-->
തിരുവനന്തപുരം: കുണ്ടന്നൂരിലെ പരിശോധനയില്‍ കണ്ടെത്തിയ ലാന്റ് ക്രൂയിസര്‍ വാഹനത്തിന്റെ ഫസ്റ്റ് ഓണര്‍ മാഹീന്‍ മൂവാറ്റുപുഴ സ്വദേശിയെന്ന് സൂചന. കൂടുതല്‍ അന്വേഷണം നടത്തുകയാണ് കസ്റ്റംസ്. 2021 ല്‍ അരുണാചല്‍ പ്രദേശില്‍ റജിസ്റ്റര്‍ ചെയ്ത വാഹനം ഇതുവരെ കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയിട്ടില്ല എന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായിട്ടാണ് വിവരം.
കുണ്ടന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് 92 മോഡല്‍ ലാന്‍ഡ് ക്രൂയിസര്‍ പിടിച്ചെടുത്തത്. അരുണാചലില്‍ റജിസ്റ്റര്‍ ചെയ്തിരുന്ന രേഖകള്‍പ്രകാരം മഹീന്‍ എന്ന അസം സ്വദേശിയാണ് കാറിന്റെ ഒന്നാം ഓണര്‍. ഇക്കാര്യത്തില്‍ കസ്റ്റംസ് കുടുതല്‍ പരിശോധന നടത്തിയെങ്കിലും അസം സ്വദേശിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇത് വ്യാജമാണോ എന്ന സംശയം തോന്നിയത്. നിഗൂഡത കൂടിയതോടെ കസ്റ്റംസ് വാഹനം വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ചയാളുമായി ബന്ധപ്പെട്ട പരിശോധന മൂവാറ്റുപുഴ സ്വദേശി മാഹീന്‍ എന്നയാളിലേക്ക് എത്തിച്ചിരിക്കുയാണ്. രണ്ടാഴ്ച മുമ്പാണ് വര്‍ക്ക് ഷോപ്പിലേക്ക് കാര്‍ കൊണ്ടുവന്നിരിക്കുന്നത്.
വെള്ളനിറം കറുപ്പിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതായി വിവരമുണ്ട്. ഇത് കേരളാ റജിസ്‌ട്രേഷനിലേക്ക് മാറ്റാനെന്നാണ് സംശയം. വാഹനക്കടത്ത് നടത്തുന്ന കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമാണോ പിന്നിലെന്നും സംശയിക്കുന്നുണ്ട്. ഭൂട്ടാന്‍ വഴി വാഹനം കടത്തിയതില്‍ അന്വേഷണം ഊര്‍ജിതമാക്കുകയാണ് അന്വേഷണ സംഘം. നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മറ്റൊരാളുടെ പേരിലെന്നാണ് പുറത്തുവരുന്ന വിവരം. ഫിറ്റ്നസ് ഇല്ലാത്തതിനാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും നടപടിയുണ്ടാകും.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി ദുല്‍ഖര്‍ സല്‍മാന് കസ്റ്റംസ് ഇന്ന് സമന്‍സ് നല്‍കും. വാഹനത്തിന്റെ രജിസ്ട്രേഷന്‍ അടക്കമുള്ള എല്ലാ രേഖകളും ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ നാല് വാഹനങ്ങളാണ് കസ്റ്റംസിന്റെ അന്വേഷണ പരിധിയിലുള്ളത്. ഇതില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചെടുത്തിരിക്കുന്നത്. ഇതില്‍ ഒരു വാഹനമാണ് മറ്റൊരാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേരളത്തിലേക്ക് 150 മുതല്‍ 200 വരെ എസ്യുവികള്‍ എത്തിച്ചെന്നാണ് കസ്റ്റംസ് കരുതുന്നത്.