-->
പുഷ്പങ്ങളുടെ ലോകം മനുഷ്യന് ഇന്നും അജ്ഞമാണ്. ഈ പ്രകൃതിയില്‍ നാം കാണാത്തതും അറിയാത്തതുമായി നിരവധി സസ്യലതാധികള്‍ ഉണ്ട്. ഇവയില്‍ ഒന്നാണ് ഭൂമിക്കടിയില്‍ വളരുന്ന ലോകത്തിലെ തന്നെ വളരെ അപൂര്‍വമായ ഒരു പൂവ്. ഓര്‍ക്കിഡ് വിഭാഗത്തില്‍പ്പെടുന്ന വെസ്‌റ്റേണ്‍ അണ്ടര്‍ഗ്രൗണ്ട് ഓര്‍ക്കിഡ് ആണ് ഈ അത്ഭുത സസ്യം. 'റിസന്തെല്ലാ ഗാര്‍ഡിനെറി' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന ഈ ഓര്‍ക്കിഡ് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലാണ് കാണപ്പെടുന്നത്. ഗുരുതര വംശനാശ ഭീഷണി നേരിടുന്ന വിഭാഗത്തിപ്പെട്ട ഇവയെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍.
മണ്ണിനടിയില്‍ വിരിഞ്ഞു നില്‍ക്കുന്ന ഈ ഓര്‍ക്കിഡിന് ഇലകള്‍, തണ്ടുകള്‍ എന്നിങ്ങനെ പച്ച ഭാഗങ്ങളൊന്നും ഇല്ലെന്ന് മാത്രമല്ല വളര്‍ച്ചയ്ക്ക് പ്രകാശ സംശ്ലേഷണത്തിന്റെ സഹായവും ഇല്ല. പകരം അതിന് എല്ലാ പോഷകങ്ങളും ലഭിക്കുന്നത് ചെടിയുടെ വേരുകളില്‍ വളരുന്ന ഒരു തരം ഫംഗസില്‍ നിന്നുമാണ്. പരാഗണം നടക്കുന്നതും മറ്റു ചെടികളില്‍ നിന്നും വ്യത്യസ്തമാണ്. ഒരു തരം ചിതല്‍ വഴി ആണ് പരാഗണം നടക്കുന്നത്.കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം ഓര്‍ക്കിഡുകളുടെ വംശനാശത്തിന് കാരണമാകുന്നതെന്ന് ഓര്‍ക്കിഡുകളെയും കാലാവസ്ഥാ വ്യതിയാനത്തെയും കുറിച്ച് ഗവേഷണം നടത്തിയ സസ്യ പരിസ്ഥിതി ശാസ്ത്രജ്ഞനും ഓര്‍ക്കിഡോളജിസ്റ്റുമായ ജാക്കോപോ കാലേവോ പറയുന്നു.
1990കളില്‍ സസ്യ ശാസ്ത്രജ്ഞനായ കിങ്‌സ്‌ലി വെയ്ന്‍ ഡിക്‌സണ്‍ ലബോറട്ടറിയില്‍ അണ്ടര്‍ഗ്രൗണ്ട് ഓര്‍ക്കിഡ് വളര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കിലും അത് വിജയിച്ചില്ല. കാര്‍ഷിക ആവശ്യങ്ങള്‍ക്കും റോഡിനും വേണ്ടി ഭൂമി വലിയ തോതില്‍ ഉപയോഗിച്ചതും ഇത്തരം ഓര്‍ക്കിഡുകളുടെ വംശ നാശത്തിന് കാരണമായിട്ടുണ്ടെന്ന് ഡിക്‌സണ്‍ പറയുന്നു. അവയുടെ വംശനാശ ഭീഷണി തടയാന്‍ ശേഷിക്കുന്ന വാസസ്ഥലങ്ങള്‍ സംരക്ഷിക്കുകയും പൊതുജനങ്ങളില്‍ ജാഗ്രത വളര്‍ത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.