-->
ബോളിവുഡ് പ്രേക്ഷകര്‍ക്കും കായികപ്രേമികള്‍ക്കും ഏറെയിഷ്ടമുള്ള താരദമ്പതിമാരാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും. ഷാമ്പൂ ബ്രാൻഡിന്റെ പരസ്യത്തിൽ ഒന്നിച്ച് അഭിനയിക്കാൻ എത്തിയപ്പോള്‍ തുടങ്ങിയതാണ് ഇവരുടെ പ്രണയം. പിന്നീട് സിനിമ ഷൂട്ടിങ് വേളയിൽ അനുഷ്‌കയെ കാണാൻ വിരാടും, ഇന്ത്യയുടെ മത്സരങ്ങളിൽ ഗാലറിയിൽ അനുഷ്‌കയും എത്തിത്തുടങ്ങിതോടെ പ്രണയം വാര്‍ത്തകളില്‍ നിറഞ്ഞു. ദീര്‍ഘനാളത്തെ ഡേറ്റിംഗിനു ശേഷം ഇറ്റലിയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ വച്ച് ഇവര്‍ രണ്ടാളും വിവാഹിതരായി. ഇവരുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷമാക്കിയിരുന്നു. മക്കളായ വാമികയ്ക്കും അകായ് യും ജനിച്ച ശേഷം ലണ്ടനില്‍ താമസിക്കുകയാണ് താരദമ്പതിമാര്‍.
നിലവിൽ ഇന്ത്യയിൽ ഏറ്റവും ആരാധകരുള്ള സെലബ്രിറ്റി ദമ്പതിമാരിൽ മുന്നിലാണ് വിരുഷ്ക. എങ്കിലും ഇവര്‍ ഒരുമിച്ചെത്തുന്ന ചിത്രങ്ങള്‍ എന്നും വൈറലാകാറുണ്ട്. വിരാട് ക്രിക്കറ്റ് മൈതാനിയില്‍ ഇറങ്ങുമ്പോള്‍ ചിയര്‍ അപ്പ് ചെയ്യാനെത്തുന്ന അനുഷ്കയുടെ ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കും. ഇവരുടെ പ്രണയവും എന്നും വാര്‍ത്തകളില്‍ നിറയുന്നതാണ്.
ഇപ്പോഴിതാ വിരാട് കോഹ്‌ലി പങ്കുവെച്ച പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അനുഷ്കയ്ക്കൊപ്പമുള്ള ഒരു ഇന്റിമേറ്റ് ചിത്രം പങ്കിടുകയാണ് വിരാട് കോഹ്ലി. ‘‘കുറച്ചു സമയമായി...’’ എന്ന മൂന്നു വാക്കുകള്‍ മാത്രമാണ് വിരാട് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ക്ഷണനേരം കൊണ്ട് ഈ പോസ്റ്റ് വൈറലായി, 5 ദശലക്ഷം ലൈക്കും നേടി. ചിത്രത്തില്‍ നീല നിറത്തിലുള്ള നീളൻ കോട്ട് ധരിച്ച് സ്റ്റൈലിഷ് ലുക്കിലാണ് വിരാട്, വെള്ള ടോപ്പിന് മുകളില്‍ ചാരനിറത്തിലുള്ള സ്വെറ്റർ ധരിച്ച് അനുഷ്കയും മനോഹരിയായി കാഷ്വല്‍ ലുക്കില്‍ ചിത്രത്തില്‍ തിളങ്ങുന്നു. ഇപ്പോഴും പോസ്റ്റിന് 8 ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്. 273 ദശലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള കോഹ്ലി, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന കായികതാരങ്ങളില്‍ ഒരാളാണ്.
നിലവില്‍ കോഹ്ലിയും കുടുംബവും ലണ്ടനിലെ അവരുടെ വസതിയില്‍ അവധിക്കാലം ചെലവഴിക്കുകയാണ്. ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് കോഹ്ലി. ഈ വർഷമാദ്യം കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിരുന്നു. 2024-ലെ ടി 20 ലോകകപ്പ് വിജയത്തിന് ശേഷം ടി 20 കരിയർ അവസാനിപ്പിച്ച കോഹ്‌ലി ഇപ്പോള്‍ ഏകദിനത്തില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. അനുഷ്കയാണെങ്കിലും വെള്ളിത്തിരയില്‍ നിന്നൊക്കെ മാറി കുടുംബജീവിതം ആസ്വദിക്കുകയാണ്.