-->
മോഹന്‍ലാലിന്റെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാര നേട്ടത്തില്‍ സന്തോഷമെന്ന് ഭാര്യ സുചിത്ര. മോഹന്‍ലാല്‍ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് സാക്ഷിയാകാന്‍ സാധിച്ചതില്‍ സന്തോഷവും അഭിമാനവും തോന്നുന്നുവെന്നും സുചിത്ര പറയുന്നു.
'സന്തോഷവും അഭിമാനവും തോന്നിയ നിമിഷം. എല്ലാവരും കയ്യടിച്ചത് പോലെ ഞാനും നിന്ന് കയ്യടിച്ചു. സിനിമ കുടുംബത്തിന് മാത്രമല്ല കേരളത്തിനുള്ള നേട്ടമാണിത്. കേരളത്തിന് അഭിമാനിക്കാനുള്ള നിമിഷമാണ്. നമ്മളെ കുറേക്കൂടി വിനയാന്വിതരാക്കുന്നു. ദൈവത്തിന് നന്ദി'' സുചിത്ര പറയുന്നു.
''ചേട്ടന്‍ എന്നും ഈ നിമിഷത്തിലാണ് ജീവിക്കുന്നത്. കഴിഞ്ഞതും ഓര്‍ക്കാറില്ല. വരുന്നതിനെക്കുറിച്ചും ചിന്തിക്കാറില്ല. ഒരുപാട് അനുഗ്രഹിക്കപ്പെട്ടവളാണെന്ന് തോന്നുന്നു. ഒരുപാട് സന്തോഷം. സിനിമയില്‍ വന്നിട്ട് അമ്പത് വര്‍ഷത്തിലേക്ക് അടുക്കുകയാണ് അദ്ദേഹം. അതില്‍ 35 വര്‍ഷവും കൂടെ ഉണ്ടായിരിക്കാന്‍ സാധിച്ചതില്‍ സന്തോഷവതിയാണ്. എന്റെ കുടുംബം മാത്രമല്ല കേരളം മുഴുവന്‍ ഈ നേട്ടം ആഘോഷിക്കുകയാണ്.'' എന്നും സുചിത്ര പറയുന്നു.
അതേസമയം തന്റെ പുരസ്‌കാരം നേട്ടം മലയാള സിനിമയ്ക്കും കേരളസമൂഹത്തിനുമാണ് മോഹന്‍ലാല്‍ സമര്‍പ്പിച്ചത്. തനിക്കൊപ്പം അഭിനയിച്ചവര്‍ക്കും സംവിധായകര്‍ക്കും നിര്‍മാതാക്കള്‍ക്കുമെല്ലാം അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങവെ നന്ദി പറഞ്ഞു. തന്റെ സ്പന്ദനമാണ് സിനിമ എന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്.
ഹൃദയപൂര്‍വ്വം ആണ് മോഹന്‍ലാലിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത സിനിമ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഈ വര്‍ഷം മോഹന്‍ലാലിന്റേതായി 100 കോടി ക്ലബ്ബില്‍ ഇടം നേടുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയപൂര്‍വ്വം. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഹൃദയപൂര്‍വ്വം.