Sunday, March 15, 2026 Last Updated 35 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Sep 2025 08.15 AM

‘മോഹൻലാലിന്റെ കാലം കഴിഞ്ഞുവെന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങി; ലാലേട്ടന്റെ വീഴ്ച്ച, വിരോധികൾ ആഘോഷമാക്കി...’ലാലേട്ടനയച്ച വാട്സ്അപ്പ് പങ്കിട്ട് അഖില്‍ മാരാര്‍

ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവായി മലയാളത്തിന്റെ അഭിമാനമായി മോഹന്‍ലാല്‍ മാറിയിരിക്കുമ്പോള്‍ ആശംസകള്‍ കൊണ്ട് നിറയ്ക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോഴിതാ അക്കൂട്ടത്തില്‍ അഖില്‍ മാരാര്‍ പങ്കിട്ട പോസ്റ്റ് ശ്രദ്ധിക്കപ്പെടുകയാണ്.
Mohanlal, Dadasaheb Phalke Award, Akhil Marar
Akhil Marar about mohanlal (Image Source: Instagram)

ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ സമഗ്ര സംഭാവനയ്ക്കായി നല്‍കുന്ന പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഇക്കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന് ലഭിച്ചുവെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. മോഹന്‍ലാലിനു പോലും അപ്രതീക്ഷിതമായിരുന്നു പുരസ്കാരം. എന്നാല്‍ രാജ്യം മുഴുവന്‍ ഈ സ​ന്തോഷം ആഘോഷിക്കുകയാണ്. അര്‍ഹതപ്പെട്ട അംഗീകാരം എന്നാണ് കലാസാംസ്കാരിക രാഷ്ട്രീയ മേഖലയിലെ പ്രമുഖരെല്ലാം സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്.
ആരാധകരും ഈ സന്തോഷം വലിയ രീതിയില്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. പല സഹതാരങ്ങളും സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന് കിട്ടിയ പുരസ്കാരത്തെക്കുറിച്ചും താരത്തിനുള്ള ആശംസകളും കുറിക്കുന്നുണ്ട്. അപ്രതീക്ഷിതമെന്ന് മോഹന്‍ലാലിന് തോന്നുമ്പോഴും തങ്ങളിത് പ്രതീക്ഷിച്ചിരുന്നുവെന്നാണ് പലരും കുറിക്കുന്നത്.
ഇപ്പോഴിതാ അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയാണ് സംവിധായകനും മുന്‍ ബിഗ് ബോസ് താരവുമായ അഖില്‍ മാരാരുടെ കുറിപ്പ്. വരാൻ പോകുന്ന വർഷങ്ങള്‍ മോഹൻലാല്‍ ആരാണെന്ന് ഒരിക്കല്‍ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉള്‍വിളി തനിക്ക് ഉണ്ടായിരുന്നുവെന്നും
മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങിയെന്നും അഖില്‍ കുറിപ്പില്‍ പറയുന്നു. ഒപ്പം താൻ മോഹൻലാലിന് അയച്ച മെസേജിന്റെ സ്ക്രീൻഷോട്ടും അഖില്‍ പങ്കുവെച്ചിട്ടുണ്ട്.
‘‘കുഞ്ഞാലി മരയ്ക്കാർ,എലോൺ,ആറാട്ട്, മോണ്സ്റ്റർ, ബറോസ്... മലയാളത്തിൽ മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന് ആരാധകർ പോലും ചിന്തിച്ചു തുടങ്ങി...ലാലേട്ടന്റെ വീഴ്ച്ച വിരോധികൾ ആഘോഷമാക്കി... ആത്മാവിനെ തിരിച്ചറിഞ്ഞ സത്സംഗിയായ ഒരു ത്യാഗിക്ക് സംഭവിക്കുന്നതെല്ലാം ഈശ്വര നിശ്ചയം മാത്രം...‘കർമന്യേ വാധി കാരസ്യേ മാ ഫലേശു കഥാ ചനാ...’അദ്ദേഹം കർമ്മത്തിൽ മാത്രം ശ്രദ്ധിച്ചു...
കഴിഞ്ഞ വർഷം അവസാനിക്കുമ്പോൾ ലാലേട്ടന് പുതുവത്സര ആശംസകൾ നേർന്ന എനിക്ക് വരാൻ പോകുന്ന വർഷങ്ങൾ മോഹൻലാൽ ആരാണെന്ന് ഒരിക്കൽ കൂടി ഇന്ത്യൻ സിനിമ അറിയും എന്ന ഉൾവിളി...അന്നത്തെ ആശംസ ഇന്നത്തെ യാഥാർഥ്യം ആയതിന്റെ സന്തോഷത്തിലാണ് ഞാനും... പ്രിയപ്പെട്ട ലാലേട്ടാ ഒരായിരം നന്ദി ഈ മലയാള മണ്ണിൽ ജനിചതിനും ഞങ്ങളുടെ ലാലേട്ടനായി മാറിയതിലും...അഭ്ര പാളിയിലെ അത്ഭുതം ഒരു വിഷുവിനു എനിക്ക് നൽകിയ കൈനീട്ടം പിന്നീട് ജീവിതത്തിൽ വന്ന മാറ്റങ്ങൾ എല്ലാത്തിനും ഒരായിരം സ്നേഹം...
NB : അതിയായ സന്തോഷം ആണ് ഈ സ്ക്രീൻ ഷോട്ടിനു ആധാരം...’’ എന്നാണ് അഖില്‍ മാരാര്‍ സ്ക്രീന്‍ഷോട്ടിനൊപ്പം കുറിച്ചിരിക്കുന്നത്. അഖിലിന്റെ പോസ്റ്റ് ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്. എങ്കിലും താരത്തിന്റെ ‘തള്ളല്‍’ കുറച്ചു കൂടിപ്പോയില്ലേ, ഇത്രയും ദീർഘ വീക്ഷണം ഉള്ള അണ്ണൻ ആ മുള്ളൻ കൊല്ലിയിൽ തീർത്ത കെണി കാണാതെ പോയല്ലോ,എന്നിട്ടും മുള്ളൻകൊല്ലിയിലെ അവസ്ഥ മുൻകൂട്ടി കാണാൻ കഴിഞ്ഞില്ലല്ലോ എന്നോർക്കുമ്പോഴാ...’ എന്നതടക്കം രസകരമായ കമന്റുകളുമുണ്ട്.
അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. സിനിമ തിയേറ്ററില്‍ പരാജയപ്പെടാന്‍ കാരണം അഖില്‍ മാരാര്‍ ആണെന്ന് നിര്‍മ്മാക്കള്‍ ആരോപിച്ചിരുന്നു. അതിനുള്ള മറുപടി അഖില്‍ മാരാര്‍ നല്‍കിയതോടെ വിവാദമായി മാറുകയും ചെയ്തിരുന്നു. മോഹന്‍ലാലിനെക്കുറിച്ചുള്ള പോസ്റ്റ് പങ്കിട്ടപ്പോഴും പലരും ഈ കാര്യം പറഞ്ഞാണ് അഖിലിനെ പരിഹസിക്കുന്നത്.

Ads by Google
Tuesday 23 Sep 2025 08.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW