-->
ഇടുക്കി: തൃശൂരിലെ കള്ളവോട്ട് ആരോപണങ്ങളില്‍ പ്രതികരിച്ച് സുരേഷ് ഗോപി എംപി. എതിര്‍ പാര്‍ട്ടിക്കാര്‍ വര്‍ഷങ്ങളായി കള്ളവോട്ട് ചെയ്യുന്നു എന്നായിരുന്നു വിമര്‍ശനം. ''ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്‍മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്. 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു. ബിജെപിക്ക് സ്വാധീനമുള്ള തിരുവനന്തപുരത്തോ പാലക്കാട്ടോ അല്ല ഞാന്‍ ജയിച്ചത്. സ്വാധീനം ഇനി ജനിക്കുക പോലുമില്ല എന്നു പറയുന്ന തൃശൂരിലാണ്. എന്തൊക്കെ കഥ ഉണ്ടാക്കി? പൂരം കലക്കി, വോട്ടു കലക്കി, കേരളത്തില്‍ ഇത്തവണ ശക്തമായ സാന്നിധ്യമായി ബിജെപി ഉണ്ടാകണം. ഒരു ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഇവിടെ ഉണ്ടാകണം.''സുരേഷ്‌ഗോപി പറഞ്ഞു.
ഇടുക്കി മൂലമറ്റം ഗണപതി ക്ഷേത്രത്തിന് സമീപം നടത്തിയ കലുങ്ക് സംവാദ പരിപാടിയിലായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. തൃശൂരിലെ പ്രചാരണ ഘട്ടത്തില്‍ പറഞ്ഞതാണ് താന്‍ ഇപ്പോഴും ചെയ്യുന്നത്. തന്നെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതേ താന്‍ ഏല്‍ക്കുകയുള്ളുവെന്നും ഏറ്റാല്‍ അത് ചെയ്തിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം എയിംസ് വിഷയത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. എയിംസ് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സുരേഷ്‌ഗോപി വ്യക്തമാക്കി. എയിംസ് ആലപ്പുഴയില്‍ നിലപാട്. അത് ആവര്‍ത്തിക്കുകയാണ്. ആ നിലപാട് മാറ്റാന്‍ കഴിയില്ല. ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരില്‍ എയിംസ് വേണം. 'എയിംസ് തമിഴ്‌നാട്ടിലേക്കു കൊണ്ടുപോകുമെന്ന് പറഞ്ഞിട്ടില്ല. അങ്ങനെ തെളിയിച്ചാല്‍ രാജിവയ്ക്കാം. എവിടെയോ സ്ഥലം വാങ്ങിച്ചിട്ട് അവിടെ എയിംസ് തുടങ്ങാം എന്നു പറയാന്‍ കേരള സര്‍ക്കാരിനു കഴിയില്ല. എവിടെ എയിംസ് വന്നാലും കേരളത്തിന്റെ സമഗ്ര വികസനം സാധ്യമാകണം. എയിംസ് കേരളത്തില്‍ വരുമെന്ന് പറഞ്ഞിട്ടുണ്ടെങ്കില്‍ വരും' സുരേഷ്‌ഗോപി പറഞ്ഞു.