Sunday, March 15, 2026 Last Updated 49 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 12.26 PM

' വായിച്ചു പരിചയിച്ച നായകന്മാരുടെ എല്ലാം മുഖം മധുവിന്റേതായിരുന്നു' ; കുറിപ്പുമായി ശാരദകുട്ടി

actor

മലയാള സിനിമയുടെ കാരണവര്‍ മധുവിന്റെ 92-ാം ജന്മദിനം ആണിന്ന്. കലാ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ മധുവിന് ജന്മദിനാശംസകള്‍ നേരുകയാണ്. ഇപ്പോള്‍ എഴുത്തുകാരി ശാരദക്കുട്ടി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുകയാണ്.

'പ്രിയപ്പെട്ട ചലച്ചിത്രതാരം മധുവിന് ഇന്ന് 92 വയസ്സ് .വായിച്ചു പരിചയിച്ച നായകന്മാരുടെ എല്ലാം മുഖം മധുവിന്റേതായിരുന്നു. ഈ നടനാണ് മലയാളത്തിലെ മികച്ച നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളിയില്‍ അനശ്വരമാക്കിയത്. ചെമ്മീനിലെ പരീക്കുട്ടി, ഏണിപ്പടികളിലെ കേശവപിള്ള, ചുക്കിലെ മുതലാളി, ഓളവും തീരവും സിനിമയിലെ ബാപ്പുട്ടി, ഭാര്‍ഗ്ഗവീ നിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, നഖങ്ങളിലെ എസ്റ്റേറ്റ് മാനേജര്‍ , സിന്ദൂരച്ചെപ്പിലെ ആനക്കാരന്‍ ... എന്നും സൂപ്പര്‍ സ്റ്റാറായിരുന്നു. നിര്‍മ്മാതാവും സംവിധായകനുമായിരുന്നു. ജനപ്രിയനായിരുന്നു. ഇതൊന്നും തലക്കു പിടിച്ചിരുന്നതായി തോന്നിയിട്ടില്ല. അഭിമുഖങ്ങള്‍ കാണുമ്പോള്‍, യഥാര്‍ഥ കലാകാരനില്‍ മാത്രം സ്വാഭാവികമായ എളിമയും പരസ്പര ബഹുമാനവും.

പുതിയകാല സംവിധായകര്‍ പുതുനിര താരങ്ങളെ വെച്ച് തന്റെ പഴയകാല സൂപര്‍ഹിറ്റുകളായ ഓളവും തീരവും, ഭാര്‍ഗ്ഗവീ നിലയം ഒക്കെ പുനരാവിഷകരിക്കുമ്പോള്‍ അവരുടെ കഴിവിനെയും കാലം കൃതികള്‍ക്കു വരുത്തുന്ന മികവിനെയും മധുവിന് അഭിനന്ദിക്കാന്‍ കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. മധുവിന് ആരോടും ഒന്നിനോടും പരാതികളും പരിഭവങ്ങളും ഇല്ല. ആത്മരതിയും കുറ്റപ്പെടുത്തലുകളുമില്ല. തനിക്കു കിട്ടേണ്ടതിലധികം അംഗീകാരങ്ങള്‍ കിട്ടി എന്നേ പറയൂ . ജീവിക്കേണ്ടതിലധികം കാലം ജീവിച്ചു എന്നേ പറയൂ . പല സിനിമകളും ഇന്നു കാണുമ്പോള്‍ തനിക്ക് കുറച്ചു കൂടി നന്നാക്കാന്‍ കഴിയേണ്ടതായിരുന്നു എന്നേ പറയൂ. എന്നാല്‍ ഞാനൊന്നുമല്ലേ എന്ന കപട വിനയവുമില്ല. അതിവിനയവുമില്ല. കണ്ണുകളില്‍ ഇന്നും തിളങ്ങി നില്‍ക്കുന്നുണ്ട് താനാരെന്ന ശക്തമായ ആത്മവിശ്വാസം. അത്രക്ക് ആത്മവിശ്വാസമുള്ളവരില്‍ നിന്ന് മാത്രം കേള്‍ക്കാനാവുന്ന ദാര്‍ഢ്യം വാക്കുകളില്‍ . താനാരെന്ന് തന്റെ വാക്കുകളില്‍ നിന്നു തന്നെ കേള്‍പ്പിക്കാനുള്ള അല്‍പത്തമില്ലാത്ത കലാകാരന്‍ .

