-->
തിരുവനന്തപുരം : ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് കെപിസിസിയുടെ നേതൃത്വത്തില്‍ പാലസ്തീനിലെ ഗസയില്‍ വംശഹത്യയ്ക്ക് ഇരയാകുന്ന ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സദസുകള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.
മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ‘മാനിഷാദ’ എന്ന പേരില്‍ ഐക്യദാര്‍ഢ്യ സദസുകള്‍ സംഘടിപ്പിക്കുക. വൈകുന്നേരം അഞ്ച് മണിക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ നടത്തുന്ന ഐക്യദാര്‍ഢ്യ സദസുകളില്‍ സാമൂഹിക, സാംസ്‌കാരിക, കലാ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കെപിസിസിയില്‍ രാവിലെ 10ന് ഗാന്ധി ചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടക്കും.
അതേസമയം പലസ്തീന്‍ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രംഗത്തെത്തിയിരുന്നു. അറുപതിനായിരത്തിലധികംപേര്‍ കൊല്ലപ്പെട്ടു, അതില്‍ 18,430 പേര്‍ കുട്ടികളും സ്ത്രീകളുമടങ്ങുന്നവരാണ്. കുട്ടികളെ പട്ടിണിക്കിട്ട് കൊല്ലുകയാണ്. നിശബ്ദതയിലൂടെയും നിഷ്‌ക്രിയത്വത്തിലൂടെയും ഈ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുന്നത് തന്നെ ഒരു കുറ്റകൃത്യമാണ് എന്നായിരുന്നു പ്രിയങ്കാ ഗാന്ധി പറഞ്ഞത്. പലസ്തീന്‍ ജനതയ്ക്കുമേല്‍ ഇസ്രയേല്‍ വിനാശം അഴിച്ചുവിടുമ്പോള്‍ ഇന്ത്യ മൗനം പാലിക്കുന്നത് ലജ്ജാകരമാണെന്നും പ്രിയങ്ക പ്രതികരിച്ചിരുന്നു.