-->
മനില: മധ്യ ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. ബോഗോയിലാണ് ഭൂചലനം കൂടുതല്‍ ബാധിച്ചത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. മണ്ണിടിച്ചിലിലും പാറക്കെട്ടുകള്‍ തകര്‍ന്നു നിരവധി വീടുകള്‍ അടിയിലായി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി നിലച്ചു. യുഎസ്ജിഎസിന്റെ കണക്കനുസരിച്ച്, ബൊഹോള്‍ പ്രവിശ്യയിലെ കാലാപെയില്‍ നിന്ന് ഏകദേശം 11 കിലോമീറ്റര്‍ കിഴക്ക്‌തെക്കുകിഴക്കായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഏകദേശം 33,000 ആളുകള്‍ ഇവിടെ താമസിക്കുന്നു. ലെയ്റ്റ്, സെബു, ബിലിരാന്‍ എന്നീ മധ്യ ദ്വീപുകളിലെ നിവാസികളോട് കടല്‍ത്തീരത്ത് നിന്ന് മാറിനില്‍ക്കാനും തീരത്തേക്ക് പോകരുതെന്നും മുന്നറിയിപ്പ് നല്‍കി. അതേസമയം സുനാമി ഭീഷണിയില്ലെന്നും ഒരു നടപടിയും ആവശ്യമില്ലെന്നും പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.