-->
ചെന്നൈ: ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പാര്‍ട്ടി പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്. സംഭവത്തില്‍ മറ്റു പ്രതികരണങ്ങള്‍ക്ക് തയ്യാറായില്ല.
താന്‍ നടത്തിയ പരിപാടിയില്‍ ഇത്ര വലിയ ദുരന്തമുണ്ടാവുകയും 38 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തപ്പോഴും ഒരക്ഷരം പോലും പ്രതികരിക്കാതെ പോയ വിജയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ എക്‌സ് പോസ്റ്റിലൂടെ വിജയ് തന്റെ ദുഃഖം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ റാലിയിലുണ്ടായ സുരക്ഷാ വീഴ്ച്ചയിലും ദുരന്തത്തിന്റെ പശ്ചാത്തലത്തിലും വിജയ്‌ക്കെതിരെ കേസുണ്ടാകുമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിജയ് സംഭവ സ്ഥലത്ത് നിന്ന് തിരിച്ച് ചെന്നൈയിൽ എത്തി. വിജയ് യുടെ വീടിന് മുന്നിൽ പൊലീസ് സുരക്ഷ കൂട്ടിയിരിക്കുകയാണ്.