-->
വിരല്‍ത്തുമ്പിലെ ഒറ്റ ക്ലിക്കിലൂടെ എല്ലാം സാധ്യമാകും എന്നതു തന്നെയാണ് ഡിജിറ്റല്‍ യുഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സൈബര്‍ മീഡിയ വളരുന്നതിനൊപ്പം അതിലൂടെ കിട്ടുന്ന സുരക്ഷയും കുറഞ്ഞു വരുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങളുടെ വര്‍ധിച്ചു വരുന്ന ഭീഷണികളെക്കുറിച്ചുള്ള പല പഠനങ്ങളും ചര്‍ച്ചകളും മാര്‍ഗ്ഗങ്ങളുമൊക്കെ പലയിടത്തു നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ദിവസം മുംബൈയില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന സൈബർ അവബോധ മാസം 2025 എന്ന പരിപാടിയില്‍ സെലിബ്രിറ്റികളടക്കം പ്രമുഖര്‍ പങ്കെടുത്തിരുന്നു.
ഇപ്പോഴിതാ പരിപാടിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകന്നതിനിടെ തന്റെ 13 വയസ്സുള്ള മകള്‍ക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാര്‍. കുട്ടികള്‍ ഓണ്‍ലൈനില്‍ നേരിടുന്ന അപകടങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, ഒരു ഓണ്‍ലൈൻ വീഡിയോ ഗെയിം കളിക്കുമ്പോള്‍ ഒരു അപരിചിതൻ തന്റെ മകളെ ദുരുദ്ദേശ്യത്തോടെ സമീപിച്ചതിനെക്കുറിച്ചാണ് താരം സംസാരിച്ചത്.
‘‘ഏതാനും മാസങ്ങള്‍ക്കു മുമ്പ് എൻ്റെ വീട്ടിലുണ്ടായ ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകള്‍ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, അതില്‍ അപരിചിതരുമായി സംസാരിച്ചുകൊണ്ട് കളിക്കാൻ കഴിയുന്ന ചില ഗെയിമുകളുണ്ട്. കളിക്കുന്നതിനിടയില്‍ ചിലപ്പോള്‍ അവരില്‍ നിന്ന് മെസേജുകള്‍ വരും. ഒരു ദിവസം അവള്‍ക്ക് ഒരു സന്ദേശം വന്നു... ‘നിങ്ങള്‍ ആണാണോ പെണ്ണാണോ?’ എന്നായിരുന്നു ആ സന്ദേശം. അവള്‍ ‘പെണ്ണ്’ എന്ന് മറുപടി നല്‍കി. അതിനുശേഷം അയാള്‍ ഉടൻ തന്നെ മറ്റൊരു സന്ദേശം അയച്ചു, ‘നിങ്ങളുടെ നഗ്നചിത്രങ്ങള്‍ എനിക്ക് അയച്ചുതരാമോ?’ ഇത് എന്റെ മകള്‍ക്കാണ് സംഭവിച്ചത്.
അതും കണ്ടതും അവള്‍ ഉടൻ തന്നെ ആ ഗെയിം പൂർണ്ണമായി ഓഫാക്കി, എന്റെ ഭാര്യയായ ട്വിങ്കിളിനോട് വിവരം പറഞ്ഞു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ തുടങ്ങുന്നത്. ഇതൊരു സൈബർ കുറ്റകൃത്യമാണ്. സൈബർ കുറ്റകൃത്യങ്ങളിലേക്കുള്ള ഒരു പൊതുവായ പ്രവേശന മാർഗ്ഗമാണിത്. സംസ്ഥാനത്തെ എല്ലാ സ്കൂളിലെയും ഏഴ് മുതല്‍ പത്ത് വരെ ക്ലാസുകളില്‍ ഒരു പിരീഡ് സൈബർ ക്രൈമുകളെ കുറിച്ചും സൈബറിടത്തെ പ്രശ്നങ്ങളെക്കുറിച്ചും പഠിപ്പിക്കാനായി മാറ്റിവയ്ക്കണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർഥിക്കുകയാണ്. വിദ്യാർഥികള്‍ക്കായി ആഴ്ചതോറും ഒരു ‘സൈബർ പിരീഡ്’ ഉള്‍പ്പെടുത്തണം. അവർ അതേക്കുറിച്ച് മനസിലാക്കണം. തെരുവ് കുറ്റകൃത്യങ്ങളേക്കാള്‍ വലുതായി ഈ കുറ്റകൃത്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് നിങ്ങള്‍ക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് പ്രധാനമാണ്...’’ അക്ഷയ് കുമാര്‍ പറഞ്ഞു. രാജ്യത്ത് വർധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ബോധവാന്മാരാകണമെന്നും കുട്ടികള്‍ക്ക് സൈബർ സുരക്ഷാ പരിശീലനം നടത്തണമെന്നുമാണ് തന്റെ അനുഭവം പങ്കിട്ട് അക്ഷയ് കുമാര്‍ പറഞ്ഞത്.
മുംബൈ സംസ്ഥാന പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ അക്ഷയ് കുമാറിന് പുറമേ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, നടി റാണി മുഖർജി എന്നിവരും പങ്കെടുത്തു.
#WATCH | Mumbai | Actor Akshay Kumar says, "I want to tell you all a small incident which happened at my house a few months back. My daughter was playing a video game, and there are some video games that you can play with someone. You are playing with an unknown stranger. While… pic.twitter.com/z9sV2c9yC6— ANI (@ANI) October 3, 2025
കുടുംബജീവിതത്തിന് തുല്യ പ്രാധാന്യം നല്‍കുന്ന അക്ഷയ് കുമാര്‍ കരിയറിലും തിളങ്ങി നില്‍ക്കുകയാണ്. അർഷദ് വാർസി, ഹുമ ഖുറേഷി, അമൃത റാവു, സൗരഭ് ശുക്ല, ഗജേന്ദ്ര റാവു, റാം കപൂർ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജോളി എല്‍എല്‍ബി 3’ എന്ന ചിത്രത്തിലാണ് അക്ഷയ് കുമാർ അവസാനമായി അഭിനയിച്ചത്. സംവിധായകൻ പ്രിയദർശന്റെ ആക്ഷൻ-ത്രില്ലർ ചിത്രമായ ‘ഹൈവാൻ’ എന്ന ചിത്രത്തിലാണ് നടൻ ഇപ്പോള്‍ അഭിനയിക്കുന്നത്.