-->
നടന്‍ സൂര്യയുടെ പോലീസ് സുരക്ഷാ ഉദ്യോഗസ്ഥനായ( പിഎസ്ഒ) ആന്റണി ജോര്‍ജ് പ്രഭുവില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. സൂര്യയുടെ വീട്ടിലെ ജോലിക്കാരിയും കുടുംബവും ചേര്‍ന്ന് 42 ലക്ഷം രൂപ തട്ടിയെടുത്തതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.
ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് വീട്ടുവേലക്കാരിയായ സുലോചനയും മകനും ചേര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം നേടുന്നതിനായി, തുടക്കത്തില്‍ കൈമാറിയ ഒരു ലക്ഷം രൂപയ്ക്ക് പകരമായി അവര്‍ 30 ഗ്രാം സ്വര്‍ണം തിരികെ നല്‍കി. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ആന്റണി ജോര്‍ജ് 42 ലക്ഷം രൂപ കൈമാറിയെന്നും പോലീസ് പറഞ്ഞു.
പണം ലഭിച്ചശേഷം സുലോചനയും കുടുംബവും ഒളിവില്‍ പോയി. മാര്‍ച്ചില്‍ ഉദ്യോഗസ്ഥന്‍ പണം തിരികെ ആവശ്യപ്പെടാന്‍ തുടങ്ങിയതോടെയാണിത്. ഇവര്‍ ചെന്നൈയിലുടനീളം മറ്റു പലരെയും കബളിപ്പിച്ച് ഏകദേശം രണ്ടുകോടി രൂപ തട്ടിയെടുത്തതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ജൂലൈയിലാണ് പരാതിയുടെ അടിസ്ഥാനത്തില്‍ സുലോചനയ്ക്കും സംഘത്തിനുമെതിരേ കേസെടുത്തത്.
തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞയുടന്‍ സൂര്യ വീട്ടുവേലക്കാരിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. സൂര്യയുടെ വസതിയില്‍ വീട്ടുജോലി ചെയ്തിരുന്ന ബാലാജി, ഭാസ്‌കര്‍, സുലോചന, വിജയലക്ഷ്മി എന്നീ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരേ കുടുംബത്തിലെ അംഗങ്ങളായ ഇവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.