-->
കരൂരില്‍ ടിവികെ അദ്ധ്യക്ഷനും നടനുമായ വിജയ്യുടെ പ്രചാരണ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ അനുശോചനം രേപ്പെടുത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി.
'ഇന്നലെ തമിഴ്നാട്ടിലെ കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടുള്ള ദാരുണമായ സംഭവത്തില്‍ അങ്ങേയറ്റം ദുഃഖമുണ്ട്. ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളുടെ കുടുംബങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ അനുശോചനം. ഈ ദുഷ്‌കരമായ സമയത്ത് ദുഃഖിതരായ കുടുംബങ്ങള്‍ക്ക് ശക്തി ലഭിക്കട്ടെ, പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കട്ടെ. ഇത്തരം സംഭവങ്ങളുടെ വേദന വിവരണാതീതമാണ്.
ഈ ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണം നീതിയുക്തവും നിഷ്പക്ഷവും രാഷ്ട്രീയത്തിന് അതീതവുമായി തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുപകരം സത്യം പുറത്തുകൊണ്ടുവരുന്നതിലും അപകടത്തില്‍ പെട്ടവര്‍ക്ക് നീതി ഉറപ്പാക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ദുരിതബാധിതര്‍ വേഗത്തില്‍ സുഖം ്രപാപിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം, അപകടത്തില്‍പ്പെട്ടവരുടെ കുടുംബങ്ങളോടൊപ്പം ഐക്യദാര്‍ഢ്യത്തോടെ നില്‍ക്കാം', സുരേഷ് ഗോപി ഫേസ്ബുക്കില്‍ കുറിച്ചു.
ശനിയാഴ്ച വൈകുന്നേരം എട്ടുമണിയോടെയാണ് കരൂരില്‍ വിജയ് യുടെ റാലിക്കിടെ തിക്കും തിരക്കുമുണ്ടായത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് എത്തിയത്. കടുത്ത ചുടിലും മറ്റും കാത്തുനിന്നവര്‍ക്ക് വിജയ് വെളളക്കുപ്പികള്‍ എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇത് പിടിക്കാന്‍ ആളുകള്‍ ശ്രമിച്ചതോടെയാണ് തിക്കും തിരക്കും ഉണ്ടായത്.