-->
ഒരു സിനിമ മാത്രം ചെയ്ത് പിന്നീട് വെള്ളിത്തിരയയിൽ നിന്ന് അപ്രത്യക്ഷരായ ഒരുപാട് താരങ്ങളുണ്ട്. എന്നാൽ ആ ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരങ്ങൾ കുറവാണ്. അങ്ങനെയൊരാളാണ് കുഞ്ചാക്കോ ബോബൻ നായകനായ ‘പ്രിയം’ സിനിമയിൽ അഭിനയിച്ച ദീപ നായർ. ദീപയെ പിന്നീട് ഒരു സിനിമകളിലും കണ്ടിട്ടില്ല.
പ്രിയം എന്ന ഒറ്റച്ചിത്രത്തിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികൾ ഇന്നും മറക്കാത്ത ദീപ, വിവാഹത്തിനു ശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം വിദേശത്താണ് ദീപ സ്ഥിരതാമസം. സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയായി തന്റെ എല്ലാ വിശേഷങ്ങളും ദീപ പങ്കിടുന്നുണ്ട്.
ഇപ്പോഴിതാ അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തിയ താരം മുംബൈയിൽ വെച്ച് പഴയ ഒരു ആരാധകനെ കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ്. പ്രിയം റിലീസ് ചെയ്യുന്ന സമയത്ത് വിദ്യാർത്ഥിയായിരുന്ന ഇദ്ദേഹം ഇപ്പോഴത്തെ ഒരു തിരക്കേറിയ നടനാണെന്നാണ് ദീപ ആരാധകർക്ക് നൽകിയ ക്ലൂ. അല്പം സർപ്രൈസ് നിലനിർത്തിയാണ് ദീപ ആ കണ്ടുമുട്ടലിനെപ്പറ്റി പറഞ്ഞത്.
‘‘മുംബൈയിൽ ഐടിസി മറാത്ത ഹോട്ടലിന്റെ ലിഫ്റ്റിൽ വച്ചാണ് ഞാനീ വ്യക്തിയെ അപ്രതീക്ഷിതമായി കാണുന്നത്. എനിക്ക് ദീർഘകാലമായി അറിയാവുന്ന കക്ഷിയാണ് ഇദ്ദേഹം. പല തവണ സംസാരിച്ചിട്ടുണ്ട്. പക്ഷേ, നേരിൽ കണ്ടിട്ടില്ല. ‘പ്രിയം’ ഇറങ്ങിയ കാലത്ത് എന്റെ ആരാധകനായിരുന്നു. ആ സമയത്ത് അദ്ദേഹം സ്കൂളിൽ ആയിരുന്നിരിക്കണം. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്. നിങ്ങൾക്ക് ഈ വ്യക്തി ആരാണെന്ന് ഊഹിക്കാമോ? ഞാൻ ചില സൂചനകൾ തരാം. മലയാളത്തിൽ പ്രശസ്തനായ ഒരു അഭിനേതാവാണ്.
മികച്ച ഹാസ്യതാരത്തിനുള്ള പുരസ്കാരം പല തവണ നേടിയിട്ടുണ്ട്. ഫൺടാസ്റ്റിക് ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ഉടമസ്ഥരിൽ ഒരാളാണ്. 2010ൽ ഇറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ ഇദ്ദേഹം അരങ്ങേറിയത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കാണും...’’ ദീപ വീഡിയോയില്‍ ഇക്കാര്യങ്ങള്‍ പറയുമ്പോള്‍ താനും ആ താരവും ഒരുമിച്ചുള്ള ചിത്രം പങ്കിടുന്നുണ്ട്. ബ്ലർ ആയ മുഖമാണ് ദീപ അതിൽ കാണിക്കുന്നത്. അവസാനം അജു വര്‍ഗീസാണ് ആ ആരാധകന്‍ എന്ന് ദീപ വെളിപ്പെടുത്തി.
‘‘അതെ, പ്രതിഭാധനനായ അജു വർഗീസ് ആണ് ഞാൻ പറഞ്ഞ ആരാധകൻ. ഈ കൂടിക്കാഴ്ചയുടെ രസം എന്താണെന്നു വച്ചാൽ അജുവാണ് എന്നെ ആദ്യം തിരിച്ചറിഞ്ഞത്. ഞാൻ ആളെ തിരിച്ചറിയുന്നതിന് മുൻപെ അജു എന്നെ മനസ്സിലാക്കി. നന്ദി അജു, എന്നെ തിരിച്ചറിഞ്ഞതിന്! മറ്റൊരു സമയത്ത് നമുക്ക് ഇനിയും കാണാം...’’ ദീപ പറഞ്ഞു.
ഈ കണ്ടുമുട്ടലിന്റെ പ്രത്യേകത, അജുവാണ് ആദ്യം ദീപയെ തിരിച്ചറിഞ്ഞത് എന്നുള്ളതെന്നും ദീപ വിഡിയോയിൽ പറഞ്ഞു. ‘‘എനിക്ക് നേരില്‍ കാണാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും, പലതവണ സംസാരിച്ചു പരിചയപ്പെട്ട ആളാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായ ആ നിമിഷം എനിക്ക് ഏറെ സന്തോഷം നല്‍കി. ഇന്ന് ഞാനാണ് അദ്ദേഹത്തിന്റെ വലിയൊരു ആരാധക...’’ എന്നാണ് വിഡിയോയില്‍ ദീപ പറഞ്ഞത്.
വിവാഹശേഷം വിദേശത്ത് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് ദീപ താമസം. സിനിമയില്‍ വീണ്ടും സജീവമാകാനുള്ള ആലോചനകളൊന്നുമില്ല താരത്തിന്. എന്നാൽ തന്റെ സോഷ്യൽ മീഡിയയിലൂടെ പഴയ ഓര്‍മ്മകളും ഇത്തരത്തിലുള്ള പ്രത്യേക സംഭവങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് താരം.
സനലിന്റെ സംവിധാനത്തിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് പ്രിയം. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ മഞ്ജിമ, അരുൺ, അശ്വിൻ തമ്പി എന്നിവരായിരുന്നു മറ്റു പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ ഗാനങ്ങളും അന്നും സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുന്നുണ്ട്.