Saturday, March 14, 2026 Last Updated 9 Min 11 Sec ago English Edition
Todays E paper
Ads by Google
Monday 06 Oct 2025 01.06 PM

‘‘എന്നെക്കുറിച്ച്‌ ആദ്യമായി അല്ല; എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും ഞാന്‍ നന്ദി അറിയിക്കുന്നു...’’അടൂരിന് പരോക്ഷമായി മറുപടി നല്‍കി മോഹന്‍ലാല്‍

ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം മോഹന്‍ലാല്‍ നേടിയ സന്തോഷം സംസ്ഥാന സര്‍ക്കാരും ആഘോഷിച്ചിരുന്നു. ഇപ്പോഴിതാ ആ പരിപാടിയ്ക്കിടെ അടൂര്‍ ഗോപാലകൃഷ്ണന്റെ പറഞ്ഞ പരാമര്‍ശത്തിന് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍.
Mohanlal, Adoor Gopalakrishnan
Mohanlal reply on adoor gopalakrishnan's comment (Image Source: Instagram)

മലയാള സിനിമയുടെ അഭിമാനമായി ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മോഹന്‍ലാലിനെ വാനോളം പുകഴ്ത്തുകയാണ് കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സഹപ്രവര്‍ത്തകരും ആരാധകരുമടക്കം എല്ലാവരും. ഇക്കഴിഞ്ഞ ദിവസം ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടി സംഘടിപ്പിച്ച് സംസ്ഥാന സര്‍ക്കാരും മോഹന്‍ലാലിനെ ആദരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മുതല്‍ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ ചടങ്ങിനിടെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞ പരാമര്‍ശങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ‘രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോള്‍ ഇതുപോലെ ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് മോഹൻലാലിനെ ആദരിക്കുന്നത്. അതിന് നിങ്ങളോടൊപ്പം എനിക്കും സന്തോഷവും അഭിമാനവും ഉണ്ട്...’ എന്നാണ് അടൂര്‍ പറഞ്ഞത്.
എന്നാല്‍ ഇപ്പോഴിതാ അതിനു പരോക്ഷമായി മറുപടി പറയുന്ന മോഹന്‍ലാലിന്റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയും ആരാധകരും ഏറ്റെടുക്കുന്നത്. ‘‘എന്നെക്കുറിച്ച്‌ ആദ്യമായി അല്ല.., ഒരുപക്ഷേ ഒരുപാട് സദസ്സുകളില്‍ അല്ലെങ്കില്‍ പോലും എന്നെപ്പറ്റി സംസാരിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനോടും മറ്റുള്ളവരോടും ഉള്ള നന്ദി ഞാന്‍ അറിയിക്കുന്നു....’’ എന്നാണ് മോഹന്‍ലാല്‍ മറുപടി പ്രസംഗത്തില്‍ ആദ്യം പറഞ്ഞത്. മോഹന്‍ലാലിന്റെ വാക്കുകള്‍ക്ക് നിറഞ്ഞ കൈയടിയാണ് സോഷ്യല്‍ മീഡിയ നല്‍കിയത്. കാരണം ഇതിനു മുമ്പും മോഹന്‍ലാലിനെതിരെ വിവാദമായ പരാമർശങ്ങള്‍ അടൂർ തന്റെ പ്രസംഗങ്ങളില്‍ നടത്തിയിട്ടുണ്ട്.
‘‘ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാന നിമിഷമാണ്. ഇന്ത്യൻ സിനിമാ ലോകത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍, അതിന്റെ സന്തോഷം പങ്കുവെക്കാനായി സ്വന്തം നാട്ടിലെത്തിയപ്പോള്‍, കേരള സർക്കാർ നല്‍കുന്ന ഈ ആദരം ഹൃദയം നിറഞ്ഞ നന്ദിയോടെ സ്വീകരിക്കുകയാണ്.
ഇത് ഞാൻ ജനിച്ചുവളർന്ന് കൗമാരവും യൗവനവും ചെലവഴിച്ച മണ്ണാണ്. എന്റെ അമ്മയും അച്ഛനും ജ്യേഷ്ഠനും ജീവിച്ച ഇടമാണ്. ജീവിതത്തിന്റെ സങ്കീർണതകളൊന്നുമറിയാതെ അവർക്കൊപ്പം ഞാൻ കഴിഞ്ഞ നാടാണ്. ഇവിടത്തെ കാറ്റും മരങ്ങളും വഴികളും പഴയ പലകെട്ടിടങ്ങളും എന്റെ ഓർമകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എന്നെ ഈ കാണുന്ന ഞാനാക്കി മാറ്റിയ കേരളവും മലയാളികളും അവർ തിരഞ്ഞെടുത്ത സർക്കാരുമാണ് ഈ സ്വീകരണം എനിക്ക് നല്‍കുന്നത്.
