണൽ പദവിയാണ് മോഹന്‍ലാലിന് ലഭിച്ചത്. ഇന്ത്യൻ ആർമിയിലെ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് മോഹന്‍ലാല്‍.