-->
തിരുവനന്തപുരം: ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്തുമായി ബന്ധപ്പെട്ട് കേസില്‍ മാഹിന്‍ അന്‍സാരിയുടെ മൊഴി വിശദമായി പരിശോധിക്കാന്‍ കസ്റ്റംസ് തീരുമാനം. കൊച്ചി കുണ്ടന്നൂരില്‍ നിന്ന് പിടിച്ചെടുത്ത ലാന്‍ഡ് ക്രൂസര്‍ വാഹനം ഭൂട്ടാനില്‍ നിന്ന് നേരിട്ടിറക്കിയതെന്നാണ് കസ്റ്റംസ് വിലയിരുത്തല്‍. ഓപ്പറേഷന്‍ നംഖോറില്‍ ഇടനിലക്കാരെ സംബന്ധിച്ച് കൃത്യമായ സൂചനയും കസ്റ്റംസിന് ലഭിച്ചതായിട്ടാണ് വിവരം.
മൂവാറ്റുപുഴ സ്വദേശി മാഹിന്‍ അന്‍സാരിയുടെ മൊഴിയില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ചോദ്യം ചെയ്യലിനായി മാഹീന്‍ അന്‍സാരിയെ വീണ്ടും വിളിക്കും. വാഹനം കേരളത്തില്‍ എത്തിച്ച രേഖകളും, ബാങ്ക് ഇടപാട് രേഖകളും കസ്റ്റംസിന് മുന്നില്‍ ഹാജരാക്കിയിരുന്നു. ഇടപാടില്‍ താന്‍ കബളിക്കപ്പെട്ടു എന്നാണ് മാഹിന്‍ അന്‍സാരി കസ്റ്റംസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്.
ഇടനിലക്കാരുടെ പ്രവര്‍ത്തനം ഡല്‍ഹി കേന്ദ്രീകരിച്ചാണെന്നാണ് കിട്ടിയിരിക്കുന്ന വിവരം. വിലകൂടിയ വാഹനങ്ങള്‍ ഭൂട്ടാനില്‍ എത്തിച്ച പിന്നീട് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്റെ രീതി. സംസ്ഥാനത്ത് മാത്രം നികുതി വെട്ടിച്ച് എത്തിച്ചത് 150 ലേറെ കാറുകള്‍ ഉണ്ടെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. 35 ഇടങ്ങളിലായി കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 36 വാഹനങ്ങള്‍ പിടിച്ചെടുത്തു.
പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം നടന്നിട്ടുണ്ട്. അതിനിടയില്‍ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി വാഹനം പിടിച്ചെടുത്തതിനെതിരെ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി കസ്റ്റംസിനോട് വിദശീകരണം തേടിയിട്ടുണ്ട്. ദുല്‍ഖറിന്റെ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച്ച പരിഗണിക്കും. ദുല്‍ഖറിന്റെ വീട്ടില്‍ നിന്ന് രണ്ട് കാറുകളാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.