ഈ സ്‌നേഹത്തിന് മുന്നില്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാൻ കാലങ്ങളായി ഞാൻ ആർജിച്ച അഭിനയശേഷിക്ക് പോലും സാധിക്കുന്നില്ല...
ഇന്ത്യൻ സിനിമയുടെ പിതാവായ ദാദാസാഹിബ് ഫാല്‍ക്കെയുടെ പേരിലുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ നിമിഷം സിനിമ എന്ന കലാരൂപത്തിനുവേണ്ടി ഫാല്‍ക്കെ സമർപ്പിച്ച ജീവിതമാണ് എന്റെ മനസ്സിലൂടെ കടന്നുപോയത്. മുംബൈയിലെ ജെ. ജെ. സ്‌കൂള്‍ ഓഫ് ആർട്‌സിലെ ചിത്രകലാ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം, ‘രാജാ ഹരിശ്ചന്ദ്രൻ’ എന്ന സിനിമയിലേക്ക് നടന്നുപോയ ദൂരങ്ങള്‍, പഠനങ്ങള്‍, പരീക്ഷണങ്ങള്‍, അധ്വാനങ്ങള്‍ എന്നിവയെല്ലാം മനസ്സിലാക്കിയപ്പോള്‍, സിനിമയില്‍ പ്രവർത്തിക്കുന്ന ഒരാളെന്ന നിലയില്‍ ഭൂമിയോളം ശിരസ്സ് നമിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു.
ഞാനടക്കമുള്ള എല്ലാ ഇന്ത്യൻ അഭിനേതാക്കളും 120 വർഷങ്ങള്‍ക്ക് മുമ്പ് സിനിമയ്ക്കുവേണ്ടി ജീവിതം സമർപ്പിച്ച ഈ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നത്തെ ഇന്ത്യൻ സിനിമ ഒരുപാട് മുന്നോട്ട് പോയിരിക്കുന്നുവെങ്കിലും സിനിമാലോകത്തെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം ദാദാസാഹിബ് ഫാല്‍ക്കെ തന്നെയാണ്.
സിനിമ എന്ന സങ്കീർണ കലാരൂപത്തെക്കുറിച്ച്‌ യാതൊന്നും അറിയാതെ തിരുവനന്തപുരത്തെ തെരുവുകളില്‍വെച്ച്‌ സിനിമ എടുക്കാൻ ധൈര്യപ്പെട്ട സുഹൃത്തുക്കളെയും, സിനിമയില്‍ കയറാനായി മദ്രാസിലേക്ക് പോയതും, സുഹൃത്തുക്കള്‍ ഫോട്ടോ സംവിധായകൻ ഫാസിലിന് അയച്ചുകൊടുത്തതും, മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനായി ക്യാമറയ്ക്ക് മുന്നില്‍ വന്നതും 48 വർഷത്തെ അഭിനയ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഓർക്കുന്നു.
അഭിനയകാലത്തെ ഒരു മഹാകൃതിയായി സമീപിച്ചാല്‍, താൻ തീരത്തെ മരച്ചിലയില്‍ നിന്ന് ഒഴുകിപ്പോകുന്ന ഒരിലയാണ്. ഒഴുക്കില്‍ മുങ്ങിപ്പോകുമ്പോള്‍ ഏതൊക്കെയോ കൈകള്‍ വന്ന് താങ്ങി. ആ കൈകളെല്ലാം പ്രതിഭയുടെ കയ്യൊപ്പുള്ളവയായിരുന്നു. അഭിനേതാവ് ഒരുപിടി കളിമണ്ണു മാത്രമാണ് മറ്റുള്ളവരുടെ കൈ സ്പർശിക്കുമ്ബോള്‍ അതിന് വ്യത്യസ്ത രൂപം കൈവരുന്നു.
തിരക്കഥാകൃത്തുക്കള്‍, സംവിധായകർ, നിർമ്മാതാക്കള്‍, ക്യാമറാമാൻമാർ, മുഖത്ത് ചായം തേച്ചവർ, കഥാപാത്രങ്ങള്‍ക്ക് വെളിച്ചം നല്‍കിയവർ, അതുപോലെ തന്റെ കഥാപാത്രങ്ങളെ സ്വീകരിച്ച പ്രിയപ്പെട്ട മലയാളികള്‍ എന്നിവരോടൊക്കെയും കടപ്പെട്ടിരിക്കുന്നു.
