-->
ചില മനോഹരമായ വീഡിയോകള്‍ നമ്മുടെ ഹൃദയത്തെ ഏറെ സന്തോഷിപ്പിക്കാറുണ്ട്. ഇപ്പോഴിതാ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് നെറ്റീസണ്‍സ് ഏറ്റെടുത്തിരിക്കുന്നത്. 102 വയസുള്ള ഒരു സ്ത്രീയുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണമാണ് വീഡിയോയില്‍ കാണുന്നത്. ഇരുവരും കണ്ടുമുട്ടുന്ന ആ മനോഹരമായ നിമിഷങ്ങള്‍ അനേകങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടിരിക്കുന്നത്. 102 കാരിയായ സൂസനോട് ആ ദീര്‍ഘായുസിന്റെ രഹസ്യം എന്താണ് എന്നും ബരാക് ഒബാമ ചോദിക്കുന്നുണ്ട്.
'സൂസന്‍, 102 -ാമത്തെ വയസ്സിലും ഞാന്‍ നിങ്ങളെപ്പോലെ സൗന്ദര്യമുള്ളയാളായി കാണപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു' എന്ന കാപ്ഷനോടെയാണ് ഈ അതിമനോഹരമായ വീഡിയോ ഒബാമ ഷെയര്‍ ചെയ്തിരിക്കുന്നത്. വീഡിയോയില്‍, 'ഇവിടെ വരാനും ഇത്രയും അത്ഭുതകരമായ ഒരു വ്യക്തിയെ കാണാനും കഴിഞ്ഞതില്‍ വളരെ സന്തോഷം' എന്നാണ് സൂസന്‍ പറയുന്നത്. 'ശരി, എനിക്ക് എന്താണ് അറിയേണ്ടതെന്നതിനെ കുറിച്ച് നിങ്ങള്‍ക്കറിയാമോ... കുറച്ച് വര്‍ഷം കഴിയുമ്പോഴും നിങ്ങളെപ്പോലെ ആയിരിക്കാന്‍ ഞാന്‍ എന്താണ് കഴിക്കേണ്ടത്? അതോ ഇത് നല്ല ജീനായതുകൊണ്ട് മാത്രമാണോ ഇങ്ങനെ' എന്നാണ് ഒബാമ അവരോട് ചോദിക്കുന്നത്.
ഓരോ ചോദ്യങ്ങള്‍ക്കും സൂസന്റെ കൂടെ വന്നിരിക്കുന്നവരാണ് അതിനുള്ള മറുപടി നല്‍കുന്നത്. 'പച്ചക്കറി, കോണ്‍ബ്രെഡ്, ഒപ്പം എല്ലാ ദിവസവും രാവിലെ ബേക്കണും കഴിക്കും' എന്നാണ് മറുപടി. അത് ഒബാമയെ ചിരിപ്പിച്ചതായും വീഡിയോയില്‍ കാണാം. 'ഓ, അതായിരിക്കും ഡോക്ടര്‍ കഴിക്കാന്‍ പറഞ്ഞിരിക്കുന്നത്' എന്നും ഒബാമ തമാശയായി പറയുന്നുണ്ട്. 'നിങ്ങള്‍ എന്നെ കാണാന്‍ വന്നു എന്നതില്‍ എനിക്ക് വളരെ അധികം നന്ദിയുണ്ട്' എന്നും അദ്ദേഹം പറയുന്നത് കാണാം. പോകുമ്പോള്‍, ഒബാമ സൂസനെ ചുംബിക്കുന്നുണ്ട്. 'എന്തിന്റെ പേരിലാണെങ്കിലും ഈ കൂടിക്കാഴ്ച നഷ്ടപ്പെടുത്തരുതാത്തതാണ്' എന്നാണ് സൂസന്‍ പറയുന്നത്.
Susan, I hope I look as good as you at 102! pic.twitter.com/01CSm85krS— Barack Obama (@BarackObama) September 22, 2025