അദ്ദേഹത്തിന്റെ നായികമാരെ കുറിച്ചു ചോദിച്ചു നോക്കൂ. ഷീലയും ശാരദയും ജയഭാരതിയും ശ്രീവിദ്യയും വിധുബാലയും ലക്ഷ്മിയും സീമയും ഒക്കെ എത്രയോ പ്രതിഭാധനര്‍ . അവര്‍ക്കൊപ്പമൊക്കെ നല്ല റോളുകള്‍ ചെയ്യാന്‍ കഴിഞ്ഞത് കാലം തന്ന സൗഭാഗ്യമെന്നു പറയും മധു. മലയാളത്തിന്റെ ഏറ്റവും പ്രതിഭാധനരായ നായികമാരുടെ നായകനായിരുന്നതിലെ സംതൃപ്തി വാക്കുകളിലുണ്ട് . അതൊക്കെ അവരുടെ കൂടി സിനിമകളായിരുന്നു എന്ന സത്യത്തോടുള്ള ചേര്‍ന്നു നില്‍ക്കല്‍ മാത്രമാണത്. എത്ര പേരില്‍ കാണാന്‍ കഴിയും ഈ മനോഭാവം. കാരണവര്‍ ഭാവമില്ല. കാലം മാറുന്നുവെന്ന തിരിച്ചറിവുണ്ട്.സിനിമയിലെ ഏറ്റവും നല്ല സുഹൃത്തുക്കളാരെന്ന ചോദ്യത്തിന് ഒരഭിമുഖത്തില്‍, അടൂര്‍ ഭാസിയും ശങ്കരാടിയും എന്നായിരുന്നു മധുവിന്റെ ഉത്തരം. 'അടൂര്‍ ഭാസി ഗംഭീരമായി ഫലിതം സൃഷ്ടിക്കും. ശങ്കരാടിക്കാകട്ടെ സ്വയം ഫലിതമായി മാറാനുള്ള സിദ്ധിയുണ്ട്.' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുഭവ സമ്പന്നനും മികച്ച സംവിധായകനുമായ ഒരാളുടെ ശരിയായ നിരീക്ഷണമായിരുന്നു അത് എന്ന് തോന്നി.

പത്തു പുറത്തില്‍ നില്‍ക്കാവുന്ന ജീവിതമേ താന്‍ ജീവിച്ചിട്ടുള്ളു എന്ന് ഏറ്റവും ഒടുവിലെ അഭിമുഖത്തിലും പറയുന്നുണ്ട്. പുതിയ കാലത്ത് അധികം അഭിമുഖങ്ങള്‍ക്ക് നിന്നു കൊടുക്കാത്തതു കൊണ്ട് , കാലത്തിനിണങ്ങാത്ത സംഭാഷണങ്ങള്‍ അധികം കേള്‍ക്കേണ്ടി വന്നിട്ടില്ല. അതിജീവിത, കൂട്ടില്ലാതെ പുറത്തു പോകരുതായിരുന്നു എന്നതൊക്കെ ഒരു പഴയ മനസ്സിന്റെ ഭീതി മാത്രമാണ്. എനിക്കിഷ്ടമാണ് ഈ നടനെ. സത്യനവതരിപ്പിച്ച പാട്രിയാര്‍ക്കല്‍ ധാര്‍ഷ്ട്യമുള്ള പരുക്കന്‍ കഥാപാത്രങ്ങളുടെയും, പ്രേംനസീറിന്റെ ലോല, മസൃണ, ഫെമിനൈന്‍ സ്പര്‍ശമുള്ള സുന്ദര കഥാപാത്രങ്ങളുടെയും ഇടയില്‍ യാഥാര്‍ഥ്യത്തിന്റെ സ്പര്‍ശമുള്ള, യഥാര്‍ഥമനുഷ്യ കഥാപാത്രങ്ങളെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ചു മധു . സിനിമയില്‍ മികച്ചതൊക്കെ മധുവിനു തന്നെ കിട്ടി. കാട്ടുപൂക്കള്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, സ്വയംവരം, തീക്കനല്‍ , പ്രിയ, അപരന്‍ , ഹൃദയം ഒരു ക്ഷേത്രം , ഉമ്മാച്ചു, ആഭിജാത്യം ഇവയിലെ മധു അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഏറ്റവും പ്രിയപ്പെട്ടത്. മമ്മൂട്ടിയുടെ എന്നതു പോലെ മധുവിന്റെയും നെഗറ്റീവ് സ്പര്‍ശമുള്ള കഥാപാത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

മധു അഭിനയിച്ചവതരിപ്പിച്ച ഏറ്റവും പ്രിയപ്പെട്ട ചില ഗാനങ്ങള്‍
1 പുഷ്പമംഗലയാം ഭൂമിക്ക് വേളിപ്പുടവയുമായ് വരും
2 ആറ്റിനക്കരെയക്കരെ ആരാരോ
3. ചെമ്പകപ്പൂങ്കാവനത്തിലെ പൂമരച്ചോട്ടില്‍
4. അപാരസുന്ദര നീലാകാശം ..
5. ഏകാന്തതയുടെ അപാര തീരം
6. ആശ്ചര്യചൂഡാമണീ.. അനുരാഗപ്പാല്‍ക്കടല്‍ കടഞ്ഞു ...
7 മംഗളം നേരുന്നു ഞാന്‍ ..
8. പാതിരാത്തണുപ്പു വീണൂ
9. പ്രഭാതഗോപുര വാതില്‍ തുറന്നൂ പണ്ടു മനുഷ്യന്‍ വന്നൂ
10. വൃശ്ചികരാത്രി തന്‍ അരമന മുറ്റത്തൊരു ....
11. രാസലീലക്ക് വൈകിയതെന്തു നീ ...
12 അമ്പലപ്പുഴ വേല കണ്ടു ഞാന്‍
13. പൊന്നില്‍ കുളിച്ച രാത്രി ...
14. ശ്യാമസുന്ദര പുഷ്പമേ....
ഇനിയുമെത്ര പാട്ടുകള്‍.....
മധുവിന് ദീര്‍ഘായുസ്സും ആരോഗ്യവും ആശംസിക്കുന്നു. ആ പ്രതിഭക്കു മുന്നില്‍ ശിരസ്സു നമിക്കുന്നു. ഞങ്ങള്‍ മറക്കില്ല അങ്ങയുടെ കഥാപാത്രങ്ങളെ . ആദരിക്കുന്നു ആ തലയെടുപ്പിനെ .എസ് ശാരദക്കുട്ടി '.

ഹിന്ദി അധ്യാപകനായാണ് മധുവിന്റെ കരിയര്‍ തുടങ്ങിയത്. പിന്നീട് നാടക രംഗത്തേക്ക് എത്തി. രാമു കാര്യാട്ട് ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് എത്തിയത്. നായകന്‍, വില്ലന്‍, സഹനടന്‍ എന്നീ റോളുകളിലെല്ലാം മധു തിളങ്ങി.

ചെമ്മീന്‍, ഓളവും തീരവും, ഏണിപ്പടികള്‍, ഭാര്‍ഗവീ നിലയം, ഇതാ ഒരു മനുഷ്യന്‍, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാന്‍, നരന്‍ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. സംവിധായകന്‍, നിര്‍മാതാവ് എന്നീ റോളുകളിലും മധു തിളങ്ങി. 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. 15 ചിത്രങ്ങള്‍ നിര്‍മിച്ചു. 2004 ല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം നല്‍കി ആദരിച്ചു. 2013 ല്‍ പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW