-->
മലയാളസിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള ഓണ്‍ സ്ക്രീന്‍ താരജോഡികളാണ് മോഹന്‍ലാലും മീനയും. ബാലതാരമായി വെള്ളിത്തിരയിലെത്തിയ മീന പിന്നീട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നിവയിലടക്കം തെന്നിന്ത്യയില്‍ മിന്നിത്തിളങ്ങുന്ന നായികയായി. മീന ഏറ്റവും കൂടുതല്‍ തവണ നായികയായി അഭിനയിച്ചത് മോഹന്‍ലാലിനൊപ്പമാണെന്ന് മീന പറഞ്ഞിട്ടുണ്ട്. എണ്ണത്തില്‍ ഏറെയുണ്ട് മോഹൻലാല്‍- മീന ജോഡിയുടെ ഹിറ്റ് സിനിമകള്‍.
1984-ൽ പുറത്തിറങ്ങിയ ‘മനസറിയാതെ’ ആയിരുന്നു മോഹൻലാലിനൊപ്പമുള്ള മീനയുടെ ആദ്യ ചിത്രം. ബാലതാരമായി മീന എത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായിരുന്നു. അതിനു ശേഷം വര്‍ണ്ണപ്പകിട്ടില്‍ ലാലിന്റെ നായികയായി മീന. അവിടെ നിന്ന് തുടങ്ങി ബ്രോ ഡാഡിയില്‍ വരെയെത്തി നില്‍ക്കുകയാണ് ഇവരുടെ ഓണ്‍സ്ക്രീന്‍ കെമിസ്ട്രി.
ഇപ്പോഴിതാ മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയ സന്തോഷം പങ്കിടുകയാണ് മീന. മോഹന്‍ലാല്‍ തനിക്കും ദൃശ്യം ടീമിനൊപ്പവും കേക്ക് മുറിക്കുന്ന ചിത്രം പങ്കിട്ടാണ് മീനയുടെ കുറിപ്പ്. മോഹന്‍ലാലിനെ സഹനടന്‍ എന്ന് വിളിക്കുന്നത് ബഹുമതിയാണെന്നും സുഹൃത്തെന്ന് വിളിക്കുന്നത് ബഹുമതിയാണെന്നുമാണ് മീന കുറിച്ചിരിക്കുന്നത്.
‘‘ലാലേട്ടനെ സഹനടൻ എന്ന് വിളിക്കുന്നത് ഒരു ബഹുമതിയാണ്, പക്ഷേ അദ്ദേഹത്തെ സുഹൃത്ത് എന്ന് വിളിക്കാനാവുന്നത് ഒരു അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ സമർപ്പണവും വൈഭവവും ഓരോ വേഷത്തിലും തിളങ്ങുന്നു, സൗഹൃദത്തിന്റെയും സിനിമയുടെയും ഈ മനോഹരമായ യാത്രയിലെ മറ്റൊരു അധ്യായമാണ് ദൃശ്യം. നിങ്ങളെക്കുറിച്ച് വളരെ അഭിമാനിക്കുന്നു ലാലേട്ടാ...ദൃശ്യത്തിന്റെ മൂന്നാം തുടർച്ചയ്ക്കായി ആവേശഭരിതയാണ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ മീന പങ്കിട്ടിരിക്കുന്നത്. ദാദാ സാഹേബ് പുരസ്കാരം നേടിയതിന് ശേഷം ദൃശ്യം 3ന്റെ ലൊക്കേഷനിലെത്തിയ മോഹന്‍ലാല്‍ ദൃശ്യം ടീമിനൊപ്പം കേക്ക് മുറിക്കുന്നതും മീന പൊന്നാടയണിക്കുന്നതുമായ ചിത്രങ്ങളും പോസ്റ്റിലുണ്ട്. അന്‍സിബയും എസ്തറുമടക്കം ദൃശ്യം ടീം മുഴുവന്‍ കൈയടി നല്‍കി ചിത്രത്തിലുണ്ട്.
ജീത്തു ജോസഫ് ഫാമിലി ത്രില്ലര്‍ ചിത്രമായ ദൃശ്യത്തില്‍ മീനയായിരുന്നു മോഹന്‍ലാലിന്റെ ഭാര്യ കഥാപാത്രമായത്. ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ആദ്യ ഭാഗത്തിനു ശേഷം ദൃശ്യം 2 എത്തി. വന്‍ ഹിറ്റായ ആ ചിത്രത്തിലും മീനയായിരുന്നു നായിക. ഇപ്പോള്‍ ദൃശ്യം 3 ഒരുങ്ങുമ്പോഴും മോഹന്‍ലാലിന്റെ ഭാഗ്യ ജോഡിയായി മീന എത്തുന്നുണ്ട്. വര്‍ങ്ങളായി വെള്ളിത്തിരയിൽ വിജയ ജോഡികളായ ഇവരുടെ പുതിയ സിനിമയ്ക്ക് കാത്തിരിക്കുകയാണ് ആരാധകര്‍.