‘ഇതുതന്നെയാണോ എന്റെ തൊഴില്‍?’ എന്ന് ആലോചിക്കുമ്പോഴും, ’ലാലേട്ടാ’ എന്ന സ്‌നേഹത്തോടെയുള്ള വിളികള്‍ തന്നെ മഹാനദിയുടെ പരപ്പില്‍ മുങ്ങിപ്പോകുമ്പോള്‍ പിടിച്ചുയർത്തുന്നു. ഇനിയും ഒഴുകാൻ പറയുന്നു. ഏതൊരു കലാകാരനെന്നപോലെ തന്റെ ജീവിതത്തിലും കരിയറിലും ഉയർച്ചകളും താഴ്ചകളുമുണ്ടായിട്ടുണ്ട്. വാനോളം പ്രശംസകളും പാതാളത്തോളം താഴ്ത്തുന്ന വിമർശനങ്ങളും ഞാന്‍ അനുഭവിച്ചിട്ടുണ്ട്, രണ്ടിനെയും സമചിത്തതയോടെയാണ് കാണുന്നത്. എനിക്ക് അഭിനയം അനായാസമായ ഒരു കാര്യമല്ല. കാണുന്നവർക്ക് ഞാന്‍ അനായാസമായി അഭിനയിക്കുന്നു എന്ന് തോന്നുന്നുവെങ്കില്‍ അത് എനിക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത ഒരു ശക്തിയുടെ അനുഗ്രഹമാണ്...’’ മോഹന്‍ലാല്‍ ആദരം സ്വീകരിച്ച ശേഷം ​മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുന്നതിനൊപ്പമാണ് ദാദ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും നല്‍കിയത്. മലയാളത്തില്‍ പുരസ്‌കാരത്തിന് അർഹനാകുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാല്‍. നേരത്തെ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന് മാത്രമാണ് മലയാള സിനിമയില്‍ നിന്നും ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.
മോഹൻലാലിന് ആദ്യ ദേശീയ പുരസ്‌ക്കാരം ലഭിക്കുന്നതിന്റെ ജൂറി ചെയർമാനായിരുന്നു താനെന്ന് അടൂര്‍ പ്രസംഗത്തില്‍ ഓർമിച്ചു. ‘‘മോഹൻലാലിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ലഭിച്ചു തുടങ്ങുന്നത് അവിടെ നിന്നാണ്. മോഹൻലാലിന് ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌ക്കാരം ലഭിച്ചതിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തില്‍ കേരളം അദ്ദേഹത്തെ ആദരിക്കുന്നു എന്നതില്‍ സന്തോഷവും അഭിമാനവുമുണ്ട്. ഓരോ മലയാളിക്കും തങ്ങളുടെ പ്രതിബിംബം മോഹൻലാലില്‍ കാണാനാകും. അതിനാലാണ് ലോകത്ത് എവിടെ ജീവിക്കുന്ന മലയാളികളുടെയും സ്‌നേഹപാത്രമാകാൻ അദ്ദേഹത്തിന് കഴിഞ്ഞത്. മോഹൻലാലിന് കൂടുതല്‍ അഭിനയജീവിതവും വിജയങ്ങളും ഉണ്ടാവട്ടെ...’’ എന്നും അടൂര്‍ ആശംസിച്ചു.
എന്നാല്‍ അടൂർ ഗോപാലകൃഷ്ണന് മോഹന്‍ലാലിനോട് കാലങ്ങളായി നിലനില്‍ക്കുന്ന വൈര്യം ഇവിടേയും പ്രതിഫലിപ്പിച്ചുവെന്നാണ് പ്രേക്ഷകരില്‍ വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. മമ്മൂട്ടിയും ദിലീപും അടക്കമുള്ളവരെ വെച്ച്‌ സിനിമകള്‍ എടുത്തിട്ടുള്ള അടൂർ മോഹന്‍ലാലുമായി ഇതുവരെ ഒന്നിച്ച്‌ പ്രവർത്തിച്ചിട്ടില്ല. എന്ത് തന്നെയായാലും അടൂരിനുള്ള മറുപടിയ ലാല്‍സലം വേദിയില്‍ വെച്ച്‌ മോഹന്‍ലാല്‍ തന്നെ നല്‍കിയിട്ടുണ്ടെന്നും പ്രേക്ഷകര്‍ പറഞ്ഞു.

Ads by Google
Monday 06 Oct 2025 01.06 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW