-->
പ്രേതങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് നിരവധി ചര്‍ച്ചകള്‍ നടക്കാറുണ്ടെങ്കിലും ഇവയുടെ അസ്തിത്വം സംബന്ധിച്ച് ഒന്നും തന്നെ കണ്ടെത്താന്‍ ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എങ്കിലും നമ്മുടെ രാജ്യത്തിന്റെ പലയിടങ്ങളിലും ഇത് സംബന്ധിച്ച് നിരവധി വിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് പ്രേതത്തെ പേടിച്ച് അടച്ചിട്ടിരിക്കുന്ന ഇന്ത്യയിലെ ഒരു റെയില്‍വേ സ്‌റ്റേഷനെകുറിച്ചാണ്. കാരണം 42 വര്‍ഷമാണ് പ്രേതഭയത്തെ തുടര്‍ന്ന് ഈ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചിട്ടത്. പശ്ചിമബംഗാളിലെ ബെഗുന്‍കോദര്‍ ആണ് ഇത്തരത്തില്‍ പ്രേതഭയത്താല്‍ അടച്ചിട്ട റെയില്‍വേ സ്‌റ്റേഷന്‍. അര്‍ധരാത്രിയില്‍ വെളുത്ത വസ്ത്രം ധരിച്ച സ്ത്രീകളെ ഇവിടെ കാണാറുണ്ടെന്നും അതിനാല്‍ ഈ റെയില്‍വേ സ്‌റ്റേഷന്‍ പ്രേതബാധയുള്ളതാണെന്നും കരുതപ്പെട്ടു. ഇത്തരം പ്രേതകഥകളാല്‍ 42 വര്‍ഷമാണ് ബെഗുന്‍കോദര്‍ റെയില്‍വേ സ്‌റ്റേഷന്‍ അടച്ചിട്ടത്.
ബെഗുന്‍കോദര്‍ റെയില്‍വേ സ്‌റ്റേഷന് പരിസരത്തുള്ള ഗ്രാമവാസികള്‍ പറയുന്നത് അനുസരിച്ച് 1967ലാണ് ഒരു സ്ത്രീയുടെ പ്രേതത്തെ നാട്ടുകാര്‍ കണ്ടത്. വെള്ള സാരി ധരിച്ച ഒരു സ്ത്രീ ട്രാക്കിലൂടെ നടന്നു പോകുന്നത് കണ്ടെന്നായിരുന്നു ഒരു റെയില്‍വേ ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഒരു റെയില്‍വേ അപകടത്തില്‍ കൊല്ലപ്പെട്ട സ്ത്രീയാണ് അതെന്നായിരുന്നു കിംവദന്തികള്‍. എന്നാല്‍ ആളുകളോട് ഇതിനെക്കുറിച്ച് പറഞ്ഞെങ്കിലും ആരും അത് മുഖവിലയ്ക്ക് എടുത്തില്ല. ആ സ്ത്രീ പ്രത്യക്ഷപ്പെട്ടതു പോലെ തന്നെ പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്തു. ഇത് സ്ഥിരമായതോടെ റെയില്‍വേ ഉദ്യോഗസ്ഥര്‍ ഇവിടേക്ക് ജോലി ചെയ്യാന്‍ വരാന്‍ മടിച്ചു. എന്നാല്‍, ജോലിക്ക് പോകാന്‍ ധൈര്യം കാണിച്ച ഒരാള്‍ അടുത്ത ദിവസം കൊല്ലപ്പെടുകയും ചെയ്തു. ഇതോടെ ആളുകള്‍ ഭയപ്പെട്ടു.
പിന്നാലെ റെയില്‍വേ സ്‌റ്റേഷനിലെ സ്‌റ്റേഷന്‍ മാസ്റ്ററിനെയും കുടുംബത്തിനെയും ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇതെല്ലാം ആളുകളെ കൂടുതല്‍ ഭയത്തിലാക്കി. അമാനുഷിക പ്രതിഭാസങ്ങള്‍ കാരണം ട്രെയിനുകള്‍ ഈ സ്‌റ്റേഷനില്‍ നിര്‍ത്താതെ ആയി. 1990കളുടെ അവസാനത്തോടെ റെയില്‍വേ സ്‌റ്റേഷന്‍ വീണ്ടും തുറക്കണമെന്ന ആവശ്യവുമായി ഗ്രാമവാസികള്‍ രംഗത്തെത്തി. 2007ല്‍ പ്രദേശവാസികള്‍ അന്ന് റെയില്‍വേ മന്ത്രി ആയിരുന്ന മമത ബാനര്‍ജി, സിപിഎം നേതാവും ആ സമയത്ത് റെയില്‍വേയുടെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവുമായ ബസുദേബ് ആചാരി എന്നിവര്‍ക്ക് റെയില്‍വേ സ്‌റ്റേഷന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. നീണ്ട 42 വര്‍ഷങ്ങള്‍ക്ക് ശേഷം റെയില്‍വേ മന്ത്രി മമത ബാനര്‍ജി 2009 ഓഗസ്റ്റില്‍ ബെഗുന്‍കോദര്‍ റെയില്‍വേ സ്‌റ്റേഷന്‍ വീണ്ടും തുറന്നു.
ഏകദേശം പത്ത് ട്രയിനുകള്‍ ഇവിടെ പതിവായി നിര്‍ത്തിയിടാറുണ്ട്. സൂര്യസ്തമയത്തിനു ശേഷം പൊതുവേ യാത്രക്കാര്‍ ഈ റെയില്‍വേ സ്‌റ്റേഷന്‍ ഉപയോഗിക്കാറില്ല. ഇന്നും ഈ സ്‌റ്റേഷനിലൂടെ ട്രെയിനുകള്‍ കടന്നു പോകുമ്പോള്‍ ട്രെയിനിനുള്ളില്‍ പരിപൂര്‍ണ നിശ്ശബ്ദത ആയിരിക്കും.