Saturday, March 14, 2026 Last Updated 56 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 27 Sep 2025 01.33 PM

‘‘വാടക ചോദിച്ച് വീട്ടുടമ എന്നെ വിളിക്കുമ്പോള്‍ ദിലീപേട്ടന്‍ അടുത്തുണ്ട്; ഷൂട്ട് കഴിഞ്ഞ് പോകാന്‍ നേരം എന്റെ പോക്കറ്റില്‍ ദിലീപേട്ടന്‍ കുറച്ചു പൈസ കൊണ്ടിട്ടു...’’ അനിയപ്പന്‍

ദിലീപിന്റെ നല്ല മനസ്സിനെക്കുറിച്ച് പല സഹതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തനിക്ക് നേരിട്ടുണ്ടായ അനുഭവം തുറന്നു പറയുകയാണ് ഹാസ്യനടന്‍ അനിയപ്പന്‍.
Dileep, Aniyappan
Aniyappan about dileep (Image Source: Instagram)

പ്രേക്ഷകര്‍ ദിലീപിനെ ജനപ്രിയനായകന്‍ എന്നു വിളിക്കുന്നത് മികച്ച കഥാപാത്രങ്ങളിലൂടെ ഹൃദയം കീഴടക്കിയതു കൊണ്ടു മാത്രമല്ല മറിച്ച് ക്യാമറയ്ക്ക് പിന്നില്‍ പൊയ്മുഖമണിയാതെ സാധാരണക്കാരെ സഹായിക്കാനുള്ള മനസ്സ് കാണിക്കുന്നതു കൊണ്ടു കൂടിയാണ്. ദിലീപുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന സഹതാരങ്ങള്‍ ആ സ്നേഹവും കരുതലും നേരിട്ട് അറിഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലും പുറത്തും പലരേയും സാമ്പത്തികമായി സഹായിച്ചിട്ടുള്ളയാളാണ് ദിലീപ്. പക്ഷേ താരം നൽകുന്ന സഹായങ്ങൾ പലപ്പോഴും പുറംലോകം അറിയാറില്ല. സാധാരണക്കാരും ദിലീപിന്റെ സഹായവും കരുണയും കൊണ്ട് തങ്ങളുടെ ജീവിതം കെട്ടിപ്പടുത്തിട്ടുണ്ട്.
ഇപ്പോഴിതാ ദിലീപെന്ന മനുഷ്യന്റെ നല്ല മനസ്സിനെക്കുറിച്ച് പറയുകയാണ് മിമിക്രി സിനിമാ താരം അനിയപ്പന്‍. മിമിക്രി വേദികളില്‍ നിന്ന് കൈയടി വാങ്ങി പിന്നീട് ക്രോണിക് ബാച്ചിലർ, സത്യം, വാണ്ടഡ്, ഹൃദയപൂർവ്വം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറിയ താരമാണ് അനിയപ്പൻ.
രസികൻ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച​പ്പോഴുണ്ടായ ഒരു അനുഭവമാണ് അനിയപ്പന്‍ പങ്കിട്ടത്. ഷൂട്ടിംഗിനിടയില്‍ താന്‍ അങ്ങോട്ട് ആവശ്യപ്പെടാതെ സാഹചര്യം മനസ്സിലാക്കി ദിലീപ് തന്നെ സഹായിച്ചതിനെക്കുറിച്ചാണ് അനിയപ്പന്‍ പറഞ്ഞത്.
‘‘രസികൻ സിനിമയുടെ ലൊക്കേഷൻ നല്ലതായിരുന്നു. പത്ത് മുപ്പത് ദിവസം ദിലീപേട്ടനൊപ്പം ഭയങ്കര രസമായിരുന്നു. വെറുതെയിരിക്കുമ്പോള്‍ പോലും തമാശ പറയുന്നയാളാണ്. നമ്മളെ ചിരിപ്പിച്ചിട്ട് ഇദ്ദേഹം ഒഴിഞ്ഞുമാറും. സംവിധായകന്റെ വഴക്ക് കിട്ടുന്നത് നമുക്കും. ഒരു സീൻ എടുക്കാൻ പോകുന്നു. ആ സമയം ദിലീപേട്ടൻ എന്തെങ്കിലും ഒരു കാര്യം പറയും. അത് കേട്ട് നമ്മള്‍ ചിരിക്കും. പുള്ളി ചിരിക്കുകയുമില്ല, സംവിധായകന്റെ ചീത്ത കിട്ടുന്നത് നമുക്കും. ഫുള്‍ ടൈം ഹ്യൂമറായിട്ടുള്ള മനുഷ്യനാണ്.
മറക്കാനാകില്ല. ജീവിതത്തിലൊരിക്കലും. എനിക്ക് ഓർത്തുവയ്ക്കാൻ ഒരു കാര്യം കൂടിയുണ്ട്. ഞാൻ അന്ന് തൃപ്പൂണിത്തുറ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടക കൊടുക്കാൻ എന്റെ കൈയില്‍ ഇല്ല. വീട്ടുടമ വിളിച്ചു. ദിലീപേട്ടൻ തൊട്ടടുത്ത് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, അതെനിക്കറിയില്ല. ഞാൻ തരാം ചേട്ടാ, പൈസ കിട്ടിയിട്ടില്ലെന്നൊക്കെ വീട്ടുടമയോട് ഫോണില്‍ പറഞ്ഞു.
ഷൂട്ട് കഴിയാൻ നേരം ദിലീപേട്ടൻ കുറച്ച്‌ പൈസ എന്റെ പോക്കറ്റില്‍ കൊണ്ടിട്ടു, വാടക കൊടുക്കെടാ എന്നുപറഞ്ഞു. അത് എനിക്കും ദിലീപേട്ടനും മാത്രമറിയുന്ന കാര്യമാണ്. ഇത് കേട്ടു കഴിഞ്ഞാല്‍ എന്തിനാ നീ അത് പറഞ്ഞേ എന്നു ചോദിച്ച് ദിലീപേട്ടന്‍ വഴക്കു പറയും. ഒരുപാട് നന്മകളുള്ള മനുഷ്യനാണ്. പിന്നെ മനുഷ്യന്റെ കാര്യമല്ലേ, ഓരോരുത്തർക്കും ഓരോ ടെൻഷനുണ്ടാകും...’’ അനിയപ്പൻ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അനിയപ്പന്‍ ഇത് പറഞ്ഞത്.

Ads by Google
Saturday 27 Sep 2025 01.33 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW